തിരുവഞ്ചൂരും കൊടിക്കുന്നിലും ശാലുവിന്റെ വീട്ടില്‍; ചിത്രങ്ങള്‍ പുറത്തുവന്നു

Posted on: July 3, 2013 4:37 pm | Last updated: July 3, 2013 at 4:37 pm
ശാലു മേനോന്റെ ഗൃഹപ്രവേശനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുത്തതിന്റെ ചിത്രം. കടപ്പാട്: മനോരമാ ന്യൂസ്‌

കോട്ടയം: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയയായ നടി ശാലുമേനോന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. തിരുവഞ്ചൂരും കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷും ചടങ്ങില്‍ പങ്കെടുത്തുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. ഈ ചിത്രങ്ങള്‍ പോലീസ് ഇടപെട്ട് നശിപ്പിച്ചതായി പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. ബി ജെ പി നേതാവ് വി മുരളീധരന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, താന്‍ എടുത്ത പാലുകാച്ചല്‍ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പോലീസിന് സ്വമേധയാ കൈമാറിയതാണെന്ന് ഫോട്ടോ എടുത്ത സണ്ണി സ്വകാര്യ ചാനലിനോട് പറഞ്ഞു. തിരുവഞ്ചൂര്‍ ശാലുവിന്റെ വീട്ടില്‍ രണ്ടോ മൂന്നോ മിനുട്ട് മാത്രമാണ് നിന്നതെന്നും സണ്ണി വ്യക്തമാക്കി. താന്‍ ശാലുവിന്റെ വീട്ടില്‍ പോയിരുന്നുവെന്ന് തിരുവഞ്ചൂര്‍ നേരത്തെ തന്നെ സമ്മതിച്ചിട്ടുണ്ട്.