മണ്ണൂര്‍കടവ് പാലം പണി ഇഴയുന്നു

Posted on: April 13, 2013 6:03 am | Last updated: April 13, 2013 at 1:04 am

ശ്രീകണ്ഠപുരം: മണ്ണൂര്‍കടവ് പാലത്തിന്റെ നിര്‍മാണമാരംഭിച്ച് മൂന്ന് വര്‍ഷത്തിലേറെയായെങ്കിലും പകുതി പണി പോലും പൂര്‍ത്തിയാകാതെ ഇഴയുന്നു. വിരലിലെണ്ണാവുന്ന തൊഴിലാളികളെ വെച്ച് പേരിന് മാത്രമാണ് പണി നടത്തുന്നത്. 177.50 മീറ്റര്‍ നീളവും ഒമ്പത് മീറ്റര്‍ വീതിയുമുള്ള പാലത്തിന് 2010 ഫെബ്രുവരി ഒന്നിനാണ് ശിലാസ്ഥാപനം നടത്തിയത്. 11 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണം 18 മാസം കൊണ്ട് പൂര്‍ത്തിയാകുമെന്നായിരുന്നു ശിലാസ്ഥാപന സമയത്ത് കരാറുകാരായ എറണാകുളത്തെ സൂര്യ കണ്‍സ്ട്രക്ഷന്‍സ് മന്ത്രിക്ക് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മൂന്ന് സ്പാനുകളുള്‍പ്പെടെയുള്ളവയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. മഴ തുടങ്ങിയാല്‍ പുഴയില്‍ വെള്ളം കയറുന്നതോടെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കേണ്ടി വരും. എന്നിട്ടും അധികൃതര്‍ നിസംഗത കാണിക്കുകയാണെന്നാണ് ആരോപണം. മാത്രമല്ല ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് നിര്‍മാണം നടത്തുന്നതെന്നും ആക്ഷേപമുണ്ട്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയെ മട്ടന്നൂര്‍ നഗരസഭയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് മണ്ണൂര്‍ കടവ് പാലം.