Connect with us

Lokavishesham

സംഘര്‍ഷത്തിന്റെ ഗുണഭോക്താക്കളാര്?

ഒരു കാര്യം ഉറപ്പിച്ച് പറയാം. റഫയിലേക്ക് കരയുദ്ധത്തിന് പോകാന്‍ ഇസ്‌റാഈല്‍ മടിക്കുന്നത് ഇറാന്റെയും സഖ്യ ശക്തികളുടെയും പ്രതികരണം ഭയന്ന് തന്നെയാണ്. അതിനപ്പുറം ഗസ്സയില്‍ വെടിനിര്‍ത്തലിനോ ശാശ്വത സമാധാനത്തിനോ ഈ സംഘര്‍ഷം ഗുണപ്രദമാകുമെന്ന് തോന്നുന്നില്ല. ഫലസ്തീന്‍ ജനതയുടെ മണ്ണും മാനവും ജീവനും സംരക്ഷിക്കാന്‍ ഉതകാത്തിടത്തോളം കാലം ഇറാന്റെ നീക്കങ്ങളെ മഹത്വവത്കരിക്കാന്‍ സാധിക്കില്ല.

Published

|

Last Updated

സ്സയില്‍ ഇസ്‌റാഈല്‍ തോറ്റമ്പിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ അപ്പോള്‍ മറുപടി വരും, 35,000 പേരെ കൊന്നില്ലേ; ആശുപത്രികള്‍ ഒന്ന് പോലും ബാക്കിവെക്കാതെ തകര്‍ത്തില്ലേ. ഗസ്സയില്‍ അവശേഷിക്കുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും തടഞ്ഞില്ലേ. അവരെ തെക്കും വടക്കുമായി ഓടിച്ചില്ലേ. മഹാ ബലവാന്മാരെന്ന് സ്വയം വിശേഷിപ്പിക്കുകയും ലോകത്തെ ഒന്നാം നമ്പര്‍ സൈനിക ശക്തികളുടെ സമ്പൂര്‍ണ പിന്തുണ അനുഭവിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ വിജയ സൂചകങ്ങള്‍ ഇതൊക്കെയാണോ? ഹമാസ് തടവിലാക്കിയ ഒരു ബന്ദിയെയെങ്കിലും സൈനിക ശക്തിയിലൂടെ മോചിപ്പിച്ചോ? ഹമാസിനെ മുച്ചൂടും മുടിക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം നേടിയോ? ഗസ്സയുടെ ഭരണം പാവ സര്‍ക്കാറിനെ ഏല്‍പ്പിക്കാനായോ? ഗസ്സക്കാരെ മുഴുവന്‍ ഈജിപ്തിലെ സിനായിയിലേക്ക് ആട്ടിയോടിക്കുമെന്ന രഹസ്യ പദ്ധതിയെന്തായി? ലോകത്തിന്റെ നിസ്സംഗതയിലും അമേരിക്കയുടെ വീറ്റോ സംരക്ഷണത്തിലും കൂട്ടക്കുരുതി തുടരുകയല്ലാതെ എടുത്തു കാണിക്കാന്‍ ഒരു വിജയ ചിഹ്നവുമില്ലാതെ വിയര്‍ക്കുക തന്നെയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ വാര്‍ ക്യാബിനറ്റും.

