Connect with us

യാത്ര

ചെങ്കടലോരത്തെ ഭീതിയിരമ്പം

ഓ... വല്ലാത്തൊരു അപകടാവസ്ഥ തന്നെ. ശരിക്കും ഈ സാഹചര്യങ്ങൾ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. കടലെടുക്കാൻ വെമ്പുന്ന ഈ മണൽത്തിട്ടയേക്കാൾ ഭയാനകമാണ് എന്റെ മനസ്സിലെ ചിന്തകൾ.

Published

|

Last Updated

ഉണക്കമീനിന്റെയും പുകപടലങ്ങളുടെയും പെട്രോളിന്റെയും സമ്മിശ്രഗന്ധങ്ങൾക്കിടയിൽ ഭയാനകമായൊരു മൂകത അവിടെ തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഒപ്പം ആ വാഹനത്തിൽ നിന്ന് മരണവീട്ടിലെ വിലാപകാവ്യം പോലെ ഭീതിദമായ ഒരു ശബ്ദം ഉയർന്നുകൊണ്ടേയിരുന്നു. പരലോകത്തേക്ക് നമ്മെയും കൊണ്ട് നീങ്ങുന്ന ഒരു പെട്ടകം പോലെയാണതെന്ന് എനിക്ക് തോന്നി.

പെട്ടെന്ന് ഡ്രൈവർ കാറിന്റെ ദിശ മാറ്റി. ‘എന്തൊരത്ഭുതം!! ഇതൊരു വിചിത്രമായ യാത്ര തന്നെ!’ ഞാൻ മനസ്സിൽ പറഞ്ഞു. മരുഭൂമിയുടെ അഗാധതയിലേക്ക് ഞങ്ങൾ ഇറങ്ങിച്ചെല്ലുകയാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. ഈ യാത്രയിൽ ഒരിക്കലും കടൽ കാണാനാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ ഞങ്ങൾ ചെങ്കടലിലേക്കുള്ള വഴിയിലാണ്. എങ്ങോട്ടാണ് നമ്മളീ പോകുന്നത്? ഏതാണ് ഈ വഴി..?!

പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ “അൽ-ബുറൈഖ’ (Al-Bureika) നഗരം വീണ്ടും ദൃശ്യമാകുന്നു. പുതിയതായി പണിത കെട്ടിടങ്ങൾക്കിടയിൽ നഗരം ഏതാണ്ട് മറഞ്ഞുകിടക്കുന്നതുപോലെ തോന്നി. അവിടെ തെളിഞ്ഞു നിന്നിരുന്ന നഗരവെളിച്ചങ്ങൾ സാവധാനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. “സലാഹുദ്ദീനി’ലെ (Salah al-Din) സൈനിക ക്യാമ്പുകളിൽ നിന്നുള്ള പ്രകാശരശ്മികൾ വിദൂരതയിൽ തെളിഞ്ഞു കാണാം. എന്റെ മനസ്സിൽ അസ്വസ്ഥതയുണർത്തുന്ന ഒരുപാട് ചോദ്യങ്ങൾ ഒന്നിനുപുറകെ ഒന്നായി ഉയർന്നുവന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ, മണൽ നിറഞ്ഞ ഈ പാതയിലൂടെ വളരെ പ്രയാസപ്പെട്ട് നീങ്ങുന്ന നമ്മുടെ വാഹനം നിരീക്ഷകരുടെ കണ്ണിൽ പെട്ടാലുള്ള അവസ്ഥ എന്തായിരിക്കും?

“ഈ പാതയിലൂടെ ജീവൻ പണയം വെച്ചുള്ള ഈ യാത്രക്ക് എന്നെ പ്രേരിപ്പിച്ച കാരണങ്ങൾ ഞാൻ അവർക്ക് മുമ്പിൽ തുറന്നു പറഞ്ഞാലോ? അവരെന്നെ മനസ്സിലാക്കുമോ? എനിക്ക് തോന്നുന്നില്ല. എന്റെ ഈ അവസ്ഥയെ അവർ മാനിച്ചിരുന്നെങ്കിൽ ഞാനിന്ന് ഈ രൂപത്തിൽ ആകില്ലായിരുന്നല്ലോ. അതുകൊണ്ട് അവരുടെ ഭാഗത്തുനിന്ന് ഒരു കരുണയും പ്രതീക്ഷിക്കേണ്ടതില്ല.’

ചെങ്കടലിലെ ആർത്തലച്ചെത്തുന്ന തിരമാലകൾ തീരത്തടിച്ചുടയുന്ന ശബ്ദം ഉള്ളിലെ ഭയവും അസ്വസ്ഥതയും ആളിക്കത്തിച്ചു. അതിനിടയിൽ ഡ്രൈവർ തനിക്കൊപ്പമുള്ള യുവാക്കളോട് സംസാരിക്കുന്നത് കേൾക്കാം:
“ആരെങ്കിലും തടഞ്ഞുനിർത്തി എങ്ങോട്ടാണ് പോകുന്നത്’ എന്ന് ചോദിച്ചാൽ എന്ത് പറയും?’
“നമുക്ക് പറയാം; ഞങ്ങൾ “അംറാനിലേക്ക്’ പോവുകയാണ്. ഈ ഉണക്കമീൻ വിൽക്കാൻ…’
“അല്ലെങ്കിൽ വേണ്ട, ഇങ്ങനെ പറഞ്ഞോളൂ: “അവിടെയുള്ള ഞങ്ങളുടെ ഒരു സുഹൃത്തിനെ അന്വേഷിച്ചു പോവുകയാണ്…’

