Connect with us

Editorial

മുഗള്‍ പൈതൃകത്തെ മാറ്റി ഇന്ത്യന്‍ ചരിത്രമെവിടെ?

ഈ മണ്ണില്‍ ജീവിച്ച്, ഇന്ത്യയുമായി അലിഞ്ഞു ചേര്‍ന്ന്, രാജ്യത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക മേഖലകളെ പരിപോഷിക്കുകയും ആഗോളതലത്തില്‍ രാജ്യത്തെ ശ്രദ്ധേയമാക്കി വളര്‍ത്തക്കൊണ്ടു വരികയും ചെയ്ത ദേശസ്‌നേഹികളാണ് മുഗളർ.

Published

|

Last Updated

പശ്ചിമ ബംഗാളില്‍ മുഗള്‍, പത്താന്‍, ബ്രിട്ടീഷ് നാമങ്ങളുള്ള റോഡുകളുടെയെല്ലാം പേരുകള്‍ ഹൈന്ദവവത്കരിക്കാനുള്ള പുറപ്പാടിലാണ് സുവേന്ദു അധികാരി സര്‍ക്കാര്‍. മുഴുവന്‍ റോഡുകളുടെയും പേരുകള്‍ പുനഃപരിശോധിക്കുന്നതിന് ഒരു കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അതിനിടെ പാര്‍ക്ക് സര്‍ക്കസ് അവന്യൂ പ്രദേശത്തുള്ള “സുഹ്‌റവര്‍ദി അവന്യൂ’എന്ന റോഡിന് കൊല്‍ക്കത്ത മുനിസിപല്‍ കോര്‍പറേഷന്‍ ഗോപാല്‍ മുഖര്‍ജി റോഡ് എന്ന് പുനര്‍നാമകരണവും നടത്തി.

രാജ്യത്ത് പലപ്പോഴും സുപ്രധാന റോഡുകളുടെയും പട്ടണങ്ങളുടെയും പ്രദേശങ്ങളുടെയും പഴയ പേരുകള്‍ മാറ്റി പുതിയവ നല്‍കിയിട്ടുണ്ട്. അതുപക്ഷേ, കൊളോണിയല്‍ കാലഘട്ടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തദ്ദേശീയ ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. മദ്രാസ് ചെന്നൈയായതും കല്‍ക്കട്ട കൊല്‍ക്കത്തയായതും ഉദാഹരണം. എന്നാല്‍ രാജ്യത്തെ ബി ജെ പി സര്‍ക്കാറുകളുടെ മുസ്‌ലിംകളുടെ ചരിത്രപരമായ സംഭാവനകളെ ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതാണ് മുഗള്‍ കാല സ്മരണകള്‍ ഉയര്‍ത്തുന്ന നാമങ്ങളോടുളള വിരോധത്തിനു പിന്നില്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ഗീയാന്ധതയുടെ പേരിലുള്ള ഈ പേരുമാറ്റം നേരത്തേ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ മുഗളരെ മാറ്റി നിര്‍ത്തി ഇന്ത്യക്ക് ഒരു ചരിത്രമില്ല. കേവല ഭരധാകാരികളായിരുന്നില്ല; ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക വികാസത്തില്‍ അദ്വിതീയമാണ് മുഗള്‍ ഭരണാധികാരികളുടെ പങ്ക്. പ്രാദേശിക ഭരണകൂടങ്ങളെ ഒരു കേന്ദ്രീകൃത ഭരണത്തിനു കീഴില്‍ കൊണ്ടു വന്നത് മുഗളരായിരുന്നു. അക്ബറുടെ ഭരണകാലത്ത് നടപ്പാക്കിയ “മന്‍സബ്ദാരി’ സമ്പ്രദായമാണ് ഇന്ത്യയുടെ ഭരണ- സൈനിക സമ്പ്രദായത്തെ വ്യവസ്ഥാപിതമാക്കിയത്. ഇതോടെ പ്രാദേശിക- ജാതി- മത ചിന്തകള്‍ക്കതീതമായി യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്ന രീതി നിലവില്‍ വന്നു. രജപുത്ര പ്രമുഖരെയും മറ്റു ഹൈന്ദവരാജാക്കന്മാരെയും ഭരണത്തിന്റെ ഉന്നത പദവികളില്‍ പങ്കാളികളാക്കി അക്ബര്‍ നടപ്പാക്കിയ രാഷ്ട്രീയ സഖ്യങ്ങള്‍ വിശാല ഇന്ത്യ എന്ന ആശയത്തിന് കരുത്ത് പകര്‍ന്നു. ഈ കേന്ദ്രീകൃത ഭരണ മാതൃകയാണ് പില്‍ക്കാലത്ത് ബ്രിട്ടീഷുകാര്‍ക്കും സ്വതന്ത്രാനന്തരം ഇന്ത്യന്‍ ജനാധിപത്യത്തിനും ഫെഡറല്‍ സമ്പ്രദായം നടപ്പാക്കുന്നതില്‍ പ്രചോദനമായത്.