ഇസ്‌റാഈലിലെ വന്‍ നഗരങ്ങളില്‍ കിടിലന്‍ പ്രക്ഷോഭം അരങ്ങേറുകയാണ്. മന്ത്രിസഭക്കകത്ത് കടുത്ത ഭിന്നത നിലനില്‍ക്കുന്നു. അമേരിക്ക പോലും ഒരടി പിന്നോട്ട് വെക്കുന്ന സ്ഥിതി. യു എന്നിലും അന്താരാഷ്ട്ര നീതിന്യായ കോടതിയിലും ഇസ്‌റാഈലിന്റെ വംശഹത്യാപരമായ ആക്രമണത്തിനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത് വരുന്നു. ഈ ഘട്ടത്തില്‍ സംഭവങ്ങളുടെ ഗതി മാറ്റുന്ന ചില വലിയ വാര്‍ത്തകള്‍ വേണമായിരുന്നു നെതന്യാഹുവിന്. അതിന് അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇറാനെ പ്രകോപിപ്പിക്കുകയെന്നത്. ഏപ്രില്‍ ഒന്നിന് ദമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റ് ആക്രമിച്ച് ഏഴ് റവല്യൂഷനറി ഗാര്‍ഡുകളെ വകവരുത്തിയത് ഈ ഫോക്കസ് ഷിഫ്റ്റിംഗിന്റെ ഭാഗമായിരുന്നു. ഒരു രാജ്യത്തിന്റെ നയതന്ത്ര കാര്യാലയം ആക്രമിക്കുകയെന്നാല്‍ ആ രാജ്യത്തിന് നേരേ നടത്തുന്ന ആക്രമണം തന്നെയാണ്.
ഒരു സമ്പൂര്‍ണ യുദ്ധത്തിലേക്ക് എടുത്തു ചാടാനും വിവിധ രാജ്യങ്ങളിലെ ഇസ്‌റാഈല്‍ താത്പര്യങ്ങള്‍ക്ക് നേരേ ആക്രമണം ശക്തമാക്കാനും പര്യാപ്തമായ പ്രകോപനം തന്നെയായിരുന്നു അത്. എന്നിട്ടും ഇറാന്‍ അങ്ങേയറ്റത്തെ സംയമനം പുലര്‍ത്തി.

ഇസ്‌റാഈലി വ്യവസായിയുടെ കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ പിടിച്ചെടുത്ത് ഇറാന്‍ ആദ്യ പ്രതികരണം നടത്തി. പിന്നീട് ഇസ്‌റാഈലിലെ നഗേവ് സൈനിക താവളത്തിലേക്ക് 300ഓളം മിസൈലുകളും ഡ്രോണുകളും അയച്ചു. മിക്കവയും യു എസ് പ്രതിരോധ സംവിധാനവും ഇസ്‌റാഈലിന്റെ അയേണ്‍ ഡോമും ആകാശത്ത് തന്നെ നിര്‍വീര്യമാക്കി. ചിലത് ഇസ്‌റാഈലില്‍ പതിച്ചു. ഒരാള്‍ക്ക് മാത്രമേ പരുക്കേറ്റുവുള്ളൂവെന്നാണ് ഇസ്‌റാഈല്‍ ഔദ്യോഗിക വിശദീകരണം. ഇറാന്‍ ഇത്ര ദുര്‍ബലമാണോ എന്ന് ചോദിക്കുന്നവരോട് ഇറാന്‍ നേതാക്കള്‍ നല്‍കിയ മറുപടി പരിമിത പ്രതികരണമേ ഉദ്ദേശിച്ചുള്ളൂ എന്നായിരുന്നു. കൂട്ടക്കൊല ലക്ഷ്യമിട്ടിട്ടില്ല. സിവിലിയന്‍മാരെ കൊല്ലരുതെന്ന നിഷ്‌കര്‍ഷയുണ്ടായിരുന്നു. ഇതാദ്യമായി ഇസ്‌റാഈലിനെ നേരിട്ട് ആക്രമിച്ച് കൃത്യമായ സന്ദേശം നല്‍കുകയായിരുന്നു ഇറാന്‍.

യുദ്ധവ്യാപനം നടക്കരുതെന്ന് നിര്‍ബന്ധമുള്ളത് കൊണ്ട്, തുടര്‍ യുദ്ധങ്ങളിലേക്ക് നീങ്ങുന്നില്ലെന്ന് ഇറാന്‍ വ്യക്തമാക്കുകയായിരുന്നു. പശ്ചിമേഷ്യയെ മുഴുവന്‍ സംഘര്‍ഷ ഭൂമിയാക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയില്‍ കുടുങ്ങാതിരിക്കാനുള്ള രാഷ്ട്രീയ പക്വതയാണ് ഇറാന്‍ പുറത്തെടുത്തത്. വംശീയ ഉള്ളടക്കം പേറുന്ന നിരവധിയായ രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ ചരിത്രമുള്ള ശീഈ രാഷ്ട്രം, ഈ നിര്‍ണായക ഘട്ടത്തില്‍ അത്തരമൊരു എടുത്തുചാട്ടത്തിന് മുതിര്‍ന്നില്ല എന്നത് പശ്ചിമേഷ്യയിലുണ്ടാക്കിയ ആശ്വാസം ചെറുതായിരുന്നില്ല. ഒരു തരം പ്രതീകാത്മക ആക്രമണമായിരുന്നു അത്. ആ ഓപറേഷന്‍ നടത്തിയത് ഇറാനില്‍ നിന്നാകാന്‍ തരമില്ല. അത്തരമൊരു ആക്രമണം നടക്കുമെന്ന് യു എസിനെ അറിയിച്ചിരുന്നു താനും.

