Connect with us

From the print

കേരളത്തില്‍ പരക്കെ മഴക്ക് സാധ്യത; കൊടുംചൂടിന് കുറവുണ്ടാകില്ല

വിഷു കഴിഞ്ഞാൽ വിത്തിറക്കാനൊരുങ്ങി കർഷകർ

Published

|

Last Updated

കൊച്ചി | “വിഷുക്കാലം കഴിഞ്ഞാൽ മഴക്കാലം’ എന്ന പഴഞ്ചൊല്ല് വിശ്വസിച്ച് വിത്തിറക്കാൻ കാത്തിരിക്കുന്ന കർഷകർക്ക് സംസ്ഥാനം കടന്നുപോകുന്ന അത്യുഷ്ണത്തിലും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ഈമാസം 18 വരെ കേരളത്തിൽ പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് വന്നതോടെ വിഷു കഴിഞ്ഞാലുടൻ കൃഷിക്ക് നിലമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.

മിക്ക ജില്ലകളിലും വരുംദിവസങ്ങളിൽ മിതമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിൽ തുടർച്ചയായ ദിവസങ്ങളിൽ മിതമായ മഴയുണ്ടാകും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇടവിട്ട ദിവസങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും സമാനമായ പ്രവണതയാണ് കാണുന്നത്. ലക്ഷദ്വീപിൽ കുറഞ്ഞ തോതിൽ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. അറബിക്കടലിൽ മാലിദ്വീപിനടുത്തായി ന്യൂനമർദ സമാനമായി മഴമേഘങ്ങൾ ശക്തിപ്രാപിച്ചതാണ് കേരള തീരത്ത് ചെറിയതോതിൽ മഴ ലഭിക്കാനിടയാക്കുന്നത്. എന്നാൽ ഇത് രണ്ട്, മൂന്ന് ദിവസം കൊണ്ട് ദുർബലമായേക്കാമെന്നും സൂചനയുണ്ട്.

വിഷുവിനോടനുബന്ധിച്ചുള്ള ദിനങ്ങൾ ദക്ഷിണായനം കഴിഞ്ഞ് സൂര്യൻ ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്ന ദിനങ്ങളായതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ ഇടവിട്ട് മഴ ലഭിക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തിനിടയിലും വിഷു കഴിഞ്ഞാൽ കൃഷിയിറക്കാൻ കഴിയുന്ന വിധത്തിൽ ഇടവിട്ട് മഴ ലഭിക്കുമെന്നാണ് മുൻവർഷങ്ങളിലെ അനുഭവം. ജൂൺ ഒന്നിന് ആരംഭിക്കേണ്ട തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുന്നതു വരെ ഇത് തുടരും. വിഷുവിനു ശേഷം കേരളത്തിൽ പ്രധാനമായും വേനൽക്കാല പച്ചക്കറികളും കിഴങ്ങുവർഗങ്ങളുമാണ് കൃഷി ചെയ്യുന്നത്. പയർ, മത്തൻ, വെള്ളരി, വെണ്ട, ചീര, കയ്പക്ക, പടവലം, ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, തെങ്ങ്, വാഴ, പപ്പായ തുടങ്ങിയവ നടുന്ന സമയമാണിത്.

അതേസമയം മിതമായ വേനൽമഴ കൊണ്ട് വേനൽച്ചൂടിന് ആശ്വാസം ലഭിക്കാൻ സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുന്നതാണ് കേരളത്തിലിപ്പോൾ താപനിലയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ പ്രധാന കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മുകളിൽ സൂര്യൻ നേരിട്ട് പതിക്കുന്നതിനാൽ അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത കൂടുതലാണ്. ഇതിനൊപ്പം മഴമേഘങ്ങളുടെ അഭാവവും വടക്കൻ അറബിക്കടലിൽ നിന്നുള്ള എതിർചക്രവാതവും ചൂടുകൂടിയ വായുസഞ്ചാരവും അസഹ്യമായ ചൂടിന് വഴിവെക്കുന്നു.
അതേസമയം, വ്യാജ വാർത്തകൾക്കെതിരെ കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 45 മുതൽ 55 ഡിഗ്രി വരെ താപനില ഉയരുമെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് വിശ്വസിക്കരുതെന്ന് അധികൃതർ വ്യക്തമാക്കി.

Latest