Kerala
യുവാവിന്റെ മരണം കൊലപാതകം; അയല്‍വാസി അറസ്റ്റില്‍
കലഞ്ഞൂര്‍ കുടുത്ത കനാല്‍ ഭാഗം അനന്തു ഭവനില്‍ അനന്തുവാണ് കൊല്ലപ്പെട്ടത്. ശ്രീവിലാസം ശിവാനന്ദന്റെ മകന്‍ കൊച്ചുപൊന്നി എന്ന് വിളിക്കുന്ന ശ്രീകുമാറിനെ കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട | യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കലഞ്ഞൂര്‍ കുടുത്ത കനാല്‍ ഭാഗം അനന്തു ഭവനില്‍ അനന്തു (27) വാണ് കൊല്ലപ്പെട്ടത്. കേസില്‍ കലഞ്ഞൂര്‍ കുടുത്ത കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന ശ്രീവിലാസം ശിവാനന്ദന്റെ മകന്‍ കൊച്ചുപൊന്നി എന്ന് വിളിക്കുന്ന ശ്രീകുമാര്‍ (37) നെ കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ച കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ കാരുവേലില്‍ കനാലിലാണ് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. അനന്തുവും ശ്രീകുമാറും തമ്മില്‍ മുമ്പ് വഴക്കുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഞായറാഴ്ച്ച റബ്ബര്‍ പ്ലാന്റേഷന്‍ തോട്ടത്തിലിരുന്ന് അനന്തു കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ചു. ഈസമയത്ത് അവിടെയെത്തിയ ശ്രീകുമാര്‍, കൂട്ടുകാര്‍ പോയ ശേഷം അനന്തുവിനെ പിന്നിലൂടെയെത്തി കമ്പിവടികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. അനന്തു ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ആക്രമണം. അനന്തു മരിച്ചതായി ഉറപ്പാക്കിയ പ്രതി, മൃതദേഹം 400 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി കനാലില്‍ ഉപേക്ഷിച്ചു.
പിന്നീട് അനന്തുവിനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കൂടല്‍ പോലീസ് കേസെടുത്തു. ചൊവ്വാഴ്ചയാണ് കനാലില്‍ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുകണ്ട രക്തത്തുള്ളികളില്‍ സംശയം തോന്നിയ പോലീസ്, അത് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഈമാസം അഞ്ചിന് വൈകിട്ട് ഏഴരയോടെ അനന്തുവും സമീപവാസിയായ ശ്രീകുമാറും തമ്മില്‍ വീടിനു സമീപം വഴക്കുണ്ടായതായി നാട്ടുകാരില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, അനന്തുവിന്റെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
പ്ലമ്പര്‍ ജോലി ചെയ്തുവന്ന അനന്തുവും, ശ്രീകുമാറിന്റെ ഭാര്യയും തമ്മില്‍ ഒന്നര വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിന്റെ പേരിലായിരുന്നു വഴക്ക്. ഭാര്യയുമായുള്ള അടുപ്പം അവസാനിപ്പിക്കണമെന്ന് അനന്തുവിനോട് ശ്രീകുമാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും, യുവാവ് വഴങ്ങാന്‍ തയാറാകാഞ്ഞത് പ്രകോപിപ്പിച്ചിരുന്നതായി വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ഇന്ന് പോലീസ് പ്രതിയുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും, അടിക്കാനുപയോഗിച്ച കമ്പി കനാലില്‍ നിന്നും കണ്ടെത്തുകയും ചെയ്തു.
കോന്നി ഡി വൈ എസ് പി. കെ ബൈജുകുമാറിന്റെ നിര്‍ദേശപ്രകാരം, കൂടല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ. ദിജേഷ് ഉള്‍പ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.