ടൂറിസം രംഗത്ത് റെക്കോര്‍ഡ് നേട്ടത്തോടെ കേരളം മുന്നില്‍

  Posted on: April 28, 2013 5:33 am | Last updated: April 28, 2013 at 5:33 am

  തിരുവനന്തപുരം: വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ സംസ്ഥാനത്തിന് റെക്കോര്‍ഡ് നേട്ടം. സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിലാണ് സംസ്ഥാനം റെക്കോഡ് നേടിയിരിക്കുന്നത്. 1.07 കോടി ആഭ്യന്തര വിനോദസഞ്ചാരികളും 7.93 ലക്ഷം വിദേശ വിനോദ സഞ്ചാരികളുമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെത്തിയത്. ഇതിലൂടെ സംസ്ഥാനത്തിന് 21,125 കോടി രൂപയാണ് വരുമാനം ലഭിച്ചത്. 2011 ല്‍ 19,037 കോടി രൂപയായിരുന്നു വരുമാനം. വിനോദസഞ്ചാര മേഖലയില്‍ 2011ല്‍ 4,221.99 കോടിയായിരുന്ന വിദേശ വരുമാനം 2012ല്‍ 4,548 കോടിയിലേക്ക് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. സ്ഥിതിവിവര കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ 8.28 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 7.41 ശതമാനമാണ് വര്‍ധന.

  വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ എറണാകുളം ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത്. 3,30,390 പേരാണ് കഴിഞ്ഞ വര്‍ഷം എറണാകുളത്ത് എത്തിയത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്. 2,42,739 പേരാണ് തലസ്ഥാനെത്തിയത്. 62,387 പേരെത്തിയ ഇടുക്കിയാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. പത്തനം തിട്ട ജില്ലയിലാണ് ഏറ്റവും കുറവ് വിനോദസഞ്ചാരികള്‍ എത്തിയത്. ജനുവരി മാസത്തിലാണ് വിദേശ വിനോദസഞ്ചാരികള്‍ കൂടുതലായി എത്തിയത്. 1,06,314 പേര്‍ ജനുവരിയിലും 1,03,220 പേര്‍ ഫെബ്രുവരിയിലും എത്തി. ജൂണിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് വിനോദ സഞ്ചാരികള്‍ എത്തിയത്. 28,280 പേര്‍. 2011 ല്‍ 7.15 ലക്ഷവും 2010ല്‍ 6.59 ലക്ഷവും വിദേശ വിനോദസഞ്ചാരികളാണ് സംസ്ഥാനത്തെത്തിയത്.
  ഏറ്റവുമധികം ആഭ്യന്തര ടൂറിസ്റ്റുകള്‍ എത്തിയതും എറണാകുളം ജില്ലയിലാണ്. 23,51,631 പേരാണ് ഇവിടെയെത്തിയത്. രണ്ടാം സ്ഥാനം തൃശൂര്‍ ജില്ലക്കാണ.് 22,13,893പേര്‍. തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്താണ്. 14,08,688 പേരാണ് കഴിഞ്ഞ വര്‍ഷം തലസ്ഥാനം സന്ദര്‍ശിച്ചത്. 96, 893 പേരെത്തിയ പത്തനംതിട്ടയിലാണ് വിനോദസഞ്ചാരികളുടെ എണ്ണം ഏറ്റവും കുറവ്. ഡിസംബര്‍ മാസത്തിലാണ് ആഭ്യന്തര ടൂറിസ്റ്റുകള്‍ കൂടുതലായി എത്തിയത്. 11,23,555 പേരാണ് എത്തിയത്. 6,79,215 പേരെത്തിയ ജൂലൈയിലാണ് ഏറ്റവും കുറവ് സഞ്ചാരികള്‍ എത്തിയത്.
  സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ ഉപയോഗവും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹകരണവുമാണ് ടൂറിസം മേഖലക്ക് നേട്ടം കൊയ്യാന്‍ സഹായകമായതെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ അന്താരാഷ്ട്ര മേളകളും രാജ്യത്തിനകത്തും പുറത്തും നടത്തുന്ന റോഡ് ഷോകളും ടൂറിസത്തിന്റെ വളര്‍ച്ചക്ക് സഹായകമായിട്ടുണ്ട്.
  സംസ്ഥാനത്ത് ദിവസവും എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കണക്കാക്കുന്നതിന് ടൂറിസം വകുപ്പ് നടത്തിയ സര്‍വേയിലാണ് ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന കൃത്യമായി കണക്കാക്കാനായത്.