ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കും

Posted on: February 18, 2013 12:20 pm | Last updated: February 18, 2013 at 12:37 pm

ധാക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രാജ്യത്ത് വ്യാപകമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഘടനയെ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയ രാജ്യത്തെ പ്രശസ്ത ബ്ലോഗര്‍ അഹ്മദ് റാജീബ് ഹൈദര്‍ കൊല്ലപ്പെട്ടതോടെയാണ് സംഘടനക്കെതിരെ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്ന് നിയമ വകുപ്പ് മന്ത്രി ശഫീഖ് അഹ്മദ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈദറിന്റെ വീട് സന്ദര്‍ശിച്ച പ്രധാനമന്ത്രി ശൈഖ് ഹസീന ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. രാജ്യത്ത് തീവ്രവാദം വളര്‍ത്തലാണ് സംഘടനയുടെ ഉദ്ദേശ്യമെന്നും ജനാധിപത്യ രാജ്യമായ ബംഗ്ലാദേശില്‍ ഇത്തരം സംഘടനകള്‍ നിരോധിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി നിയമ വകുപ്പ് മന്ത്രാലയം അറിയിച്ചു. അക്രമ രാഷ്ട്രീയവുമായി രംഗത്തെത്തുന്ന ഇത്തരം പാര്‍ട്ടികള്‍ രാജ്യത്തെ സുരക്ഷാ സംവിധാനത്തിന് ഭീഷണിയാണെന്ന് വക്താക്കള്‍ അറിയിച്ചു.
ഈ മാസം അഞ്ചിന് ജമാഅത്ത് നേതാവിന് യുദ്ധക്കുറ്റം ചെയ്തുവെന്ന കേസില്‍ ജീവപര്യന്തം തടവ് വിധിച്ചതോടെയാണ് രാജ്യത്ത് വ്യാപകമായ പ്രതിഷേധം അരങ്ങേറിയത്. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരകാലത്ത് യുദ്ധം കുറ്റം ചെയ്ത അബ്ദുല്‍ ഖാദര്‍ മുല്ലക്കും ഇയാളുടെ അനുയായികള്‍ക്കും വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നത്.