Connect with us

National

ദയാവധത്തിന് യൂറോപ്പിലേക്ക് പോകാനൊരുങ്ങി യുവാവ്; യാത്ര തടയണമെന്ന് ആവശ്യപ്പെട്ട് പെൺ സുഹൃത്ത് കോടതിയിൽ

ആരോഗ്യകരമായി അവശനിലയിലായ യുവാവ് ദയാവധം ആഗ്രഹിക്കുകയും സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലുള്ള ഡിഗ്‌നിറ്റാസ് എന്ന സംഘടനയിലൂടെ ദയാവധത്തിന് പോകാൻ തീരുമാനിക്കുകയുമായിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | ക്രോണിക് ഫാറ്റിഗ് സിൻഡ്രോം ബാധിതനായി കിടപ്പിലായതിനെ തുടർന്ന് ദയാവധത്തിന് വിധേയനാകാൻ യൂറോപ്പിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ യുവാവിനെതിരെ ഡൽഹി ഹെെക്കോടതിയിൽ ഹരജി. യുവാവിന്റെ യാത്ര തടയണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തായ സ്ത്രീയാണ് ഡൽഹി ഹെെക്കോടതിയെ സമീപിച്ചത്.

യാത്രാനുമതി ലഭിക്കുന്നതിനായി സുഹൃത്ത് ഇന്ത്യൻ, വിദേശ അധികാരികൾക്ക് മുമ്പാകെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കുന്നതിനും ആവശ്യമായ വൈദ്യസഹായം നൽകുന്നതിനും ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുഖേന കേന്ദ്രത്തോട് നിർദ്ദേശം നൽകണമെന്ന അഭ്യർഥനയും ഹർജിയിലുണ്ട്.

ക്രോണിക് ഫാറ്റിഗ് സിൻഡ്രോം ഒരു സങ്കീർണ്ണമായ ന്യൂറോ ഇൻഫ്ലമേറ്ററി രോഗമാണ്. ഇതുസംബന്ധിച്ച ഗവേഷണങ്ങൾ പ്രാരംഭഘട്ടത്തിലാണ്. 2014-ൽ ആണ് യുവതിയുടെ സുഹൃത്തിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് കഴിഞ്ഞ എട്ട് വർഷമായി അങ്ങേയറ്റം വിഷമാവസ്ഥയിലാണ് ഇയാൾ വീട്ടിൽ കഴിയുന്നത്. രോഗബാധിതനായ ഇയാൾക്ക് വീടിനുള്ളിൽ കുറച്ച് ചുവടുകൾ മാത്രമേ നടക്കാൻ പോലും സാധിക്കുന്നുള്ളൂ.

ആരോഗ്യകരമായി അവശനിലയിലായ യുവാവ് ദയാവധം ആഗ്രഹിക്കുകയും സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലുള്ള ഡിഗ്‌നിറ്റാസ് എന്ന സംഘടനയിലൂടെ ദയാവധത്തിന് പോകാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിൻെറ പ്രാരംഭ നടപടിയുടെ ഭാഗമായി ഈ വർഷം ജൂൺ 11 മുതൽ 18 വരെ അദ്ദേഹം സൂറിച്ച് സന്ദർശിച്ചിരുന്നു. ആദ്യ റൗണ്ട് സൈക്കോളജിക്കൽ മൂല്യനിർണ്ണയത്തിനായായിരുന്നു ഈ യാത്ര. ഹരജിക്കാരന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, അദ്ദേഹത്തിന്റെ അപേക്ഷ ഡിഗ്നിറ്റാസ് സ്വീകരിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റ് അവസാനത്തോടെ അന്തിമ തീരുമാനം ലഭിക്കും. ഈ സാഹചര്യത്തിലാണ് യാത്ര തടയണമെന്ന ആവശ്യവുമായി യുവതി കോടതിയെ സമീപിച്ചത്.

ദയാവധത്തിന് പോകാനുള്ള തന്റെ തീരുമാനത്തിൽ സുഹൃത്ത് ഇപ്പോൾ ഉറച്ചുനിൽക്കുകയാണെന്നും ഇത് അയാളുടെ പ്രായമായ മാതാപിതാക്കളുടെ ജീവിതത്തെയും ദയനീയമായി ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

എന്താണ് ദയാവധം?

ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധ്യതയില്ലെന്ന് ഉറപ്പാക്കിയ രോഗികളെ മരുന്ന് കുത്തിവെച്ച് മരിക്കാന്‍ അനുവദിക്കുന്നതാണ് ദയാവധം. സോഡിയം പെന്റോതല്‍ പോലെയുള്ള മരുന്ന് കുത്തിവെച്ചാണ് രോഗിയെ മരിക്കാൻ അനുവദിക്കുന്നത്. രക്ഷപ്പെടില്ലെന്നുറപ്പുള്ള രോഗിയുടെ ചികിത്സയും ജീവന്‍രക്ഷാ ഉപകരണങ്ങളും പിന്‍വലിക്കുന്നത് ദയാവധത്തിന്റെ മറ്റൊരു രീതിയാണ്.

നിഷ്ക്രിയ ദയാവധം ഇന്ത്യയിൽ നിയമവിധേയമാക്കി കൊണ്ട് 2018 മാർച്ച് 9 ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest