Connect with us

encroaching

വിനോദസഞ്ചാര മേഖലയിൽ വ്യാപക കൈയേറ്റം; ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ

കായൽ, കടൽ കൈയേറ്റവും വ്യാപകമായി നടന്നിട്ടുണ്ട്.

Published

|

Last Updated

ആലപ്പുഴ | വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ നിക്ഷേപമെത്തുമ്പോഴും നിയമവിരുദ്ധ നിർമാണവും ഭൂമി കൈയേറ്റവും വ്യാപകമാകുന്നു. സംസ്ഥാനത്തുടനീളം ഹെക്്ടർ കണക്കിന് സർക്കാർ ഭൂമി ടൂറിസം മാഫിയ കൈയേറിയിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. ഇതിൽ കൂടുതലും ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ്. കായൽ, കടൽ കൈയേറ്റവും വ്യാപകമായി നടന്നിട്ടുണ്ട്.

തീരപരിപാലന നിയമം ലംഘിച്ച് നിർമിക്കപ്പെട്ട നിരവധി റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയിൽ പലതും കായൽ നികത്തിയും കടൽതീരം കൈയേറിയുമാണ് പ്രവർത്തിക്കുന്നത്. ഏക്കർ കണക്കിന് ഭൂമി കൈയേറിയാണ് ചെറുകിട- വൻകിട റിസോർട്ടുകൾ നിർമിച്ചുവരുന്നത്. കായൽ നികത്തലിന് പുറമെ, വൻതോതിൽ കായൽ വളച്ചുകെട്ടി സ്വന്തം ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്ന നിരവധി റിസോർട്ടുകളുമുണ്ട്. കടലാക്രമണത്തിൽ നിന്ന് തീരപ്രദേശത്തെ സംരക്ഷിക്കാൻ കോടികൾ ചെലവഴിച്ച് സർക്കാർ നിർമിച്ച കടൽഭിത്തിയടക്കം വളച്ചുകെട്ടി സ്വന്തമാക്കിയ റിസോർട്ടുകളും തീരദേശ ജില്ലകളിലെങ്ങും പ്രവർത്തിച്ചുവരുന്നു. തീരദേശത്തെ ഇത്തരം റിസോർട്ടുകൾക്ക് മുന്നിലൂടെയുള്ള ജനസഞ്ചാരം പോലും ഉടമകൾ തടയുന്നതായും ആക്ഷേപമുണ്ട്.

ആലപ്പുഴയിൽ 200 ഏക്കർ
ആലപ്പുഴ ജില്ലയിൽ മാത്രം 200 ഏക്കറോളം ഭൂമി വിനോദസഞ്ചാര മേഖലയിൽ കൈയേറ്റത്തിലൂടെ സർക്കാറിന് നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. കായൽ, കടൽ തീര കൈയേറ്റങ്ങളുടെ കണക്ക് ഇതിലും പലമടങ്ങ് വരുമെന്ന് റവന്യൂ അധികൃതർ ചൂണ്ടിക്കാട്ടുന്നു.

നഷ്ടം കെ എസ് ഇ ബിക്കും
ഇടുക്കി ജില്ലയിൽ കൈയേറ്റത്തിലൂടെ ഏറ്റവുമധികം ഭൂമി നഷ്ടമായിട്ടുള്ളത് വൈദ്യുതി ബോർഡിനാണ്. വിവിധ ജലവൈദ്യുത പദ്ധതികൾക്കായുള്ള ഹെക്ടർ കണക്കിന് ഭൂമിയാണ് നഷ്ടമായിരിക്കുന്നത്. തിരുവനന്തപുരത്തും ഏക്കർകണക്കിന് ഭൂമി റിസോർട്ടുകൾ കൈയേറിയിട്ടുണ്ട്.

ഇത്തരത്തിൽ വിനോദസഞ്ചാര മേഖലയിൽ കൈയേറപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പ് റവന്യൂ വകുപ്പ് ആരംഭിച്ചുകഴിഞ്ഞു. വിവിധ കേന്ദ്രങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി ഇതിനകം നിരവധി ഉത്തരവുകൾ റവന്യൂ വകുപ്പ് ഇറക്കിയെങ്കിലും വ്യവഹാരങ്ങളിൽ പെട്ട് പലതും നടപ്പാക്കുന്നതിന് സാധിച്ചിട്ടില്ല.

Latest