Connect with us

Articles

എന്തുകൊണ്ട് ഗുജറാത്ത് ഹൈക്കോടതി?

ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുള്ള ചില വിധികള്‍ വായിക്കാന്‍ ബഹുരസമാണെന്ന് പരിഹാസ സ്വരത്തില്‍ സുപ്രീം കോടതി പ്രസ്താവിച്ചത് രണ്ട് മാസം മുമ്പാണ്. സംഗതി അവിടെയും നില്‍ക്കാതായപ്പോഴാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പരുഷ ഭാഷയില്‍ പരമോന്നത കോടതിക്ക് കലഹിക്കേണ്ടി വന്നത്. ആ കലഹ ചോദ്യത്തിനുള്ള മറുപടി ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് സ്ഥലംമാറ്റം ആഗ്രഹിക്കാതെ പുര നിറഞ്ഞുനില്‍ക്കുന്ന നാല് ന്യായാധിപരിലുണ്ട്.

Published

|

Last Updated

ബലാത്സംഗ അതിജീവിതയോട് പോയി മനുസ്മൃതി വായിക്കാന്‍ പറയുക, കൊലപാതകക്കേസില്‍ ഖാപ് പഞ്ചായത്ത് മാതൃകയില്‍ ഒത്തുതീര്‍പ്പ് നടത്തുക, രാജ്യത്തെ പരമോന്നത കോടതിയുടെ വിധി മറികടക്കുക തുടങ്ങിയ ‘കലാപരിപാടികളാ’ല്‍ ഗുജറാത്ത് ഹൈക്കോടതി രാജ്യത്തെ തന്നെ ഞെട്ടിപ്പിച്ചുകൊണ്ടിരിക്കെയാണ് സുപ്രീം കോടതി ചില ശക്തമായ ചോദ്യങ്ങള്‍ ചോദിച്ചത്. ഒന്നിനു പിറകെ രണ്ട് തവണ രാജ്യത്തെ ഒരു ഭരണഘടനാ കോടതിയോട് പരമോന്നത നീതിപീഠത്തിന് തീരേ രസമില്ലാത്ത തങ്ങളുടെ ആശങ്കകള്‍ കടുത്ത ഭാഷയില്‍ അറിയിക്കേണ്ടി വന്നതില്‍ തന്നെ കാര്യഗൗരവം സ്പഷ്ടമാണ്. ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുള്ള ചില വിധികള്‍ വായിക്കാന്‍ ബഹുരസമാണെന്ന് പരിഹാസ സ്വരത്തില്‍ സുപ്രീം കോടതി പ്രസ്താവിച്ചത് രണ്ട് മാസം മുമ്പാണ്. സംഗതി അവിടെയും നില്‍ക്കാതായപ്പോഴാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പരുഷ ഭാഷയില്‍ പരമോന്നത കോടതിക്ക് കലഹിക്കേണ്ടി വന്നത്. ആ കലഹ ചോദ്യത്തിനുള്ള മറുപടി ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് സ്ഥലംമാറ്റം ആഗ്രഹിക്കാതെ പുര നിറഞ്ഞുനില്‍ക്കുന്ന നാല് ന്യായാധിപരിലുണ്ട്. ഗുജറാത്ത് ഹൈക്കോടതിയില്‍ ഇപ്പോഴുള്ള ആ ന്യായാധിപ പ്രമുഖര്‍ അവിടെത്തന്നെ നിന്നോട്ടെ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. അതുകൊണ്ടാണ് കൊളീജിയം നിയമനങ്ങളില്‍ മാത്രമല്ല സ്ഥലംമാറ്റത്തിലും വിവേചനാപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ സുപ്രീം കോടതിക്ക് കേന്ദ്ര സര്‍ക്കാറിനോട് പോയവാരം പ്രതിഷേധമറിയിക്കേണ്ടി വന്നത്.

രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി വിധിക്കെതിരെ മറ്റൊരു കോടതിക്കും വിധി പറയാനാകില്ലെന്ന കാര്യം ഏത് നിയമ വിദ്യാര്‍ഥിക്കും അറിയുന്നതാണ്. എന്നാല്‍ അങ്ങനെ ഉണ്ടാകരുതെന്നും അത് ഭരണഘടനാ തത്ത്വശാസ്ത്രത്തിന് വിരുദ്ധമാണെന്നും ഗുജറാത്ത് ഹൈക്കോടതിയോട് ആവശ്യപ്പെടേണ്ടി വന്നു കഴിഞ്ഞ ആഗസ്റ്റ് 21ന് സുപ്രീം കോടതിക്ക്. കോടതി ഉത്തരവിലൂടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതായിരുന്നു ബലാത്സംഗ അതിജീവിതയായ പെണ്‍കുട്ടി. ജസ്റ്റിസ് സമീര്‍ ജെ ദേവിന്റെ സിംഗിള്‍ ബഞ്ചായിരുന്നു ഹരജി കേട്ടത്. അതിജീവിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള മെഡിക്കല്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷവും അസാധാരണമാം വിധം പന്ത്രണ്ട് നാള്‍ കഴിഞ്ഞുള്ള ദിവസത്തേക്ക് കേസ് നീട്ടിവെച്ചു ജഡ്ജി. അതിനെതിരെ ഹരജിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. അതില്‍ ആഗസ്റ്റ് 19 ശനിയാഴ്ച സുപ്രീം കോടതി പ്രത്യേക സിറ്റിംഗ് നടത്തി ഹരജി കേട്ട് തൊട്ടടുത്ത പ്രവൃത്തി ദിനമായ തിങ്കളാഴ്ച വിധി പറയാനിരിക്കെ ശനിയാഴ്ച ചാടിക്കേറി വിധിപറഞ്ഞു കളഞ്ഞു ഗുജറാത്ത് ഹൈക്കോടതി. അതുവഴി പരമോന്നത നീതിപീഠത്തിനു മുകളില്‍ പറക്കാനുള്ള ശ്രമമാണ് ഗുജറാത്ത് ഹൈക്കോടതി നടത്തിയത്. അതിലുപരി ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ നടപടികളൊക്കെയാകാം എന്ന് കരുതുന്ന ന്യായാധിപന്‍ ഒരു ഹൈക്കോടതിയില്‍ ഹരജികള്‍ കേള്‍ക്കുന്നു എന്നത് കാര്യം നിസ്സാരമല്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. അത് ഗുജറാത്ത് ഹൈക്കോടതിയിലാണെന്നതിന് വേറെയും പ്രാധാന്യമുണ്ട്. ഭരണഘടനാ മൂല്യങ്ങള്‍ക്കും നീതിന്യായ തത്ത്വങ്ങള്‍ക്കും വിരുദ്ധമായ നിരീക്ഷണങ്ങളും വിധി പ്രസ്താവങ്ങളും സമീപ കാലത്ത് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് കൂടെക്കൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നു. അവയില്‍ മിക്കവാറും വിധികള്‍ ഭരണകൂടത്തിന് ഹിതകരമായതുമാണ്. ഇന്ത്യന്‍ ഫാസിസത്തിന്റെ പരീക്ഷണശാലയായ ഗുജറാത്തില്‍ ഏറെക്കാലമായി, വര്‍ഗീയ വിഭജനത്തിലൂടെ സാധ്യമാക്കിയെടുത്ത ഭരണത്തിന്റെ തുടര്‍ച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും നമുക്കറിയാം.

