Connect with us

Kerala

ചങ്ങനാശ്ശേരിയിൽ കുടുംബത്തിലെ മൂന്നുപേരുടെ മരണം;സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ച് പോലീസ്

വിദേശത്തുള്ള സവിന്റെ ഭാര്യയിൽനിന്നും അന്വേഷണസംഘം വിവരങ്ങൾ തേടും.

Published

|

Last Updated

കോട്ടയം| ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്. മരിച്ച സാജു ആന്റണിയുടെയും മകൻ സവിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. ഓൺലൈൻ ഗെയിമിങ്ങിലൂടെയും ട്രേഡിങ്ങിലൂടെയും സവിന് പണം നഷ്ടമായിട്ടുണ്ടെന്ന ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന സൂചന ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളും സമീപകാലത്തെ ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വിദേശത്തുള്ള സവിന്റെ ഭാര്യയിൽനിന്നും അന്വേഷണസംഘം വിവരങ്ങൾ തേടും.

ചങ്ങനാശ്ശേരി എസ്ബി  കോളേജിന് സമീപം കരിങ്കട വീട്ടിൽ താമസിച്ചിരുന്ന സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സവിൻ (34) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

സാജുവിനെയും ഭാര്യയെയും കിടപ്പുമുറിയിലും മകൻ സവിനെ സ്റ്റോർ റൂമിലുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ അതിക്രമം നടന്നതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുടുംബത്തിലെ മൂന്നുപേരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച സംസ്കാരം നടത്തും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്.

Content Highlights: Police intensified probe into bank accounts and transactions regarding three family members found dead in Changanassery. Investigation focuses on financial losses incurred by Savin through online trading and gaming based on family statements and a suicide note. Funeral scheduled for Tuesday.

Latest