Connect with us

Career Education

പ്ലസ്ടുവിന് ശേഷം പൊളിറ്റിക്സ് പഠിക്കാം

എയർഹോസ്റ്റസ് ആകാൻ ചെയ്യേണ്ടത്...

Published

|

Last Updated

? പ്ലസ് ടു പഠനത്തിന് ശേഷം പൊളിറ്റിക്കൽ സയൻസ് പഠിക്കണം എന്നാണ് എൻ്റെ ആഗ്രഹം, വിശദീകരിക്കാമോ..?

ഫാത്വിമ ഹെന്ന ഫെബിൻ,
എസ് ഒ എച്ച് എസ് എസ് അരീക്കോട്

ദേശീയ, അന്തർദേശീയ, തദ്ദേശീയ തലങ്ങളിൽ ഗവൺമെൻ്റിൻ്റെയും രാഷ്ട്രത്തിൻ്റെയും നയരൂപവത്കരണത്തിലും വിശകലനത്തിലും സ്വാധീനം ചെലുത്തുകയും സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിക്കുകയും അതിൻ്റെ ഭാഗഭാക്കാവുകയും ചെയ്യുന്നവരാണ് പൊളിറ്റിക്കൽ സൈൻ്റിസ്റ്റ്.
അന്തർദേശീയ തലങ്ങളിലെ രാഷ്ട്രീയ ബന്ധങ്ങൾ, ആഭ്യന്തര വിദേശ നയങ്ങൾ, ഇവയൊക്കെ പ്രത്യേക പരിഗണന വെച്ചുകൊണ്ട് രാഷ്ട്രഭാവിക്ക് വേണ്ട ഒരു വിശകലന പഠനമാണ് പൊളിറ്റിക്കൽ സയൻസ്.

പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, കംപാരിറ്റീവ് പൊളിറ്റിക്‌സ്, പൊളിറ്റിക്കൽ തിയറി, ഇൻ്റർനാഷനൽ റിലേഷൻസ്, പബ്ലിക് ലോ, പബ്ലിക് പോളിസി, സോഷ്യൽ വർക്ക് എന്നീ മേഖലയിലെ ആഴത്തിലുള്ള പഠനമാണ് പ്രധാന വിഷയങ്ങൾ. നയരൂപവത്കരണത്തിലും വിശകലനത്തിലും അതുപോലെ അക്കാദമിക് രംഗത്തും പ്രവർത്തിക്കുന്ന നയതന്ത്രജ്ഞർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയ തൊഴിലുകളിലേക്കുള്ള ഒരു കവാടം കൂടിയാണ് പൊളിറ്റിക്കൽ സയൻസ്.
പൊളിറ്റിക്കൽ സയൻസ് പഠിക്കാൻ ഉയർന്ന നിലവാരം പുലർത്തുന്ന ക്യാമ്പസുകൾ ഏതെല്ലാമാണെന്ന് നോക്കാം. ഡൽഹി യൂനിവേഴ്‌സിറ്റിക്ക് കീഴിൽ വരുന്ന ലേഡീ ശ്രീരാം കോളജ്, മിറാണ്ട ഹൗസ് കോളജ്, ഹിന്ദു കോളജ്, ഗാർഗി കോളജ്, രാംജാസ് കോളജ് തുടങ്ങിയ ക്യാമ്പസുകളിലേക്ക് ഡിഗ്രി കോഴ്‌സുകൾക്ക് സി യു ഇ ടി യു ജി വഴിയും പി ജി കോഴ്‌സുകൾക്ക് സി യു ഇ ടി പി ജി വഴിയും പ്രവേശനം നേടാം.

സെൻ്റ് സേവിയേഴ്‌സ് കോളജ് മുംബൈ, ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റി ബെംഗളൂരു, പ്രസിഡൻസി കോളജ് ചെന്നൈ, മദ്രാസ് ക്രിസ്ത്യൻ കോളജ്, ഫർഗൂസൻ കോളജ് പുണെ, യൂനിവേഴ്‌സിറ്റി കോളജ് തിരുവനന്തപുരം, മഹാരാജാസ് കോളജ് എറണാകുളം, ഗവ. കോളജ് മടപ്പള്ളി, കാർമൽ കോളജ് തൃശൂർ എന്നീ സ്ഥാപനങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നു.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ, കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്നിവർ നടത്തുന്ന പരീക്ഷകളിലൂടെ സംസ്ഥാന- കേന്ദ്ര ഗവൺമെൻ്റ് ഓഫീസുകളിലും ഇൻ്റർനാഷനൽ ഓർഗനൈസേഷനുകൾ, എൻ ജി ഓകൾ, പ്രൈവറ്റ് സ്ഥാപനങ്ങൾ, എന്നിവിടങ്ങളിലും പബ്ലിക് റിലേഷൻസ് സ്‌പെഷ്യലിസ്റ്റ് ലെജിസ്ലേറ്റീവ് അസിസ്റ്റൻ്റ, പോളിസി അനലിസ്റ്റ്, സോഷ്യൽ മീഡിയ മാനേജർ, കൺസൾട്ടൻ്റ് എന്നീ പദവികളിലും ഹയർസെക്കൻഡറി, കോളജ്, യൂനിവേഴ്‌സിറ്റി തലങ്ങളിൽ അധ്യാപനം എന്നിവയും പൊളിറ്റിക്കൽ സയൻസ് മേഖലകളിലെ ജോലി സാധ്യതകളിൽ ചിലതാണ്.

