Kerala
പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ബൈക്ക് നിര്‍ത്തി ഇരുവരും ഇറങ്ങിയത് ആനയുടെ മുന്നിലേക്കാണ്
പത്തനംതിട്ട | ളാഹയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ടാപ്പിങ്ങ് തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറ്റാര്‍ മണക്കയം അന്‍സിയ മന്‍സിലില്‍ ഷാം എ (53), റാന്നി പെരുനാട് പൊട്ടന്‍മൂഴി മാങ്കമണ്ണില്‍ സലാഹുദ്ദീന്‍ എന്നിവരാണ് പരുക്കുകളോട് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45 ഓടെ ളാഹ മുസ്ലീം പള്ളിക്ക് സമീപമായിരുന്നു കാട്ടാന ആക്രമണം. ളാഹ ചെമ്പകത്തറയില്‍ റബ്ബര്‍ ടാപ്പിംഗിനായി സുഹൃത്ത് സലാഹുദീനുമൊത്ത് പോയതായിരുന്നു ഷാം. ബൈക്ക് നിര്‍ത്തി ഇരുവരും ഇറങ്ങിയത് ആനയുടെ മുന്നിലേക്കാണ്. ആന തൊട്ടടുത്തെത്തിയതിനാല്‍ ഓടാന്‍ പോലും കഴിഞ്ഞില്ലെന്ന് ഷാം പറഞ്ഞു.
തോളിലുണ്ടായിരുന്ന ബാഗില്‍ കൊമ്പ് കോര്‍ത്ത് ആന ഷാമിനെ ദൂരത്തേക്ക് വലിച്ചെറിഞ്ഞു. കാലില്‍ ആന കാലുകൊണ്ട് തട്ടിയതിനാല്‍ ഇടതുകാലിനും പരുക്കേറ്റു. ഭയന്ന് ഉറക്കെ നിലവിളിച്ചതോടെ സമീപത്തെ പള്ളിയില്‍ നിന്നും ആളുകള്‍ ഓടി വന്നു. ആന വീണ്ടും ആക്രമിക്കാന്‍ മുതിരാതെ പിന്മാറിയത് കൊണ്ട് ഷാമിന്റെ ജീവന്‍ രക്ഷപ്പെട്ടു . വല്ലാതെ ഭയന്ന് പോയെന്നും, ആന തൊട്ടടുത്തെത്തിയ ശേഷമാണ് കണ്ടതെന്നും പറയുമ്പോഴും, കൂടെയുണ്ടായിരുന്ന സലാഹുദീന്റെ വിറയല്‍ മാറിയിട്ടില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് ഇരുവരും രക്ഷപ്പെട്ടത്. പരുക്കേറ്റ ഷാമിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സ നല്‍കിയ ശേഷം വനപാലകര്‍ തിരികെ വീട്ടില്‍ എത്തിച്ചു
കഴിഞ്ഞ 8 മാസത്തിലധികമായി പ്രദേശത്ത് കാട്ടാന ശല്ല്യം രൂക്ഷമാണെന്നും നിരവധി വീടുകളും കൃഷിയും നശിപ്പിച്ചെന്നും പ്രദേശവാസികള്‍ പറയുന്നു.
Content Highlights: Two rubber tapping workers miraculously escaped a wild elephant attack at Laha in Pathanamthitta. Sham suffered injuries after being thrown by the jumbo and was treated at Pathanamthitta General Hospital. Locals report severe wild elephant menace in the area over the last eight months.







