Connect with us

First Gear

ക്രെറ്റയെ വെല്ലാൻ ആരുണ്ട്‌? ഒന്നാംസ്ഥാനം നിലനിർത്തി കുതിപ്പ്‌

17,016 ക്രെറ്റയാണ്‌ കഴിഞ്ഞ മാസം ഇന്ത്യൻ നിരത്തിലിറങ്ങിയത്‌.

Published

|

Last Updated

ബംഗളൂരു | ഇന്ത്യയിലെ എസ്‌യുവി സെഗ്‌മെന്‍റിൽ കുതിപ്പ്‌ തുടർന്ന്‌ ഹ്യുണ്ടായി ക്രെറ്റ. ഏപ്രിൽ മാസത്തെ വിൽപ്പനയിലും ക്രെറ്റയാണ്‌ ഒന്നാമത്‌. 17,016 ക്രെറ്റയാണ്‌ കഴിഞ്ഞ മാസം ഇന്ത്യൻ നിരത്തിലിറങ്ങിയത്‌. തുടർച്ചയായ രണ്ടാം മാസമാണ്‌ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി ഹ്യുണ്ടായി ക്രെറ്റയുടെ നേട്ടം.

2024 ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോൾ 10.2 ശതമാനമാണ്‌ വളർച്ച. 2025 ജനുവരി മുതൽ ഏപ്രിൽ വരെ 69,914 യൂണിറ്റുകളുടെ മൊത്തം വിൽപ്പനയോടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി എന്ന റെക്കോർഡും ക്രെറ്റയുടെ പേരിലാണ്‌. 15,000 യൂണിറ്റിലധികം വിൽപ്പനയോടെ 2025 ഫെബ്രുവരിയിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോം‌പാക്റ്റ് എസ്‌യുവിയായിരുന്നു ഹ്യുണ്ടായ് ക്രെറ്റ.

2025 ഏപ്രിലിൽ ആഭ്യന്തര വിൽപ്പനയിൽ എസ്‌യുവി സംഭാവന എക്കാലത്തെയും ഉയർന്ന നിരക്കായ 70.9% കൈവരിക്കാൻ ക്രെറ്റയുടെ ചാർട്ട്ബസ്റ്റിംഗ് പ്രകടനം സഹായിച്ചു. ക്രെറ്റയെക്കൂടാതെ വെന്യു, എക്‌സ്‌റ്റർ, അൽകാസർ, ടക്‌സൺ തുടങ്ങിയ മറ്റ് മോഡലുകളും ഹ്യുണ്ടായി എസ്‌യുവി സെഗ്‌മെന്‍റിൽ പുറത്തിറക്കുന്നുണ്ട്‌. ഇന്ത്യൻ വിപണിയിൽ കൂടുതൽ പേരും എസ്‌യുവി മോഡലുകളുടെ പിറകേയാണ്‌. ഇതാണ്‌ ക്രെറ്റയ്‌ക്കും നേട്ടമായത്‌.

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റയുടെ തുടർച്ചയായ ആധിപത്യം ബ്രാൻഡിൽ ഇന്ത്യൻ ഉപഭോക്താക്കൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രതിഫലനമാണെന്ന്‌
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്‍റെ മുഴുവൻ സമയ ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ തരുൺ ഗാർഗ് പറഞ്ഞു.

11.11 ലക്ഷം രൂപ മുതൽ 20.50 ലക്ഷം വരെയാണ്‌ ക്രെറ്റയുടെ എക്‌സ്‌ ഷോറൂം വില. കഴിഞ്ഞ ജനുവരിയിൽ ഹ്യുണ്ടായി ക്രെറ്റയുടെ ഇലക്ട്രിക് അവതാറും പുറത്തിറക്കിയിരുന്നു.

Latest