Connect with us

Ongoing News

ലോക ചെസ്: പ്രഗ്‌നാനന്ദ-കാള്‍സണ്‍ പോരാട്ടത്തിലെ ആദ്യ ഗെയിം സമനിലയില്‍

ഇന്ന് നടക്കുന്ന രണ്ടാം ഗെയിമില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടും.

Published

|

Last Updated

ബകു (അസര്‍ബെയ്ജാന്‍) | ഫിഡെ ലോകകപ്പ് ചെസ് ഫൈനലിലെ ആദ്യ ഗെയിം സമനിലയില്‍. ഇന്ത്യയുടെ രമേഷ് ബാബു പ്രഗ്‌നാനന്ദയും നോര്‍വീജിയന്‍ താരവും ലോക ഒന്നാം നമ്പറുമായ മാഗ്‌നസ് കാള്‍സണും തമ്മിലുള്ള മത്സരമാണ് സമനിലയിലായത്. 35 നീക്കങ്ങള്‍ക്കു ശേഷമാണ് ഗെയിം തുല്യനിലയില്‍ കലാശിച്ചത്. വെള്ള കരുക്കളുമായി കളിച്ച പ്രഗ്‌നാനന്ദ തുടക്കത്തില്‍ മുന്നിലായിരുന്നു. എന്നാല്‍, മുന്‍തൂക്കം നിലനിര്‍ത്താന്‍ താരത്തിന് കഴിയാതെ വരികയും സമയം പാലിക്കാനാകാത്തത് പ്രതികൂലമാവുകയും ചെയ്തു.

ഇന്ന് നടക്കുന്ന രണ്ടാം ഗെയിമില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടും. ലോക മൂന്നാം നമ്പറായ ഇറ്റാലിയന്‍-അമേരിക്കന്‍ ഫാബിയാനോ കരൗനെയെ സെമിയില്‍ അട്ടിമറിച്ചാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കലാശപ്പോരാട്ടത്തിലേക്ക് കുതിച്ചത്. ടൈബ്രേക്കറിലായിരുന്നു വിജയം. കാന്‍ഡിഡേറ്റ് മത്സരത്തിനും താരം യോഗ്യത നേടി. ബോബി ഫിഷറിനും മാഗ്‌നസ് കാള്‍സനും ശേഷം കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് പ്രഗ്‌നാനന്ദ. ലോകകപ്പ് ചെസില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് അവതരിപ്പിക്കപ്പെട്ട ശേഷം ആദ്യമായി ഫൈനലില്‍ പ്രവേശിക്കുന്ന താരമെന്ന നേട്ടവും പ്രഗ്നാനന്ദ സെമി വിജയത്തോടെ സ്വന്തമാക്കി.

മൂന്നാം സ്ഥാനക്കാരനെ നിര്‍ണയിക്കാനുള്ള മത്സരത്തിലെ ആദ്യ ഗെയിമില്‍ ഫാബിയാനോ കരൗനെയെ പരാജയപ്പെടുത്തിയ അസര്‍ബെയ്ജാന്റെ നിജത് അബസോവ് 1-0ത്തിന്റെ ലീഡ് നേടി.

 

---- facebook comment plugin here -----

Latest