ലിംഗായത്ത്, വൊക്കലിഗ സമ്മര്‍ദം; കോണ്‍ഗ്രസിന് സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയാകുന്നു

Posted on: April 2, 2013 6:00 am | Last updated: April 2, 2013 at 1:13 am

ബംഗളൂരു: കര്‍ണാടകയില്‍ സ്ഥാനാര്‍ഥിനിര്‍ണയം കോണ്‍ഗ്രസിന് വലിയ തലവേദനയാകുന്നു. പട്ടിക പുറത്തിറക്കുന്നത് വൈകിപ്പിക്കുന്നതിലൂടെ പ്രശ്‌നം നീട്ടിക്കൊണ്ടുപോകാമെന്നല്ലാതെ പരിഹാരമാകുന്നില്ല. ഇന്നലെ പുറത്തിറക്കുമെന്ന് പറഞ്ഞ പ്രാഥമിക പട്ടിക ഒരിക്കല്‍ കൂടി നീട്ടിയിരിക്കുകയാണ്. മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ട് വിവിധ ജാതി വിഭാഗങ്ങളും സമുദായങ്ങളും നേതാക്കള്‍ക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കിയതോടെയാണ് സ്ഥാനാര്‍ഥിനിര്‍ണയം കീറാമുട്ടിയായിരിക്കുന്നത്. നേതാക്കളുടെ ആശ്രിതരുടെയും കുടംബക്കാരുടെയും സ്ഥാനാര്‍ഥി മോഹങ്ങള്‍ വേറെയും. പ്രബല സമുദായങ്ങളായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളാണ് ഡല്‍ഹിയില്‍ ടിക്കറ്റിനായി കടുത്ത ലോബീയിംഗ് നടത്തുന്നത്.
എ ഐ സി സി സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഈ സമുദായങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പ്രാതിനിധ്യമേ ഇല്ലെന്ന് ഇരു സമുദായ നേതാക്കളും ആരോപിക്കുന്നു. കെ പി സി സി പ്രസിഡന്റ് ജി പരമേശ്വരയും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും മാത്രമാണ് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഉള്ളത്. ഇവരില്‍ പരമേശ്വര പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ളയാളും സിദ്ധരാമയ്യ കുറുബ വിഭാഗത്തില്‍ നിന്നുള്ളയാളുമാണ്.
200 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയായെന്നാണ് അറിയുന്നത്. എന്നാല്‍ ‘കലാപം’ ഭയന്ന് പുറത്തു വിടുന്നത് വൈകിപ്പിക്കുകയാണ് നേതൃത്വം. മാണ്ഡ്യ, രാജാജിനഗര്‍, ബെല്ലാരി സിറ്റി തുടങ്ങിയ മണ്ഡലങ്ങളാണ് കേന്ദ്ര നേതൃത്വത്തിന്റെ നെഞ്ചിടിപ്പേറ്റുന്നത്. ഇവിടങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് സ്ഥാനാര്‍ഥി മോഹികള്‍. ബി ജെ പി, കെ ജെ പി തുടങ്ങിയ കക്ഷികള്‍ ഈ സീറ്റുകളിലെ വിജയം അഭിമാന പ്രശ്‌നമായി എടുത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം കുറ്റമറ്റതാക്കണമെന്ന സമ്മര്‍ദവും കേന്ദ്ര നേതൃത്വം അനുഭവിക്കുന്നു.
വൊക്കലിഗ സമുദായത്തിന്റെ വക്താവായി മുന്‍ വിദേശകാര്യ മന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണ തന്നെ രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വൊക്കലിഗയില്‍ നിന്നുള്ള നേതാക്കള്‍ ബംഗളൂരുവില്‍ യോഗം ചേര്‍ന്നുവെന്നും സമുദായത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം ഹൈക്കമാന്‍ഡിന് അയച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. 57 മണ്ഡലങ്ങളിലെങ്കിലും വൊക്കലിഗക്കാരെ മത്സരിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. പഴയ മൈസൂര്‍, ബംഗളൂരു, ബംഗളൂരു റൂറല്‍, രാംനഗര്‍, തുംകൂര്‍, കോളാര്‍, ചിക്കബെല്ലാപൂര്‍, മാണ്ഡ്യ, മൈസൂര്‍, ഹാസന്‍ എന്നീ ജില്ലകളിലാണ് ഈ മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും. 76 മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നാണ് സമുദായ നേതാക്കള്‍ പറയുന്നത്. എന്നാല്‍ വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള 35 പേര്‍ക്ക് മാത്രമേ ഹൈക്കമാന്‍ഡ് തയ്യാറാക്കിയ പട്ടികയില്‍ ഇടം കിട്ടിയിട്ടുള്ളൂവത്രേ.
