ഇറാന്‍ ആണവ നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ഉപരോധത്തില്‍ ഇളവ്: യു എസ്‌

Posted on: February 27, 2013 7:26 am | Last updated: March 6, 2013 at 12:33 pm

വാഷിംഗ്ടണ്‍: ആണവ പരിപാടികളില്‍ ഇറാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ഉപരോധത്തില്‍ ഇളവ് വരുത്താന്‍ ലോക ശക്തികള്‍ തയ്യാറാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ ഈ ആഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ഇത്തരമൊരു ഉറപ്പ് നല്‍കാന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ കടുത്ത സാമ്പത്തിക ഉപരോധം രാജ്യം നേരിടേണ്ടിവരും. മറ്റ് മേഖലകളിലേക്കും ഉപരോധം വ്യാപിപ്പിക്കാനും ഇത് ഇടയാക്കുമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എട്ട് മസം മുമ്പാണ് ഇത് സംബന്ധിച്ച് ഇറാനും ആറ് രാജ്യങ്ങളുമായി അവസാനമായി ചര്‍ച്ച നടന്നത്. കസാക്കിസ്ഥാനില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രത്യക്ഷമായ പുരോഗതിയുണ്ടാകേണ്ട ആവശ്യം ഇറാന്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ വക്താവ് കാതറിന്‍ അഷ്‌ടോണ്‍ പറഞ്ഞു.