യുദ്ധവ്യാപനത്തിന്റെ കെടുതി ഇറാനിലും ഇസ്‌റാഈലിലുമായി ഒതുങ്ങുമായിരുന്നില്ല. അത് മധ്യേഷ്യയിലെ മുഴുവന്‍ രാജ്യങ്ങള്‍ക്കും അറബ് മേഖലക്കും ആഗോള ക്രമത്തെ തന്നെയും ആഘാതമേല്‍പ്പിക്കുമായിരുന്നു. സയണിസ്റ്റുകള്‍ ആഗ്രഹിക്കുന്നത് അത്തരമൊരു യുദ്ധവ്യാപനമാണ്. പരാജയം മായ്ച്ചു നിര്‍ത്താന്‍ അവര്‍ക്ക് ചോര വേണം. അതുകൊണ്ട് അവര്‍ പിന്നെയും പ്രകോപനം സൃഷ്ടിച്ചു. ഇറാനിലെ ഇസ്ഫഹാനിലേക്ക് മിസൈലുകള്‍ (ഡ്രോണുകളാണെന്നും റിപോര്‍ട്ടുണ്ട്) അയച്ച് സയണിസ്റ്റ് രാഷ്ട്രം മറ്റൊരു പ്രകോപനത്തിന് മുതിര്‍ന്നു. ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ ഈ ആക്രമണത്തെ നിര്‍വീര്യമാക്കി. പക്ഷേ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഇറാനോ ഇസ്‌റാഈലോ തയ്യാറായിട്ടില്ല. സാധാരണഗതിയില്‍ വൈദേശിക ആക്രമണം ഉണ്ടായാല്‍ വെള്ളിയാഴ്ചയിലെ പ്രഭാഷണങ്ങളില്‍ പ്രസിഡന്റോ പരമോന്നത നേതാവോ അക്കാര്യം പരാമര്‍ശിക്കാറുണ്ട്.

പ്രധാന സംഭവവികാസങ്ങളിലെ നിലപാടുകളും പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ അതുണ്ടായില്ല. സ്‌ഫോടന ശബ്ദം കേട്ടുവെന്ന് മാത്രമാണ് ഇറാനിയന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് പറഞ്ഞത്. ഭരണ നേതൃത്വമാകട്ടെ കനത്ത മൗനം തുടരുകയും ചെയ്തു. ഇസ്‌റാഈലാണ് ഈ ആക്രമണം നടത്തിയത് എന്നതിന് ഒറ്റ തെളിവേയുള്ളൂ. സയണിസ്റ്റ് തീവ്രവാദി നേതാവും നെതന്യാഹു മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയുമായ ഇതാമര്‍ ബെന്‍ഗിവിറിന്റെ ഒറ്റ വാക്ക് എക്‌സ് പ്രതികരണമാണത്. “ഫീബിള്‍’ (ദുര്‍ബലം) എന്നായിരുന്നു ആ വാക്ക്. ഇറാനെതിരെ നടത്തിയ ആക്രമണം തികച്ചും ദുര്‍ബലമായിപ്പോയെന്നും ചുട്ടു ചാമ്പലാക്കണമായിരുന്നുവെന്നും നിരപരാധരായ മനുഷ്യരെ കൊന്നുതള്ളണമെന്നുമാണല്ലോ ഇതാമര്‍ പറഞ്ഞു വെക്കുന്നത്. നെതന്യാഹു മന്ത്രിസഭയില്‍ നിലനില്‍ക്കുന്ന കടുത്ത ഭിന്നതയുടെ തെളിവ് കൂടിയാണ് ഈ ഒറ്റവാക്ക് പ്രതികരണം.

