Connect with us

ആരോഗ്യം

മുറുകെപ്പിടിക്കാം ഭക്ഷണക്രമം; മറക്കാം മലേറിയ

മലേറിയ എന്നത് വെറുമൊരു പനിയല്ല; മറിച്ച് പ്ലാസ്‌മോഡിയം എന്ന പരാന്നഭോജികൾ മൂലമുണ്ടാകുന്ന ഗുരുതരമായ രോഗമാണ്. പെൺ അനോഫിലസ് കൊതുകുകളുടെ കടിയിലൂടെയാണ് ഈ പരാന്നഭോജികൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. ലോകമെമ്പാടും പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് ഈ രോഗം ഉയർത്തുന്നത്. കൃത്യസമയത്ത് കണ്ടെത്തിയാൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണിത്. എന്നാൽ അനാസ്ഥ കാട്ടിയാൽ ഇത് വേഗത്തിൽ സങ്കീർണതകളിലേക്ക് നയിക്കുകയും ജീവന് ഭീഷണിയാവുകയും ചെയ്യും.

Published

|

Last Updated

ലേറിയ രഹിത ലോകത്തിനായി തുല്യനീതി ഉറപ്പാക്കുക, പോരാട്ടം ഊർജിതമാക്കുക’ എന്നതായിരുന്നു ഈ വർഷത്തെ ആഗോള പ്രമേയം. ഏപ്രിൽ 25 ആയിരുന്നു മലേറിയ ദിനം. മലേറിയക്കെതിരായ പോരാട്ടത്തിൽ ചികിത്സയും പ്രതിരോധവും എല്ലാവരിലേക്കും തുല്യമായി എത്തിക്കുക എന്നത് ഈ ദിനം മുന്നോട്ടുവെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമാണ്.

എന്താണ് മലേറിയ?

മലേറിയ എന്നത് വെറുമൊരു പനിയല്ല; മറിച്ച് പ്ലാസ്‌മോഡിയം എന്ന പരാന്നഭോജികൾ മൂലമുണ്ടാകുന്ന ഗുരുതരമായ രോഗമാണ്. പെൺ അനോഫിലസ് കൊതുകുകളുടെ കടിയിലൂടെയാണ് ഈ പരാന്നഭോജികൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. ലോകമെമ്പാടും പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് ഈ രോഗം ഉയർത്തുന്നത്. കൃത്യസമയത്ത് കണ്ടെത്തിയാൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണിത്. എന്നാൽ അനാസ്ഥ കാട്ടിയാൽ ഇത് വേഗത്തിൽ സങ്കീർണതകളിലേക്ക് നയിക്കുകയും ജീവന് ഭീഷണിയാവുകയും ചെയ്യും.

രോഗലക്ഷണങ്ങൾ

ശക്തമായ വിറയലോട് കൂടിയ പനി, തലവേദന, പേശിവേദന, ഛർദി, അമിതമായ ക്ഷീണം എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങൾ. ചില കേസുകളിൽ, രോഗം ഗുരുതരമാകുമ്പോൾ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാനും തലച്ചോറിനെ ബാധിക്കുന്ന സെറിബ്രൽ മലേറിയ പോലുള്ള അവസ്ഥകളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. അതിനാൽ, പനി അനുഭവപ്പെടുമ്പോൾ സ്വയം ചികിത്സക്ക് മുതിരാതെ ഉടൻ തന്നെ ആരോഗ്യ കേന്ദ്രത്തിലെത്തി രക്തപരിശോധന നടത്തി രോഗം സ്ഥിരീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

മലേറിയയും പോഷകാഹാരവും

മലേറിയക്ക് പ്രത്യേകമായി ഒരു “ഡയറ്റ്/ ഭക്ഷണക്രമം’ ഇല്ലെങ്കിലും, രോഗമുക്തിയിൽ പോഷകാഹാരത്തിന് വലിയ പങ്കുണ്ട്. പനി കാരണം ശരീരത്തിന്റെ ഊർജ ആവശ്യകത വർധിക്കുന്നു. ശരീരത്തിന് പെട്ടെന്ന് ഊർജം നൽകുന്നതും ദഹിക്കാൻ എളുപ്പമുള്ളതുമായ ഭക്ഷണങ്ങളാണ് രോഗിക്ക് നൽകേണ്ടത്.

അനുവദനീയമായ ഭക്ഷണങ്ങൾ

അരി, കഞ്ഞി, സൂപ്പ്, കുറുക്ക് എന്നിവ ശരീരത്തിന് ആവശ്യമായ കാർബോ ഹൈഡ്രേറ്റ് നൽകുന്നു. പയർവർഗങ്ങൾ, മുട്ട, ചിക്കൻ, പാൽ തുടങ്ങിയവ കോശങ്ങളുടെ പുനരുദ്ധാരണത്തിനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. ധാരാളം വെള്ളം, തേങ്ങാവെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിച്ച് ജലാംശം (Hydration) നിലനിർത്തേണ്ടത് പ്രധാനമാണ്.

ഒഴിവാക്കേണ്ടവ

വറുത്തതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ, എരിവും പുളിയും കൂടിയ ഭക്ഷണം എന്നിവ ദഹനത്തെ പ്രയാസപ്പെടുത്തും. മദ്യപാനവും കഫീൻ അടങ്ങിയ പാനീയങ്ങളും പൂർണമായും ഒഴിവാക്കണം.

പ്രതിരോധം ചികിത്സയേക്കാൾ നല്ലത്

കൊതുകുകളുടെ കടിയിൽ നിന്നുള്ള പ്രതിരോധമാണ് മലേറിയ നിയന്ത്രണത്തിലെ ഏറ്റവും നിർണായക ഘടകം. വീടുകളിൽ കൊതുക് വലകൾ ഉപയോഗിക്കുക, കൊതുക് നിവാരണ മാർഗങ്ങൾ സ്വീകരിക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക എന്നിവ ശീലമാക്കണം. പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതെ നോക്കുന്നതിലൂടെ കൊതുകുകളുടെ ഉറവിട കേന്ദ്രങ്ങൾ ഇല്ലാതാക്കാം. ഗർഭിണികൾ, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ, പ്രായമായവർ എന്നിവർ രോഗം വരാതിരിക്കാൻ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

സമയബന്ധിതമായ ചികിത്സയും പോഷകസമൃദ്ധമായ ഭക്ഷണവും രോഗലക്ഷണങ്ങളെ കുറക്കാനും സങ്കീർണതകൾ ഒഴിവാക്കാനും സഹായിക്കും. മലേറിയ എന്ന ഈ മഹാമാരിയെ ഇല്ലാതാക്കാൻ ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങളും നമ്മുടെ ജാഗ്രതയും അനിവാര്യമാണ്. മലേറിയ രഹിത ലോകത്തിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.

Content Highlights:
World Malaria Day emphasizes the need for equitable access to treatment and prevention to eradicate this life-threatening disease caused by the Plasmodium parasite. Key symptoms include high fever with chills, headache, and fatigue, requiring immediate medical attention and blood tests to avoid severe complications like cerebral malaria. While there is no specific diet, recovery is aided by hydrating fluids and protein-rich, easily digestible foods while avoiding fatty or processed items.

 

Latest