National
ജാതി സമവാക്യങ്ങൾ മാറ്റുമോ ദ്രാവിഡ രാഷ്ട്രീയം
എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ മൂന്നാം തവണയും അധികാര ത്തിലെത്താനുള്ള കരുക്കളാണ് നീക്കുന്നത്.
ചെന്നൈ | ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുകയാണ് തമിഴ്‌നാട്ടിൽ. മാറിമറിയുന്ന സഖ്യങ്ങൾ, പുതിയ പാർട്ടികളുടെ ഉദയം, സ്ഥാനാർഥിത്വം, രാഷ്ട്രീയ വൈരാഗ്യങ്ങൾ തുടങ്ങിയവയൊക്കെ ദ്രാവിഡ രാഷ്ട്രീയത്തെ എങ്ങനെ പിടിച്ചുകുലുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉ റ്റുനോക്കുന്നത്. എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ മൂന്നാം തവണയും അധികാര ത്തിലെത്താനുള്ള കരുക്കളാണ് നീക്കുന്നത്. കോൺഗ്രസ്സ്, കമൽ ഹാസന്റെ മക്കൾ നീതി മയ്യം, വിജയകാന്ത് സ്ഥാപിച്ച ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം തുടങ്ങിയ പുതിയ സഖ്യകക്ഷികളുടെ പിന്തുണയോടെ അധികാരം നിലനിർത്തുകയാണ് ലക്ഷ്യം.
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പ്രതിമാസ സാമ്പത്തിക സഹായം, ക്ഷേമ പദ്ധതികൾ തുടങ്ങിയ ഭരണനേട്ടങ്ങൾ ഉയർത്തിയാണ് ഡി എം കെ വോട്ട് തേടുന്നത്. എൻ ഡി എയും വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി വി കെയുമാണ് ഡി എം കെയുടെ എതിരാളികൾ. ത്രിഭാഷാ നയം, ഹിന്ദി അടിച്ചേൽപ്പിക്കൽ തുടങ്ങിയവയാണ് ബി ജെ പി ലക്ഷ്യമെന്നും തമിഴ്‌നാട് സംസ്‌കാരത്തെ ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഡി എം കെ ആരോപിക്കുന്നു. വീണ്ടും അധികാരത്തിലെത്തിയാൽ സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കുമെന്നും സ്റ്റാലിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം, ക്രമസമാധാന പ്രശ്നങ്ങൾ, സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് ദുരുപയോഗം, കുടുംബ കേന്ദ്രീകൃത രാഷ്ട്രീയം തുടങ്ങിയ ആരോപണങ്ങളാണ് എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ തിരിച്ചുവരവിന് ശ്രമിക്കുന്ന എ ഐ എ ഡി എം കെ- ബി ജെ പി സഖ്യം സർക്കാറിനെതിരെ ഉന്നയിക്കുന്നത്. ജയലളിതയുടെ മരണത്തോടെ തകർച്ചയുടെ വക്കിലെത്തിയ പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ് പളനിസ്വാമിയുടെ ലക്ഷ്യം. ഇതിന് മുന്നോടിയായി തേവർ സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കുന്നതിനായി പാർട്ടി വിട്ട ടി ടി വി ദിനകരനെ എൻ ഡി എയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
എന്നാൽ, സഖ്യത്തിലെ കല്ലുകടി പൂർണമായും ഇല്ലാതാക്കാൻ നേതൃത്വത്തിനായിട്ടില്ലെന്നതിന് തെളിവാണ് പട്ടാളി മക്കൾ കച്ചി സ്ഥാപകൻ എസ് രാമദോസും അദ്ദേഹത്തിന്റെ മകൻ അൻപുമണി രാമദോസും തമ്മിലുള്ള പോര്. ഇത് വണ്ണിയാർ വോട്ടുകൾ ഭിന്നിപ്പിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. വി കെ ശശികലയും ഒ പനീർസെൽവവും പാർട്ടി വിട്ടത് തേവർ വോട്ട് ബേങ്ക് വിഭജിക്കുമെന്നാണ് വിലയിരുത്തൽ. ഇത് എ ഐ എ ഡി എം കെ സഖ്യത്തിന് ദോഷം ചെയ്യുമെന്നും പറയപ്പെടുന്നു.
നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടി വി കെ ആണ് മറ്റൊരു വെല്ലുവിളി. നിയമസഭാ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന ടി വി കെ, ഡി എം കെക്കും ബി ജെ പിക്കും വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. യുവാക്കളുടെയും സ്ത്രീകളുടെയും പിന്തുണയാണ് വിജയ്‌യുടെ കരുത്ത്. ബി ജെ പിയെ തന്റെ പ്രത്യയശാസ്ത്ര എതിരാളിയെന്നും ഡി എം കെയെ തന്റെ രാഷ്ട്രീയ ശത്രുവെന്നുമാണ് വിജയ് വിശേപ്പിച്ചത്. എന്നാൽ, രാഷ്ട്രീയത്തിൽ വിജയ് ശിശുവാണെന്നതും ശക്തമായ നേതൃത്വം ഇല്ലാത്തതും പാർട്ടിക്ക്
തിരിച്ചടിയാണ്. കരൂരിൽ റാലിക്കിടെതിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവം ടി വി കെക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ചരിത്രം പരിശോധിച്ചാൽ ശിവാജി ഗണേശൻ, വിജയകാന്ത് എന്നിവരുൾപ്പെടെ നിരവധി തമിഴ് നടന്മാർ ജനപ്രീതിയെ അധികാരത്തിലേക്ക് മാറ്റുന്നതിൽ പരാജയപ്പെട്ടവരാണ്. ഇതേ ചരിത്രം വിജയ് ആവർത്തിക്കുമോയെന്നാണ് തമിഴ്നാട് ഉറ്റുനോക്കുന്നത്.
അതേസമയം, ശക്തമായ തമിഴ് അനുകൂല, ദേശീയവാദ നിലപാടുകളുടെ അടിസ്ഥാനത്തിൽ, സീമാന്റെ നാം തമിഴർ കച്ചി ഒറ്റയാൾ പോരാട്ടമാണ് നടത്തുന്നത്. വി കെ ശശികലയും പി എം കെ സ്ഥാപകൻ എസ് രാമദോസും തമ്മിലുള്ള രാഷ്ട്രീയ ധാരണ തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നും കണക്കുകൂട്ടലുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള വോട്ട് ബേങ്കുകളെ ഇത് വിഘടിപ്പിക്കാൻ സാധ്യതയുണ്ട്. അതിശക്തമായ മത്സരം നടക്കുന്ന തമിഴ്നാട്ടിൽ ജാതി സമവാക്യങ്ങളാകും ആരു ഭരിക്കുമെന്ന് തീരുമാനിക്കുക.







