Connect with us

Kerala

യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

പള്ളിക്കല്‍ പഴകുളം പടിഞ്ഞാറ് തടത്തിവിള കിഴക്കേതില്‍ വീട്ടില്‍ സജീവ്, പഴകുളം പടിഞ്ഞാറ് സംസം വില്ലയില്‍ നജീബ് എന്നിവരെയാണ് ശിക്ഷിച്ചത്.

Published

|

Last Updated

ശിക്ഷിക്കപ്പെട്ട സജീവും നജീബും

പത്തനംതിട്ട | യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ വീതം പിഴയും. പള്ളിക്കല്‍ പഴകുളം പടിഞ്ഞാറ് തടത്തിവിള കിഴക്കേതില്‍ വീട്ടില്‍ സജീവ് (42), പഴകുളം പടിഞ്ഞാറ് സംസം വില്ലയില്‍ നജീബ് (49) എന്നിവരെയാണ് പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജി പി ജയകൃഷ്ണന്‍ ശിക്ഷിച്ചത്.

പള്ളിക്കല്‍ പഴകുളം ഐഫ മന്‍സിലില്‍ ഷറഫുദ്ധീന്‍ (42) കൊല്ലപ്പെട്ട കേസിലാണ് വിധി. പിഴത്തുക കൊല്ലപ്പെട്ടയാളുടെ ഭാര്യക്കും രണ്ടു മക്കള്‍ക്കും നല്‍കണം. പിഴ അടയ്ക്കാതിരുന്നാല്‍ വസ്തുക്കളില്‍ നിന്ന് പിടിച്ചെടുത്ത് ഈടാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അടൂര്‍ പോലീസ് 2019 മേയ് 26 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഇതിനു തലേദിവസം പഴകുളം മുസ്‌ലിം പള്ളിക്ക് സമീപം വെച്ചാണ് പ്രതികള്‍ യുവാവിനെ ആക്രമിച്ചത്. ഷറഫുദ്ധീന്റെ ബന്ധുവിനെ രണ്ടാം പ്രതി മര്‍ദിച്ചതിനെ കുറിച്ച് ചോദ്യം ചെയ്തതാണ് ആക്രമണ കാരണം. ഗുരുതരമായി പരുക്കേറ്റ ഷറഫുദ്ധീനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേസിന്റെ കാലയളവില്‍ അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന സുധിലാല്‍, യു ബിജു, ആര്‍ ശ്രീകുമാര്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഹരിശങ്കര്‍ പ്രസാദ് ഹാജരായി. കോടതി നടപടികളില്‍ എ എസ് ഐ. ആന്‍സി സഹായിയായി.

 

 

Latest