ഇറാനും ഇസ്‌റാഈലും തമ്മിലുള്ള സംഘര്‍ഷം പൊടുന്നനെ ഉണ്ടായതല്ല. ഇരു കൂട്ടര്‍ക്കും രാഷ്ട്രീയ പ്രയോജനമുള്ള ഒന്നാണത്. മിക്കപ്പോഴും അത് വാക് യുദ്ധങ്ങളില്‍ ഒടുങ്ങും. ഒക്‌ടോബര്‍ ഏഴിലെ ഹമാസ് സായുധ നടപടിക്ക് ശേഷം നിഴല്‍ യുദ്ധം ശക്തമായെന്ന് കാണാനാകും. ഹമാസിന്റെ ആക്രമണം ഇറാന്റെ പദ്ധതിയാണെന്ന് ഇസ്‌റാഈല്‍ ആരോപിക്കുന്നു. ഹൂത്തികള്‍ ചെങ്കടലില്‍ നടത്തുന്ന കപ്പല്‍ റാഞ്ചലുകളും ഇറാന്റെ ക്രെഡിറ്റിലാണ്. സ്വാഭാവികമായും ഹിസ്ബുല്ലയുടെ നീക്കങ്ങളും ഇക്കൂട്ടത്തില്‍ വരും. ഇറാനിലെ ഇന്ധന സ്റ്റേഷനുകളില്‍ 70 ശതമാനത്തിന്റെയും പ്രവര്‍ത്തനം താറുമാറാക്കിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈലാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഡിസംബര്‍ 25ന് ദമസ്‌കസില്‍ വെച്ച് ഇറാന്റെ മുതിര്‍ന്ന കമാന്‍ഡര്‍ റാസി മൗസവി കൊല്ലപ്പെട്ടത് ഇറാന്‍ നേരിട്ട വന്‍ തിരിച്ചടിയായിരുന്നു. വടക്കന്‍ ഇറാഖിലെ മൊസ്സാദ് കേന്ദ്രം ആക്രമിച്ചാണ് ഇറാന്‍ ഇതിന് മറുപടി നല്‍കിയത്. ജനുവരി 15നായിരുന്നു ഇത്. ഇതേ മാസം 20ന് ദമസ്‌കസിലെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് സൈനിക ഉപദേഷ്ടാക്കളെ ഇറാന് നഷ്ടമായി. ഇറാന്റെ പ്രധാന ഗ്യാസ് പൈപ്പ് ലൈനില്‍ ഫെബ്രുവരിയിലുണ്ടായ സ്‌ഫോടന പരമ്പരക്ക് പിന്നിലും ഇസ്‌റാഈലാണെന്ന് ഇറാന്‍ ആരോപിക്കുന്നു.

പിന്നെ നേരത്തേ പറഞ്ഞ മാര്‍ച്ച് ഒന്നിലെ കോണ്‍സുലേറ്റ് ആക്രമണം. ഇറാന്റെ നേരിട്ടുള്ള തിരിച്ചടി. ഇപ്പോള്‍ ഇസ്ഫാഹാനിലേക്കുള്ള ഇസ്‌റാഈല്‍ മിസൈലുകള്‍.
ഈ സംഘര്‍ഷാവസ്ഥയുടെ ഗുണഭോക്താക്കള്‍ ആരാണ്? ഫലസ്തീനിലെ മനുഷ്യരുടെ യാതന അവസാനിപ്പിക്കാന്‍ ഇത് ഉപകരിക്കുമോ? 1970കളില്‍ ഈജിപ്ത് ഇസ്‌റാഈലിനോടും അമേരിക്കയോടും ശത്രുത അവസാനിപ്പിച്ച് അനുരഞ്ജന കരാറില്‍ ഏര്‍പ്പെട്ട ശേഷം ഇറാന്‍ മാത്രമാണ് മേഖലയില്‍ യു എസ് വിരുദ്ധ നിലപാട് തുടരുന്നുള്ളൂ. ഇസ്‌ലാമിക് റവല്യൂഷന്‍ എന്ന് വിളിക്കപ്പെട്ട ശീഈ വിപ്ലവത്തിന് ശേഷം ഇറാന്‍ ദേശീയതയുടെ അടിസ്ഥാന ചേരുവയാണ് യു എസ് വിരുദ്ധതയും ഇസ്‌റാഈലിനോടുള്ള ശത്രുതയും. അറബ് രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്താന്‍ ഇറാനെ മുന്‍നിര്‍ത്തുന്ന യു എസിനും ഈ ശത്രുത വളരെ ഉപകാരപ്രദമാണ്. ഇസ്‌റാഈലാകട്ടെ, ഫലസ്തീന്‍ പോരാട്ടത്തെ മുഴുവന്‍ അധിക്ഷേപിക്കാന്‍ ഇറാന്റെ കരങ്ങള്‍ എടുത്തിടും.

