ഡോള്‍ഫിന്‍ കണ്‍സ്ട്രക്ഷന്‍സ് തൊഴില്‍ പ്രശ്‌നം വഴിത്തിരിവിലേക്ക്

Posted on: April 22, 2013 4:51 pm | Last updated: April 22, 2013 at 4:51 pm

ദുബൈ:ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് നിര്‍മാണ വിഭാഗത്തിലെ തൊഴില്‍ പ്രശ്‌നം വഴിത്തിരിവിലേക്ക്. കമ്പനിക്കെതിരെ തൊഴില്‍ മന്ത്രാലയം കര്‍ശന നടപടികള്‍ സ്വീകരിക്കും. ബേങ്ക് ഗ്യാരണ്ടി ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്. എന്നാല്‍, തൊഴിലാളികള്‍ക്കുള്ള കുടിശ്ശിക തീര്‍ക്കാന്‍ ബേങ്ക് ഗ്യാരണ്ടി പോരെന്നാണ് വിലയിരുത്തല്‍. 

കമ്പനിയുടെ ആസ്തികള്‍ ലേലം ചെയ്ത് പണം സ്വരൂപിച്ച് തൊഴിലാളികള്‍ക്ക് നല്‍കിയാകും പ്രശ്‌നം പരിഹരിക്കുക. തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ്, ദുബൈ-ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ തുടങ്ങിയവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് കമ്പനി ഉദ്യോഗസ്ഥന്‍ തൃശൂര്‍ സ്വദേശി എല്‍സണ്‍ പറഞ്ഞു.
‘എനിക്ക് നാലുമാസത്തെ ശമ്പളവും സേവനാനന്തര ആനുകൂല്യങ്ങളും അടക്കം ഏതാണ്ട് 80,000 ദിര്‍ഹം ലഭിക്കാനുണ്ട്. നവംബറിലെ ശമ്പളമാണ് ഫെബ്രുവരിയില്‍ ലഭിച്ചത്. അതിനു ശേഷം ശമ്പളം ലഭിച്ചില്ല. ഷാര്‍ജയില്‍ കുടുംബമായി താമസിക്കുന്ന ആളാണ് ഞാന്‍. എന്നെക്കാള്‍ ദുരിതം അനുഭവിക്കുന്ന നൂറുകണക്കിനാളുകള്‍ കമ്പനിയിലുണ്ട്. സോനാപൂരിലെ തൊഴിലാളി ക്യാമ്പില്‍ 700 ഓളം പേര്‍ പട്ടിണിയിലാണ്. രണ്ടു ദിവസത്തെ ഭക്ഷണം തൊഴില്‍ മന്ത്രാലയം എത്തിച്ചു. കോണ്‍സുലേറ്റും സഹായിക്കാമെന്ന് ഏറ്റിറ്റുണ്ട്’-എല്‍സണ്‍ പറഞ്ഞു.
ഡോള്‍ഫിന്‍ ഗ്രൂപ്പിന് നിരവധി ശാഖകളുണ്ട്. നിര്‍മാണശാഖയിലാണ് തൊഴില്‍ പ്രശ്‌നമുള്ളത്. ദുബൈ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല. തൊഴിലാളികള്‍ ജോലിസ്ഥലത്ത് ഹാജരാകുന്നില്ല. ഇതുകാരണം കമ്പനിയും നിക്ഷേപകരും സംഘര്‍ഷത്തിലാണ്.
ഗുജറാത്ത് സ്വദേശി സുധീര്‍ കുമാര്‍ ആണ് കമ്പനിയുടമ. 13 വര്‍ഷമായി കമ്പനി സ്ഥാപിച്ചിട്ട്. 400 ഓളം കരാര്‍ ഏറ്റെടുത്തു നത്തിയ കമ്പനി കഴിഞ്ഞ വര്‍ഷമാണ് പ്രതിസന്ധിയിലായത്. തൊഴിലുടമ വഞ്ചിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 700 പേരടക്കം 1,700 ഓളം പേര്‍ കമ്പനിയിലുണ്ട്. ഇതില്‍, നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരും കുറവല്ല. ഇതിനിടയില്‍ ചില ജീവനക്കാര്‍ ഖിസൈസ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.