ജസ്റ്റിസ് സമീര്‍ ജെ ദേവ് മുമ്പും വിവാദ വിധിയുടെ ഭാഗമായിരുന്നു. ബലാത്സംഗത്തിനിരയായ നിയമപരമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പിതാവ് സമര്‍പ്പിച്ച ഹരജിയിലാണ് പോയി മനുസ്മൃതി വായിക്കൂ എന്ന് പെണ്‍കുട്ടിയോട് ന്യായാധിപന്‍ ആവശ്യപ്പെട്ടത്. നേരത്തേ സുപ്രീം കോടതി കൊളീജിയം ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് സ്ഥലംമാറ്റത്തിന് നാമനിര്‍ദേശം ചെയ്തയാളാണ് പരാമര്‍ശിത ന്യായാധിപന്‍.

മാനനഷ്ടക്കേസില്‍ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷ തടവ് വിധിച്ച വിചാരണാ കോടതി ജഡ്ജിയുടെ വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ജസ്റ്റിസ് ഹേമന്ത് എം പ്രചക് ആയിരുന്നു ഹരജി കേട്ടത്. രാഹുല്‍ ഗാന്ധിയുടെ ഹരജി തള്ളിയ അദ്ദേഹം വിചാരണാ കോടതി വിധി നീതിയും ന്യായവും നിയമപരവുമാണെന്ന തീര്‍പ്പിലായിരുന്നു എത്തിയത്. എന്നാല്‍ സുപ്രീം കോടതിയിലെത്തിയപ്പോള്‍ ചിത്രം മാറി. മാനനഷ്ടക്കേസില്‍ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷ തടവിന് രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കാന്‍ തക്കതായ ഒരു കാരണവും വിചാരണാ കോടതി ജഡ്ജി ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് പ്രസ്താവിച്ച പരമോന്നത നീതിപീഠം ശിക്ഷാവിധി സ്റ്റേ ചെയ്യുകയായിരുന്നു. വിചാരണാ കോടതി വിധിയെ നേര്‍ക്കുനേര്‍ പരിശോധിക്കാതെ യാന്ത്രികമായി വിധിപറയുകയായിരുന്നു ഗുജറാത്ത് ഹൈക്കോടതി ജഡ്ജി എന്ന വിമര്‍ശം അപ്പോള്‍ ഉയര്‍ന്നു വന്നിരുന്നു. ജസ്റ്റിസ് ഹേമന്ത് എം പ്രചകും സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ ആഗസ്റ്റില്‍ സ്ഥലംമാറ്റത്തിന് നാമനിര്‍ദേശം ചെയ്ത ലിസ്റ്റിലുണ്ടായിരുന്ന ന്യായാധിപനാണ്.

കൊലപാതക കേസില്‍ ജാമ്യം ലഭിക്കുന്നതിനായുള്ള ഒത്തുതീര്‍പ്പിന് ചുവടെ ഗുജറാത്ത് ഹൈക്കോടതി കൈയൊപ്പ് ചാര്‍ത്തിയതും കഴിഞ്ഞ ആഗസ്റ്റില്‍ തന്നെയാണ്. കൊല്ലപ്പെട്ടയാളുടെ മകനും കുറ്റാരോപിതനും തമ്മില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ആരോപിക്കപ്പെട്ടയാള്‍ക്ക് ജാമ്യമനുവദിക്കുകയായിരുന്നു ഗുജറാത്ത് ഹൈക്കോടതി. ഗുരുതര ക്രിമിനല്‍ കുറ്റകൃത്യത്തില്‍ വ്യക്തിപരമായ ഒത്തുതീര്‍പ്പ് അനുവദിക്കുക. തതടിസ്ഥാനത്തില്‍ കോടതി തീരുമാനമെടുക്കുകയും ചെയ്യുക. നീതിന്യായ തത്ത്വങ്ങളെ കാറ്റില്‍ പറത്തുന്ന നടപടിയായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടേത്.

