National
ഹൈക്കമാന്റ് ആവശ്യപ്പെട്ടാൽ കർണാടക മുഖ്യമന്ത്രിപദം ഏറ്റെടുക്കും: പ്രിയങ്ക് ഖാർഗെ
കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ അമിത് ഷായിൽ നിന്ന് സംസ്ഥാന ബിജെപി നേതാക്കൾ 1000 കോടി ആവശ്യപ്പെട്ടുവെന്നുള്ള ഗുരുതര ആരോപണങ്ങൾ പ്രിയങ്ക് നേരത്തെ ഉന്നയിച്ചിരുന്നു.
ന്യൂഡൽഹി | കോൺഗ്രസ്സ് ഹൈക്കമാന്റ് ആവശ്യപ്പെട്ടാൽ കർണാടക മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സംസ്ഥാന ഐ.ടി മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ. മുഖ്യമന്ത്രിയാവുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പ്രിയങ്ക് ഖാർഗെയുടെ മറുപടി.
ഹൈക്കമാന്റ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാകാൻ സമ്മതം മൂളുമെന്നായിരുന്നു പ്രിയങ്ക ഖാർഗെയുടെ മറുപടി. കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ അമിത് ഷായിൽ നിന്ന് സംസ്ഥാന ബിജെപി നേതാക്കൾ 1000 കോടി ആവശ്യപ്പെട്ടുവെന്നുള്ള ഗുരുതര ആരോപണങ്ങൾ പ്രിയങ്ക് നേരത്തെ ഉന്നയിച്ചിരുന്നു. ഓരോരുത്തർക്കും 50 കോടിയും മന്ത്രിസ്ഥാനവും വാഗ്ധാനം ചെയ്ത് കോൺഗ്രസ്സ് എംഎൽഎമാരെ ബിജെപി സമീപിച്ചെന്ന് പാർട്ടി എംഎൽഎ രവികുമാർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പ്രയങ്ക് ഖാർഗെയുടെ പ്രസ്താവന പുറത്തുവന്നത്.
എന്നാൽ അഞ്ച് വർഷവും അധികാരത്തിൽ തുടരുമെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയത്. രണ്ടര വർഷം കഴിഞ്ഞാൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുമെന്ന് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങൽ വന്നതിനു ശേഷമാണ് ഈ വാക്ക്‌പോര് ഉടലെടുത്തത്. പാർട്ടിയിൽ നിലവിൽ യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്ന് അധ്യക്ഷൻ ഡി.കെ ശിവകുമാറും വ്യക്തമാക്കി.




