Connect with us

Kerala

ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് അഭ്യുഹം; പാളത്തിലേക്ക് ചാടിയവര്‍ എതിരെ വന്ന ട്രെയിനിടിച്ചു മരിച്ചു

മധ്യപ്രദേശിലെ മൊറേന ജില്ലയിലുള്ള ഹേതംപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് വൈകുന്നേരമുണ്ടായ സംഭവത്തില്‍ നാലു പേരാണ് മരിച്ചത്

Published

|

Last Updated

മധ്യപ്രദേശ് | ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് ആരോ വിളിച്ചു പറഞ്ഞുതുകേട്ട് പാളത്തിലേക്ക് ചാടിയ നാല് യാത്രക്കാര്‍ എതിരെ വന്ന ട്രെയിനിടിച്ചു മരിച്ചു. മധ്യപ്രദേശിലെ മൊറേന ജില്ലയിലുള്ള ഹേതംപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്.

അപകടത്തില്‍ മരിച്ച നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആഗ്ര സ്വദേശിയായ അഫ്രീന്‍ (35), ഇവരുടെ നാല് വയസുകാരനായ മകന്‍, ആഗ്ര സ്വദേശിനിയായ ശകുന്തള (60), രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിനിയായ വീര്‍മ ദേവി (60) എന്നിവരാണ് മരിച്ചത്.

വൈകിട്ട് 4.15 ഓടെ ഝാന്‍സി ഡിവിഷനിലെ ഹേതംപൂരിനും ധോല്‍പൂരിനും ഇടയില്‍ ഖജുരാഹോ- ഉദയ്പൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ജനറല്‍ കോച്ചിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ അപായ ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് ആരോ വിളിച്ചുപറഞ്ഞതോടെ കോച്ചിലുണ്ടായിരുന്ന യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ട്രാക്കിലേക്കിറങ്ങുകയായിരുന്നു. ഈ സമയം അടുത്ത ലൈനിലൂടെ വന്ന ഫിറോസ്പൂര്‍- സിയോണി പാതാല്‍കോട്ട് എക്സ്പ്രസ് ട്രാക്കിലുണ്ടായിരുന്ന യാത്രക്കാരെ ഇടിക്കുകയായിരുന്നു. നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഏത് സാഹചര്യത്തിലാണ് അപായ ചങ്ങല വലിച്ചതെന്നും വ്യാജപ്രചാരണം ഉണ്ടായതെന്നും കണ്ടെത്താന്‍ ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരടങ്ങുന്ന സമിതി രൂപീകരിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

---- facebook comment plugin here -----

Latest