സ്വകാര്യ സര്‍വകലാശാലകള്‍ പരിഗണനയില്‍: അബ്ദുര്‍റബ്ബ്

Posted on: April 24, 2013 6:00 am | Last updated: April 23, 2013 at 11:32 pm

കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാറിന്റ പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. കൗണ്‍സില്‍ ഓഫ് പ്രിന്‍സിപ്പല്‍സ് ഓഫ് കോളജസ് ഇന്‍ കേരള (പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍) വാര്‍ഷികത്തോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡീംഡ് യൂനിവേഴ്‌സിറ്റിയും ഓട്ടോണമസ് കോളജും പോലെ പുതിയ ആശയമാണ് സ്വകാര്യ സര്‍വകലാശാലകള്‍. സര്‍ക്കാറിന്റെ അടുത്ത നടപടിയായി ഇക്കാര്യം ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്ന കാര്യത്തില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കോളജുകളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ കൊണ്ടു വരുന്ന പദ്ധതികളെ, നല്ല വശം കാണാതെ കോടതി വിമര്‍ശിക്കുന്നത് പ്രായാസമുണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുണ്ടായ കോടതി തീരുമാനങ്ങള്‍ മാറ്റിയെടുക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി സി അനിയന്‍കുഞ്ഞ്് അധ്യക്ഷനായി. കോളജ് വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ഡോ. പി കെ വേലായുധന്‍, ജനറല്‍ സെക്രട്ടറി ഡോ. എം ഉസ്മാന്‍, ഫാദര്‍ ഡോ. മാത്യു മലേപറമ്പില്‍, ഡോ. എ ബിജു സംസാരിച്ചു. ബെസ്റ്റ് അസോസിയേറ്റ് എന്‍ സി സി ഓഫീസര്‍ക്കുള്ള ദേശീയാംഗീകാരം ലഭിച്ച ചങ്ങനാശേരി എന്‍ എസ് എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജനെ ചടങ്ങില്‍ ആദരിച്ചു.