“എന്തിനാണ് ഈ മനുഷ്യന്റെ കൂടെ, ഈ വഴിയിലൂടെ വന്നത് എന്ന് ചോദിച്ചാലോ?’
“അത് ലളിതമല്ലേ…’ ഇദ്ദേഹത്തെ ഞങ്ങൾക്ക് മുന്പേ അറിയാം.. ‘ഷെയ്ഖ് ഉസ്മാനി’ൽ നിന്ന് ഇദ്ദേഹത്തോടൊപ്പം ഒന്ന് കറങ്ങാനിറങ്ങിയതാണ്..’ എന്ന് പറഞ്ഞാൽ മതിയല്ലോ.’ സംഭാഷണം മറ്റൊരു തലത്തിലേക്ക് മാറി. ആ യുവാക്കളിലൊരാൾക്ക് ഈ മറുപടികളിലൊന്നും അത്ര തൃപ്തി തോന്നിയില്ല. അവൻ പറഞ്ഞു: “റോന്ത് ചുറ്റുന്ന പട്രോളിംഗ് സംഘം ഈ വർത്തമാനമൊന്നും വിശ്വസിക്കാൻ പോകുന്നില്ല.’ അത് കേട്ടപ്പോൾ വികാരാധീനനായി ഞാൻ ഇടപെട്ടു:

“നിങ്ങൾ അവരോട് പറയണം, നമ്മൾ ഈ സുഹൃത്തിനോടൊപ്പം “അംറാൻ’ ബീച്ചിലൂടെ ഒരു യാത്ര പോവുകയാണെന്ന്. ഇതാ, എന്റെ കൈയിലുള്ളത് ഒരു ട്രാവൽ ബാഗ് ആണ്. നിങ്ങളുടെ കൈയിലുള്ളതോ? കുറച്ച് വസ്ത്രങ്ങളല്ലേ? നാളെ വെള്ളിയാഴ്ചയാണല്ലോ, ആ അവധി ദിവസം അംറാനിൽ ചെലവഴിക്കാമെന്ന് നമുക്ക് തീരുമാനിക്കാം. അത് അവരോട് പറഞ്ഞാൽ മതി.’

എന്റെ വാക്കുകൾ കേട്ട് വണ്ടിയിലുള്ളവർ നിശബ്ദരായി. ആ ആശയത്തിൽ അവർ തൃപ്തരായതുകൊണ്ടാണോ, അതോ മനസ്സാക്ഷിയോട് മറുപടി പറയാൻ പുതിയ ന്യായങ്ങൾ തേടുകയാണോ എന്ന് എനിക്കറിയില്ലായിരുന്നു.
യഥാർഥത്തിൽ, സൂക്ഷ്മമായി പരിശോധിച്ചാൽ എന്റെ ബാഗ് ഒരു സാധാരണ യാത്രാ ബാഗ് ആയിരുന്നില്ല. അംറാനിലേക്കുള്ള ഒരു ചെറിയ ഉല്ലാസയാത്രയിൽ കരുതേണ്ട സാധനങ്ങളല്ല അതിലുള്ളത്. ബാഗിനുള്ളിൽ വടക്കൻ യമനി കറൻസിയുടെ (North Yemen Currency) നോട്ടുകളുണ്ട്. അവരെന്നോട് ചോദിക്കും: “ഇതെവിടുന്ന് കിട്ടി? തെക്കൻ യമനിലുള്ള ഞാൻ എന്തിനാണ് ഇത് കൈവശം വെച്ചിരിക്കുന്നത്? അംറാനിൽ വടക്കൻ കറൻസിക്ക് എന്ത് കാര്യം?’

ഓ… വല്ലാത്തൊരു അപകടാവസ്ഥ തന്നെ. ശരിക്കും ഈ സാഹചര്യങ്ങൾ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. കടലെടുക്കാൻ വെമ്പുന്ന ഈ മണൽത്തിട്ടയേക്കാൾ ഭയാനകമാണ് എന്റെ മനസ്സിലെ ചിന്തകൾ.
കടൽത്തീരത്തെ മണൽപ്പരപ്പിലൂടെയാണിപ്പോൾ ഞങ്ങളുടെ വാഹനം നീങ്ങിക്കൊണ്ടിരുന്നത്. വണ്ടിയാണെങ്കിൽ വലത്തോട്ടും ഇടത്തോട്ടും വല്ലാതെ ഉലയുന്നുണ്ട്. അതിശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചെത്തുന്നു. മണലിന്റെ പിടിയിൽ നിന്ന് കുതറിമാറി വീണ്ടും തിരമാലകളുടെ ഭീഷണിയിലേക്ക് ഞങ്ങളും വഴുതിവീഴുമോ എന്ന ചിന്ത എന്നെ വല്ലാതെ ഭയപ്പെടുത്തി.

Content Highlights: The narrative describes a tense, mysterious journey along the Red Sea coast in Yemen filled with fear, shifting alibis, and hidden motives. Passengers in the vehicle navigate dangerous checkpoints and psychological distress while carrying hidden currency and facing uncertain destinations. The haunting atmosphere and crashing waves heighten the suspense of this midnight escape.

Latest