Connect with us

Kerala

ഇ-ഡിസ്ട്രിക്ട് പദ്ധതി ഒരു വര്‍ഷത്തിനകം എല്ലാ ജില്ലകളിലും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭരണകാര്യങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതി ഒരു വര്‍ഷത്തിനകം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി കെ എം മാണി. ഇ-ടെണ്ടറിനൊപ്പം അടക്കേണ്ട ഫീസും നിരതദ്രവ്യവും ഓണ്‍ലൈനില്‍ അടക്കുന്നതിനുള്ള ഇ-പേയ്‌മെന്റ് സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന മൊബൈല്‍ ഉപയോഗം പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ സേവനങ്ങള്‍ മൊബൈല്‍ വഴി ലഭ്യമാക്കുന്ന എം-ഗവേണ്‍ണന്‍സ് പദ്ധതി സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ചിലവ് കുറഞ്ഞ വിവരസാങ്കേതിക വിദ്യയിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എം-ഗവേണ്‍ണന്‍സിലൂടെ കഴിയും. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭരണകാര്യങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാകുന്ന വിധത്തില്‍ ഇ-ഗവേര്‍ണന്‍സ് പൂര്‍ണമാകുന്നതോടെ ഭരണം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാകും. ഇതോടെ ജനാധിപത്യ സംവിധാനം കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ ടെണ്ടറിനൊപ്പം നല്‍കേണ്ട ദര്‍ഘാസ് തുകയും നിരതദ്രവ്യവും പണമായോ ഡിമാന്റ് ഡ്രാഫ്റ്റായോ അടക്കുന്ന നിലവിലെ സമ്പ്രദായത്തിന് പകരമാണ് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നത്. ടെന്‍ഡറില്‍ തിരഞ്ഞെടുക്കപ്പെടാത്ത കരാറുകാരുടെ നിരതദ്രവ്യ തുക ഉടന്‍ അവരുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനിലൂടെ തന്നെ മടക്കി നല്‍കും. കരാറുകാരില്‍ നിന്ന് സര്‍ക്കാറിന് ലഭിക്കേണ്ട തുകയും കരാറില്‍ പങ്കെടുത്തവര്‍ക്ക് തിരികെ നല്‍കേണ്ട തുകയും ഓണ്‍ലൈനിലൂടെ നല്‍കുന്ന പ്രഥമ സംവിധാനമെന്ന പദവി കേരളത്തിന് കൈവന്നിരിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇ-ഗവേര്‍ണന്‍സ്് സംവിധാനം നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ തലത്തിലെ അഴിമതിയും, ചുവപ്പുനാടയും പദ്ധതികളുടെ കാലതാമസവും ഒഴിവാക്കാനാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഭരണം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാകാന്‍ ഇ-ഗവേര്‍ണന്‍സ് സംവിധാനം സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഐ ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയ്, എസ് ബി ടി മാനേജിംഗ് ഡയറക്ടര്‍ പി നന്ദകുമാര്‍, ഐ ടി മിഷന്‍ ഡയറക്ടര്‍ ഡോ. സി ജയശങ്കര്‍ പ്രസാദ് പങ്കെടുത്തു.

 

Latest