Connect with us

From the print

തലസ്ഥാന മണ്ഡല'ത്തിലെ തൂക്കമെങ്ങോട്ട്?

കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന നിയമസഭാ മന്ദിരം സ്ഥിതിചെയ്യുന്ന മണ്ഡലം, ഉയര്‍ന്ന സാക്ഷരതയുള്ള വോട്ടര്‍മാര്‍, മാറിമറിയുന്ന സാമുദായിക സമവാക്യങ്ങള്‍, ഇതാണ് 'വട്ടിയൂര്‍ക്കാവ്'.

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാന നഗരിയുടെ രാഷ്ട്രീയ മനസ്സ് തൊട്ടറിഞ്ഞ വട്ടിയൂര്‍ക്കാവ് മണ്ഡലം ഒരിക്കല്‍ കൂടി ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്നു. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന നിയമസഭാ മന്ദിരം സ്ഥിതിചെയ്യുന്ന മണ്ഡലം, ഉയര്‍ന്ന സാക്ഷരതയുള്ള വോട്ടര്‍മാര്‍, മാറിമറിയുന്ന സാമുദായിക സമവാക്യങ്ങള്‍, ഇതാണ് ‘വട്ടിയൂര്‍ക്കാവ്’.

കേവലം 15 വര്‍ഷത്തെ മാത്രം പ്രായമുള്ള മണ്ഡലം ഇതിനകം തന്നെ കേരളത്തിന് സമ്മാനിച്ചത് അപ്രതീക്ഷിത രാഷ്ട്രീയ ട്വിസ്റ്റുകളാണ്. മൂന്നാം സ്ഥാനത്തുള്ളവര്‍ ഒന്നാമതെത്തുകയും ഒന്നാമന്‍ മൂന്നാമതാകുകയും ചെയ്ത ചരിത്രമുള്ള വട്ടിയൂര്‍ക്കാവില്‍ ഇക്കുറി പോരാട്ടം മുറുകുമ്പോള്‍ ഹൈ പ്രൊ ഫൈല്‍ നേതാക്കളുടെ സാന്നിധ്യം മണ്ഡലത്തെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നു. സിറ്റിംഗ് എം എല്‍ എ. വി കെ പ്രശാന്ത്, മുന്‍ എം പി. കെ മുരളീധരന്‍, ബി ജെ പി ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ എന്നിവര്‍ നേര്‍ക്കുനേര്‍ വന്നതോടെ കേരളം ഉറ്റുനോക്കുന്ന വി ഐ പി മണ്ഡലമായി വട്ടിയൂര്‍ക്കാവ് മാറി.

മണ്ഡലം രൂപവത്കൃതമായ കാലം മുതല്‍ കോണ്‍ഗ്രസ്സിന് വ്യക്തമായ ആധിപത്യമുള്ള ഇടമായിരുന്നു വട്ടിയൂര്‍ക്കാവെന്ന പഴയ തിരുവനന്തപുരം നോര്‍ത്ത്. 2011ല്‍ കെ മുരളീധരന്‍ ആദ്യമായി ഇവിടെ മത്സരിക്കുകയും എല്‍ ഡി എഫിലെ ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തി മണ്ഡലത്തിലെ ആദ്യ എം എല്‍ എ ആകുകയും ചെയ്തു. 2016ല്‍ മുരളീധരന്‍ വീണ്ടും വിജയിച്ചു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പി രണ്ടാം സ്ഥാനത്തെത്തുകയും എല്‍ ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തത് വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. കുമ്മനം രാജശേഖരനായിരുന്നു അന്ന് ബി ജെ പി സ്ഥാനാര്‍ഥി.

2019ല്‍ കെ മുരളീധരന്‍ വടകരയില്‍ നിന്ന് പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. അന്ന് തിരുവനന്തപുരം മേയറായിരുന്ന വി കെ പ്രശാന്തിനെ എല്‍ ഡി എഫ് രംഗത്തിറക്കുകയായിരുന്നു.

ഏകദേശം 50 ശതമാനത്തോളം നായര്‍ വോട്ടുകളുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. അതുകൊണ്ട് തന്നെ എന്‍ എസ് എസിന്റെ നിലപാടുകള്‍ ഇവിടെ നിര്‍ണായകമാണ്.

2021ലെ തിരഞ്ഞെടുപ്പില്‍ വീണാ എസ് നായര്‍ക്ക് വേണ്ടി മുന്നണി വേണ്ട രീതിയില്‍ ചലിച്ചില്ലെന്നത് സ്വയം വിമര്‍ശനമായി യു ഡി എഫിനുണ്ട്. എന്നാല്‍ കെ മുരളീധരന്‍ മടങ്ങിയെത്തുമ്പോള്‍ ചിത്രം മാറുമെന്നും മുരളീധരന്റെ വ്യക്തിപരമായ ബന്ധങ്ങളും സമാന്തരമായ പാര്‍ട്ടി സംവിധാനവും കരുത്താകുമെന്നും നേതൃത്വം വിലയിരുത്തുന്നു. റസിഡന്റ്സ് അസ്സോസിയേഷനുകളും സര്‍വീസ് പെന്‍ഷനര്‍മാരും മുരളീധരന്റെ കരുത്താണ്. വട്ടിയൂര്‍ക്കാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ മുരളീധരന്റെ പരിചയസമ്പത്ത് തുണക്കുമെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ.

മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ‘മേയര്‍ ബ്രോ’യില്‍ നിന്ന് ‘എം എല്‍ എ ബ്രോ’യിലേക്കുള്ള വളര്‍ച്ചയുമായിരുന്നു വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തിലൂടെ കണ്ടത്. തിരുവനന്തപുരം മേയറായിരിക്കെ പ്രശാന്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യത നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി കരുതുന്നു. ശബരിമല യുവതീപ്രവേശ വിഷയം കത്തിനിന്ന സമയമായിരുന്നിട്ടും, എന്‍ എസ് എസ് പരസ്യമായ നിലപാടുകള്‍ എടുത്തിട്ടും വോട്ടര്‍മാര്‍ പ്രശാന്തിനെ വിജയിപ്പിച്ചു. നായര്‍ വോട്ടുകളുടെ ധ്രുവീകരണത്തിന് ബദലായി ന്യൂനപക്ഷ വോട്ടുകളും പിന്നാക്ക ഹിന്ദു വോട്ടുകളും ഏകീകരിക്കപ്പെട്ടതാണ് പ്രശാന്തിന് അന്ന് തുണയായത്.

കേരളത്തിലെ ആദ്യത്തെ വനിതാ ഡി ജി പി എന്ന ഖ്യാതിയോടെ രാഷ്ട്രീയത്തിലിറങ്ങിയ ആര്‍ ശ്രീലേഖയുടെ സാന്നിധ്യം സ്ത്രീ വോട്ടുകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് ബി ജെ പി വിശ്വാസം. ശ്രീലേഖ കൗണ്‍സിലറായ ശാസ്തമംഗലം വാര്‍ഡ് ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്നും ബി ജെ പി കേന്ദ്രങ്ങള്‍ കരുതുന്നു.