 

? എയർഹോസ്റ്റസ് ആവാൻ എന്താണ് ചെയ്യേണ്ടത്..?
ജുമാന ജെബിൻ, എടത്തനാട്ടുകര

നമ്മുടെ വിദ്യാഭ്യാസം, ജോലി എന്നിവയും വ്യാപാര ബിസിനസ്സ് ബന്ധങ്ങളും കൂട്ടുകെട്ടും രാജ്യത്തിനകത്തും പുറത്തുമു ള്ള കമ്പനികളിലും സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആയി വ്യാപിച്ചു കിടക്കുന്ന ഇന്നത്തെ കാലത്ത് യാത്രകളും കൂടിച്ചേരലുകളും മീറ്റിംഗുകളും കുറഞ്ഞ സമയത്തിനുള്ളിൽ സാധ്യമാവുന്നതിലൂടെ മത്സരാധിഷ്ഠിത ലോകത്ത് പിടിച്ചുനിൽക്കാനും മുന്നേറാനും നമുക്കാവും. വ്യോമഗതാഗതമാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്. സാധാരണക്കാർ പോലും ഈ സ്രോതസ്സാണ് ആശ്രയിച്ചുവരുന്നത്. അതുകൊണ്ട് തന്നെ വിമാനഗതാഗതവുമായി ബന്ധപ്പെട്ട എയർഹോസ്റ്റസ് ക്യാബിൻ ക്രൂ ജോലികൾക്കും സാധ്യതകൾ കൂടുതലാണ്.

ആകർഷകമായ വ്യക്തിത്വവും ഇംഗ്ലീഷ് ഭാഷയോടൊപ്പം പ്രാദേശിക ഭാഷയിലും വിദേശ ഭാഷകളിലുമുള്ള പ്രാവീണ്യവും ആകർഷണീയമായി സംവദിക്കാനുള്ള കഴിവും ഈ ജോലി സ്വപ്നം കാണുന്നവർക്ക് അഭികാമ്യമാണ്.
ചില ശാരീരിക യോഗ്യതകളും നിഷ്‌കർഷിക്കുന്നുണ്ട്. ആവശ്യമായ കുറഞ്ഞ ഉയരം പെൺകുട്ടികൾക്ക് 156 സെൻ്റീമീറ്റർ മുതൽ 212 സെൻ്റീമീറ്റർ വരെ ആകാം. ഉയരത്തിന് ആനുപാതികമായി തൂക്കവും, വിഷൻ 6/6 എന്നീ നിബന്ധനകളും ഉണ്ട്.

മേൽപ്പറഞ്ഞവക്ക് ഒപ്പം വിദ്യാഭ്യാസ യോഗ്യതയും എയർഹോസ്റ്റസുമാർക്ക് നിർബന്ധമാണ്. ഇംഗ്ലീഷ് ഭാഷ ഉൾപ്പെടുന്ന ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു പാസ്സ് ആണ് മിനിമം യോഗ്യത. അഭിരുചി പരീക്ഷകൾ, ഇൻ്റർവ്യൂ, ഗ്രൂപ്പ് ഡിസ്‌കഷൻ, പേഴ്‌സനാലിറ്റി ടെസ്റ്റ്, തുടങ്ങിയവയിലൂടെ ഉദ്യോഗാർഥികളെ തിരഞ്ഞെടുത്ത് എയർലൈൻ കമ്പനികൾ തന്നെ അവർക്ക് വേണ്ട പരിശീലനം നൽകുന്നുണ്ട്.

ബിസിനസ്സ് അഡ്മിനിസ്‌ട്രേഷൻ, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻ്റ്, ട്രാവൽ ആൻഡ് ടൂറിസം, ഇംഗ്ലീഷ്, തുടങ്ങിയ വിഷയങ്ങളിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ട്.അതിനാൽ തന്നെ പ്ലസ് ടു വിന് ശേഷം ഇത്തരം കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതായിരിക്കും അഭികാമ്യം. ഇവക്കൊപ്പം ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനും വ്യക്തിത്വം മികവുറ്റതാക്കാനുമുള്ള പരിശീലനങ്ങളും നേടണം.

എയർഹോസ്റ്റസ് ട്രെയിനിംഗിൽ ഡിപ്ലോമ നൽകുന്ന ഏതാനും സ്ഥാപനങ്ങൾ- ഫ്രാങ്ക്ഫിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയർഹോസ്റ്റസ് ട്രെയിനിംഗ്, പി ടി സി ഏവിയേഷൻ അക്കാദമി,റെമോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ, ഐ ബി എസ് ബെംഗളൂരു, അവലോൺ ഏവിയേഷൻ അക്കാദമി.

 

ഉന്നത പഠനം, പരീക്ഷകൾ, പ്രവേശനം, തൊഴിൽ സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുന്നു.
ചോദ്യങ്ങൾ ഇമെയിൽ, വാട്സ്ആപ്പ് വഴി അയക്കാം.
9349918816

ചീഫ് കരിയർ കൗൺസിലർ, സിജി ചേവായൂർ

Latest