നഗരസഭക്കെതിരെ ഹൈക്കോടതിയില്‍ പരാതി

Posted on: April 20, 2013 6:00 am | Last updated: April 20, 2013 at 12:35 am

കോട്ടക്കല്‍: മൈലാടി പ്രശ്‌നത്തില്‍ നഗരസഭക്കെതിരെ ജനകീയ കമ്മിറ്റി ഹൈക്കോടതിയില്‍ പരാതി നല്‍കി. കോടതിയെ തെറ്റിധരിപ്പിക്കുകയും മനുഷ്യാവകാശ നിഷേധം നടത്തുകയും ചെയ്യന്നതിനെതിരെയാണ് പരാതി. ജനങ്ങളെയും കോടതിയേയും തെറ്റിധരിപ്പിച്ച നഗരസഭാ ഭരണ വര്‍ഗത്തെ വിശ്വാസിക്കാനാകില്ലെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പുത്തൂര്‍ തോട് വിവാദത്തില്‍ നാട്ടുകാര്‍ ഓട മൂടിയപ്പോള്‍ ഉടന്‍ ഐറീഷ് മോഡല്‍ ഓവുചാലുകള്‍ നിര്‍മിക്കുമെന്നറിയിച്ച നഗരസഭ ഇന്നും ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നിരിക്കെ മൈലാടി വിഷയത്തില്‍ നടത്തുന്നതും ഇത്തരം പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് ജനകീയ കമ്മിറ്റി കുറ്റപ്പെടുത്തി. മൈലാടിയില്‍ പ്ലാന്റ് വരുന്ന അന്ന് ഇതിനെതിരെ പ്രദേശ വാസി ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുമെന്നും ബയോഗ്യാസ് നിര്‍മിക്കുമെന്നും സത്യവാങ് മൂലം നല്‍കി കോടതിയെ തെറ്റി ധരിപ്പിച്ച് അനുകൂല വിധി നേടിയെടുക്കുകയായിരുന്നു. പുത്തൂര്‍ തോട് വിവാദത്തിലും മൈലാടി വിഷയത്തിലും ജനങ്ങളെയും കോടതിയേയും തെറ്റിധരിപ്പിക്കുന്ന നഗരസഭയെ വിശ്വസിക്കാനാകില്ല. ഹൈകോടതി വിധി വരും വരെ സമര വുമായി മുന്നോട്ട് പോകാനാണ് ജനകീയ കമ്മിറ്റിയുടെ തീരുമാനം.