കേന്ദ്ര മന്ത്രിസഭയില്‍ നിന്നിറങ്ങിയ ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ കാര്യമായ സ്ഥാനം നേടിയെടുക്കാനാകാത്ത കൃഷ്ണ, താനിവിടെയുണ്ടെന്ന് തെളിയിക്കാനുള്ള മാര്‍ഗമായാണ് വൊക്കലിഗ വക്താവ് കളിയെ കാണുന്നത്. എന്നാല്‍ പ്രചാരണ കമ്മിറ്റിയില്‍ പോലും അദ്ദേഹത്തിന് കാര്യമായ സ്ഥാനം ലഭിച്ചിട്ടില്ല. ലിംഗായത്ത് നേതാവ് വീരണ്ണ നയിക്കുന്ന കമ്മിറ്റിയിലെ വെറും അംഗം മാത്രമാണ് കൃഷ്ണ.
സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷംനൂര്‍ ശിവശങ്കരപ്പയാണ് പാര്‍ട്ടിയിലെ ലിംഗായത്ത് താത്പര്യങ്ങള്‍ക്കായി കരുക്കള്‍ നീക്കുന്നത്. അദ്ദേഹവും പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ലിംഗായത്ത് സംഘടനയായ അഖില ഭാരത വീരശൈവ മഹാസഭയുടെ ബാനറിലായിരുന്നു യോഗം. ഇവരും ഹൈക്കമാന്‍ഡിന് നിവേദനം നല്‍കിയിട്ടുണ്ട്. 70 മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ വേണമെന്ന് അവര്‍ വാദിക്കുന്നു. ശിവശങ്കരപ്പക്ക് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്പദത്തില്‍ കണ്ണുണ്ടായിരുന്നു. അത് കൈവിട്ടതോടെ അദ്ദേഹം സംസ്ഥാന നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങി. ഇത് അദ്ദേഹത്തിന് വലിയ വിനയായി. ലിംഗായത്ത് വക്താവായി നിലകൊള്ളുക വഴി നഷ്ടപ്പെട്ട സ്വാധീനം തിരിച്ചു പിടിക്കാനാകുമോയെന്നാണ് ശിവശങ്കരപ്പ നോക്കുന്നത്. ഇത് നേതൃത്വം മനസ്സിലാക്കുന്നുണ്ട്. പ്രചാരണ സമിതി അധ്യക്ഷനായി ലിംഗായത്ത് സമുദായത്തില്‍ നിന്നു തന്നെയുള്ള വീരണ്ണയെ നിയോഗിച്ചത് ശിവശങ്കരപ്പക്ക് ശക്തമായ സന്ദേശം നല്‍കാന്‍ വേണ്ടി തന്നെയാണ്.
മുസ്‌ലിംകള്‍ക്കായി 28 മണ്ഡലങ്ങള്‍ നീക്കിവെക്കണമെന്നാവശ്യപ്പെട്ട് സി കെ ജഅ്ഫര്‍ ശരീഫിന്റെയും റഹ്മാന്‍ ഖാന്റെയും നേതൃത്വത്തിലുള്ള നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കാണിച്ച് മുസ്‌ലിം നേതാക്കളും ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനായി ചുതലപ്പെടുത്തിയ സമിതിയുടെ അധ്യക്ഷന്‍ സി എം ഇബ്‌റാഹിം ആണ്.
മല്ലജമ്മാ, സുമാ വസന്ത്, ഗിരിജാ നായിക് തുടങ്ങിയ വനിതാ നേതാക്കള്‍ സോണിയാ ഗാന്ധിയുടെ വസതിക്ക് മുമ്പില്‍ ഞായറാഴ്ച ധര്‍ണ നടത്തിയിരുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം പോരെന്നാരോപിച്ചായിരുന്നു ധര്‍ണ.
കര്‍ണാടകയില്‍ വിജയമുറപ്പിക്കാന്‍ മേല്‍നോട്ടം വഹിക്കുന്ന ആന്റണി കമ്മിറ്റി വെച്ച നിര്‍ദേശങ്ങളെല്ലാം ഈ കൂട്ടക്കുഴപ്പങ്ങള്‍ക്കിടയില്‍ ജലരേഖയാകുകയാണ്. മൂന്ന് തവണ തുടര്‍ച്ചയായി തോറ്റവര്‍ക്ക് ടിക്കറ്റ് നല്‍കരുതെന്ന് നിര്‍ദേശം പാലിക്കാന്‍ പാര്‍ട്ടിക്കായില്ലെന്നാണ് അറിയുന്നത്. അതുപോലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20,000ത്തില്‍ കൂടുതല്‍ വോട്ടുകള്‍ക്ക് തോറ്റവര്‍ക്കും സീറ്റ് കൊടുക്കരുതെന്ന നിര്‍ദേശമുണ്ട്. പത്മനാഭനഗറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 39,784 വോട്ടുകള്‍ക്ക് തോറ്റ ഗുരപ്പ നായിഡു ഇത്തവണയും പട്ടികയിലുണ്ട്. മാളൂരില്‍ കെട്ടി വെച്ച കാശ് പോയ കൃഷ്ണ സിംഗും സ്ഥാനാര്‍ഥി പട്ടികയില്‍ കയറിപ്പറ്റിയിരിക്കുന്നു.