ഇറാന്‍ ഭീഷണിയാണെന്ന വാദമുയര്‍ത്തിയാണ് യു എസിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും സൈനിക പാക്കേജ് ഇസ്‌റാഈല്‍ സ്വന്തമാക്കുന്നത്. ലബനാനിലെ ഹിസ്ബുല്ലയെയും ഇറാഖിലെ മിലീഷ്യകളെയും യമനിലെ ഹൂത്തികളെയും ഗസ്സയിലെ ഹമാസിനെയും ഒക്കെ ചൂണ്ടിയായിരുന്നു ഇറാന്റെ ഭീഷണി ജൂത രാഷ്ട്രം വിശദീകരിച്ചിരുന്നത്. ഇപ്പോള്‍ നേരിട്ടുള്ള ആക്രമണം തന്നെ അവര്‍ക്ക് ഉയര്‍ത്തിക്കാണിക്കാനാകും. യഥാര്‍ഥ ആക്രമണം ഉണ്ടായാല്‍ യു എസിന്റെ സമ്പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ഇസ്‌റാഈലിനറിയാം.

ഈ ശത്രുക്കള്‍ പരസ്പരം ഭയക്കുന്നുവെന്നതാണ് മറ്റൊരു വസ്തുത. ഇറാന്റെ സൈന്യത്തെയല്ല ഇസ്‌റാഈലിന് പേടി. മറിച്ച് സിറിയ, ലബനാന്‍, ഇറാഖ്, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഇറാന്റെ പ്രോക്‌സി സംവിധാനങ്ങളെയാണ് ഭയം. തിരിച്ചും ഇതാണ് സ്ഥിതി. ഇസ്‌റാഈലിന്റെ സൈനിക ശക്തിയേക്കാള്‍, യു എസ് ചേരി ഇറങ്ങിക്കളിക്കുമെന്നതാണ് ഇറാന്റെ ആശങ്ക. പകരം അതേ നാണയത്തിലിറങ്ങാന്‍ റഷ്യയും ചൈനയും തയ്യാറാകുമോയെന്ന ആശങ്ക ഇറാനുണ്ട്. അറബ് രാജ്യങ്ങളില്‍ മിക്കതിലും അമേരിക്കക്ക് സൈനിക താവളങ്ങളും ആക്രമണ സംവിധാനങ്ങളുമുണ്ട് എന്നതും ആശങ്കക്ക് ഹേതുവാണ്.

ഇനി ഫലസ്തീന്‍. ഒരു കാര്യം ഉറപ്പിച്ച് പറയാം. റഫയിലേക്ക് കരയുദ്ധത്തിന് പോകാന്‍ ഇസ്‌റാഈല്‍ മടിക്കുന്നത് ഇറാന്റെയും സഖ്യ ശക്തികളുടെയും പ്രതികരണം ഭയന്ന് തന്നെയാണ്. അതിനപ്പുറം ഗസ്സയില്‍ വെടിനിര്‍ത്തലിനോ ശാശ്വത സമാധാനത്തിനോ ഈ സംഘര്‍ഷം ഗുണപ്രദമാകുമെന്ന് തോന്നുന്നില്ല. ഫലസ്തീന്‍ ജനതയുടെ മണ്ണും മാനവും ജീവനും സംരക്ഷിക്കാന്‍ ഉതകാത്തിടത്തോളം കാലം ഇറാന്റെ നീക്കങ്ങളെ മഹത്വവത്കരിക്കാന്‍ സാധിക്കില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്