മുഗളന്മാർ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ഇന്ത്യന്‍ സാമ്പത്തിക ശക്തിയുടെ അടിത്തറ. അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് വികസിപ്പിച്ചെടുത്ത “ദഹ്‌സാല’ സമ്പ്രദായം ഭൂനികുതി നിര്‍ണയത്തിലെ വിപ്ലവകരമായ നടപടിയായിരുന്നു. കടന്നുപോയ പത്ത് വര്‍ഷത്തെ വിളവെടുപ്പിന്റെയും വിലയുടെയും ശരാശരി കണക്കാക്കി നികുതി നിശ്ചയിക്കുന്ന ശാസ്ത്രീയ രീതിയാണിത്. ഭൂമി കൃത്യമായി അളന്നു തിട്ടപ്പെടുത്തി നികുതി നിര്‍ണയിക്കുന്ന ഈ സമ്പ്രദായത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ റവന്യൂ വകുപ്പിലെ ഭൂനിയമങ്ങള്‍. ലോകത്തെ മൊത്തം ആഭ്യന്തര ഉത്പാദന(ജി ഡി പി)ത്തിന്റെ 25 ശതമാനം വരുമായിരുന്നു അന്ന് ഇന്ത്യയുടെ ആഭ്യന്തര ഉത്പദനം. തുണിത്തരങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയുടെ കയറ്റുമതിയിലൂടെ രാജ്യാന്തര വ്യാപാരത്തില്‍ ഇന്ത്യ മുൻപന്തിയിലെത്തിയിരുന്നു മുഗള്‍ ഭരണത്തില്‍.

വാസ്തുവിദ്യാരംഗത്തെ മുഗളരുടെ സംഭാവനകള്‍ രാജ്യമെങ്ങും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ലോകാത്ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ്മഹല്‍, പ്രൗഢിയുടെ പ്രതീകമായ ഡല്‍ഹി ചെങ്കോട്ട, ഡല്‍ഹി ജുമാമസ്ജിദ് തുടങ്ങിയവ മുഗള്‍ രാജ വംശത്തിന്റെ മഹത്തായ സംഭാവനകളാണ്. ഇന്ത്യയെ ലോകസഞ്ചാരികളുടെ കേന്ദ്രമാക്കി മാറ്റുന്നതില്‍ മുഗള്‍ വാസ്തുവിദ്യക്കുള്ള പങ്ക് അനിഷേധ്യമാണ്. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് 15ന് പ്രധാനമന്ത്രി പതാക ഉയര്‍ത്തുന്നതും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതും ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മിച്ച ഡല്‍ഹിയിലെ ചെങ്കോട്ടയുടെ കൊത്തളങ്ങളില്‍ നിന്നാണ്. ചരിത്രത്തില്‍ നിന്ന് മുഗളന്മാരെ വെട്ടിമാറ്റാന്‍ ശ്രമിക്കുന്നവര്‍ പോലും ഈ ദേശീയ പ്രൗഢിയുടെ ചരിത്രത്തെ നെഞ്ചിലേറ്റാന്‍ നിര്‍ബന്ധിതരാകുന്നുവെന്നത് ചരിത്രത്തിന്റെ കാവ്യനീതിയാണ്.
വര്‍ഗീയവാദികളോ മതാന്ധരോ ആയിരുന്നില്ല മുഗള്‍ ഭരണാധികാരികള്‍. ഹൈന്ദവ തത്ത്വശാസ്ത്രങ്ങള്‍ ആഗോളതലത്തില്‍ പരിചയപ്പെടാനിടയാക്കിയത് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മൂത്തമകന്‍ ദാരാഷിക്കോ ഉപനിഷത്തുക്കള്‍ പേര്‍ഷ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തതിനെ തുടര്‍ന്നാണ്. ഇനി ബംഗാളിനെ പ്രത്യേകമെടുത്തു പരിശോധിച്ചാലും മുഗളരെയോ പത്താന്മാരെയോ മാറ്റി നിര്‍ത്തിയുള്ള ചരിത്രമില്ല. ബംഗാളിന്റെ സാംസ്‌കാരിക നവോത്ഥാനത്തിനു തുടക്കമിട്ടത് നവാബുമാരാണ്. അവരുടെ ഭരണവും സുല്‍ത്താനേറ്റ് കാലഘട്ടവും ബംഗാളിന്റെ ഭാഷയെയും സാഹിത്യത്തെയും വന്‍തോതില്‍ സ്വാധീനിച്ചിട്ടുണ്ട്.
മുഗള്‍ ഭരണ കാലത്ത് യുദ്ധങ്ങളും അധികാരവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുമുണ്ടായിരിക്കാം. ഇതുപക്ഷേ മുഗള്‍ ഭരണത്തിന്റെ മാത്രം കഥയല്ല. ഏതൊരു സാമ്രാജ്യത്വ ചരിത്രവും നന്മതിന്മകളാല്‍ സമ്മിശ്രമാണ്. അതേസമയം, ബ്രിട്ടീഷുകാരെ പോലെ ഇന്ത്യയെ കൊള്ളയടിച്ചു കടത്തിക്കൊണ്ടുപോയവരല്ല മുഗളര്‍. മറിച്ച്, ഈ മണ്ണില്‍ ജീവിച്ച്, ഇന്ത്യയുമായി അലിഞ്ഞു ചേര്‍ന്ന്, രാജ്യത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക മേഖലകളെ പരിപോഷിക്കുകയും ആഗോളതലത്തില്‍ രാജ്യത്തെ ശ്രദ്ധേയമാക്കി വളര്‍ത്തക്കൊണ്ടു വരികയും ചെയ്ത ദേശസ്‌നേഹികളാണ്. ഒരു കാലഘട്ടത്തിലെ നെഗറ്റീവ് വശങ്ങള്‍ മാത്രം ചികഞ്ഞെടുത്തും എടുത്തുകാട്ടിയും അതിന്റെ മുഴുവന്‍ സംഭാവനകളെയും നിഷേധിക്കുന്നതും തമസ്‌കരിക്കാന്‍ ശ്രമിക്കുന്നതും വംശീയാന്ധതയാണ്. ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ട ഇന്ത്യയുടെ ബഹുസ്വര പൈതൃകത്തെ അതിന്റെ എല്ലാ വൈവിധ്യങ്ങളോടും കൂടി നിലനിര്‍ത്തുകയാണ് വിവേകമുള്ള ഭരണാധികാരികളും സമൂഹവും ചെയ്യേണ്ടത്.

Latest