ശക്തമായ ഒരു ഭരണഘടനയും വ്യക്തമായ നിയമസംഹിതകളും ഉണ്ടായിരിക്കെ രാജ്യത്തെ ഒരു പ്രമുഖ ഹൈക്കോടതിയില്‍ നിന്ന് നീതിക്ക് നിരക്കാത്ത നടപടികള്‍ നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തെ നാം അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. ഭരണഘടന മാറ്റിവെച്ചു കൊണ്ടുള്ള മതാത്മക നിരീക്ഷണങ്ങളും തോന്നിയ മട്ടില്‍ പുറപ്പെടുവിക്കുന്ന വിധിപ്രസ്താവങ്ങള്‍ക്കുമുള്ള ഊര്‍ജം ഇക്കണ്ട ന്യായാധിപര്‍ക്ക് എവിടെ നിന്നായിരിക്കും ലഭിക്കുന്നുണ്ടാകുക. അവരുടെ വിവാദ വിധികളില്‍ പലതും വെച്ചു പുലര്‍ത്തുന്ന പൊതു സവിശേഷതകളില്‍ നിന്ന് അതിനുള്ള മറുപടി കണ്ടെത്താനാകും. നീതിക്കും ന്യായത്തിനുമപ്പുറം ഭരണകൂട ഇംഗിതം സംരക്ഷിക്കപ്പെടുകയാണെന്ന തോന്നലുണ്ടാക്കുന്ന വിധികളാണ് അവയില്‍ പലതും. രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് അതിന് ഉത്തമ ഉദാഹരണമാണ്. ഒപ്പം സവര്‍ണ മത യുക്തിയെയും അതിന്റെ പ്രതീകങ്ങളെയും നീതിപീഠത്തിന്റെ ചെലവില്‍ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമവുമാണ് നടക്കുന്നത്. അതുവഴി പതിയെപ്പതിയെ രാജ്യത്തിന്റെ ഭരണഘടനയെ തന്നെ ഭരണഘടനാ കോടതിയായ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് വെട്ടാനും ചിലരെങ്കിലും ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ഭരണഘടന വാറോലയാണെന്നും ബദല്‍ ഭരണഘടന കൊണ്ടുവരാനുള്ള സമയം അതിക്രമിച്ചിരിക്കുന്നെന്നുമുള്ള ആക്രോശം നാം ഇടക്കിടെ കേള്‍ക്കാറുണ്ട്. രാജ്യം ഭരിക്കുന്നവരും അവരുടെ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളുമാണ് ഭരണഘടനയുടെ എതിര്‍ ചേരിയില്‍ അവ്വിധം നിലയുറപ്പിച്ചിരിക്കുന്നത്. സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തിയും കലാപങ്ങള്‍ സൃഷ്ടിച്ചുമാണ് അവരെന്നും അധികാരത്തിലേക്കുള്ള വഴി വെട്ടിയത്. ഗുജറാത്താണെങ്കില്‍ അതിന്റെ എക്കാലത്തെയും മാതൃകയുമാണ്. അങ്ങനെയെങ്കില്‍ ഭരണഘടനക്കെതിരായ സജീവ നീക്കങ്ങളും ഗുജറാത്തില്‍ നിന്ന് തന്നെയുണ്ടാകട്ടെയെന്ന് ഭരണകൂട പിണിയാളുകള്‍ കരുതുന്നില്ലെന്ന് ആര് കണ്ടു. അവിടെ ഡല്‍ഹിയില്‍ ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്നവരുടെ ദൗത്യം എന്തായിരിക്കും. വിവാദ ന്യായാധിപര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ തന്നെ തുടരട്ടെ എന്ന് തീരുമാനിക്കുക. എങ്കില്‍ പിന്നെ സുപ്രീം കോടതി കൊളീജിയത്തിന്റെ സ്ഥലംമാറ്റ ശിപാര്‍ശകളില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുള്ളവയില്‍ അംഗീകാരം നല്‍കാതെ അതിന്‍മേല്‍ അടയിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അപ്പണി വെടിപ്പായി ചെയ്യുകയാണെന്ന് വിചാരിച്ചോളൂ.

 

Latest