Connect with us

Kerala

കൊച്ചി മെട്രോ നഗരമാകുന്നു

Published

|

Last Updated

കൊച്ചി: കൊച്ചിയെ മെട്രോ നഗരമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ഇതു സംബന്ധിച്ച് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് ഡിപ്പാര്‍ട്ടുമെന്റിലെ വിദഗ്ധ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ പരിഗണനക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന് സംസ്ഥാന മന്ത്രിസഭയുടെയും തുടര്‍ന്ന് കേന്ദ്രമന്ത്രി സഭയുടെയും അംഗീകാരം ലഭിക്കുന്നതോടെ കൊച്ചി മെട്രോ പദവിയിലേക്കുയരും. മൂന്ന് മാസത്തിനകം ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.

എറണാകുളത്തിന് പുറമേ കോട്ടയം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ 17 നഗരസഭകളും 118 പഞ്ചായത്തുകളും കൊച്ചി കോര്‍പറേഷനും ഉള്‍പ്പെടുത്തിയാണ് മെട്രോ കൊച്ചിയെ രൂപപ്പെടുത്തുന്നത്. 17 നിയോജക മണ്ഡലങ്ങള്‍ മെട്രോയുടെ പരിധിയില്‍ വരും. 2,400 സ്‌ക്വയര്‍ കിലോമീറ്ററില്‍ 34 ലക്ഷം ജനസംഖ്യയുള്ളതാകും മെട്രോപോളിറ്റന്‍ കൊച്ചി. തൃശൂര്‍ ജില്ലയിലെ ചാലക്കുടി, കൊടുങ്ങല്ലൂര്‍, മാള, കോട്ടയം ജില്ലയിലെ വൈക്കം, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പ്രദേശങ്ങള്‍ മെട്രോ നഗര പരിധിയില്‍ വരും. അതേസമയം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരങ്ങളെ മെട്രോ പദവിയില്‍ നിന്ന് ഒഴിവാക്കും. കാര്‍ഷിക പ്രദേശങ്ങളായതിനാലാണ് ഈ നഗരസഭാ പ്രദേശങ്ങളെ ഒഴിവാക്കുന്നത്. നേരത്തെ ജി സി ഡി എ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ നഗരങ്ങളുള്‍പ്പെടെ 46 ലക്ഷം ജനസംഖ്യയുള്ള 36,000 സക്വയര്‍ കിലോമീറ്റര്‍ പ്രദേശങ്ങളെയാണ് മെട്രോപോളിറ്റന്‍ നഗരത്തില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ടൗണ്‍ പ്ലാനിംഗ് വകുപ്പ് തുടര്‍ന്ന് നടത്തിയ വിശദമായ പഠനത്തിനൊടുവിലാണ് പുതിയ ഘടന തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ആറാമത്തെ മെട്രോ പോളിറ്റന്‍ നഗരം കൊച്ചിയായിരിക്കുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ സര്‍ക്കാറും ജി സി ഡി എയും മുന്നോട്ട് കൊണ്ടുപോയത്. കൊച്ചിയുടെ മെട്രോ പദവി സംബന്ധിച്ച ടൗണ്‍ പ്ലാനിംഗ് വകുപ്പിന്റെ ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുകയാണ് അടുത്ത പടി. അതിന് ശേഷമാണ് ഇക്കാര്യം കേന്ദ്ര നഗര വികസന മന്ത്രാലയം അംഗീകാരത്തിനായി പരിഗണിക്കുക.
മെട്രോ പദവി ലഭിക്കുന്നതോടെ ഡല്‍ഹിക്കും മുംബൈക്കും ഹൈദരാബാദിനും ചെന്നൈക്കും കൊല്‍ക്കത്തക്കും കിട്ടുന്നത് പോലെ നഗരത്തിലെ അടിസ്ഥാന വികസനത്തിനായി കോടികളുടെ കേന്ദ്രഫണ്ട് കൊച്ചിക്കും ലഭിക്കും. മെട്രോ പദവി ലഭിക്കുന്നതോടെ നിലവുള്ള ഗ്രേറ്റര്‍ കൊച്ചി ഡെവലപ്‌മെന്റ് അതോറിറ്റി(ജി സി ഡി എ) ഇല്ലാതാകും. പകരം മെട്രോ വികസന അതോറിറ്റി നിലവില്‍ വരും. മുഖ്യമന്ത്രി ചെയര്‍മാനായ മെട്രോപോളിറ്റന്‍ കൗണ്‍സിലിന്റെ ഭാഗമായിരിക്കും അതോറിറ്റി. എം എല്‍ എമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അടങ്ങുന്നതാകും കൗണ്‍സില്‍. തീരപ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദൂരപരിധി 15 മീറ്ററായി കുറയും. ദൂരപരിധിയുടെ പേരില്‍ തടസപ്പെട്ടുകിടക്കുന്ന നിരവധി പദ്ധതികള്‍ക്ക് ഇതോടെ ശാപമോക്ഷമാകുമെന്നാണ് പ്രതീക്ഷ.