Poem
കൂടൊഴിയുമ്പോൾ
വല്യോൾക്ക് പേരക്കുട്ടികൾ മൂന്നായെന്നൊന്നും ഓർമ്മ ണ്ടാവൂല ഞങ്ങളെ മൻസിൽ ഇങ്ങളൊക്കെ ഇപ്പളും കുട്ട്യേളാ

ഇമ്മ പോയീണ്
ഇഞ്ഞാർക്കും ഒറക്കൊഴിഞ്ഞതും
കൂട്ടിരുന്നതും വിരല് മടക്കി കണക്ക് നിരത്തേണ്ടി വെരൂല
ഇമ്മ ണ്ടായപ്പോ എമ്പാടും ഒറക്കൊഴിഞ്ഞതാ
കണക്കൊന്നും ഇമ്മ
ഏടേം എയ്തി വെച്ചിട്ടില്ല
മക്കൾക്കും മാണ്ട്യല്ലേന്നെ കരുതീണ്ടാവൂ
അല്ലെങ്കിൽ ഏത് കണക്കാ തള്ളാര് എയ്തി വെക്കല്
ഏത് കണക്കു പുസ്തകത്തിലാ അതൊക്കെ എയ്ത്യാൽ തീരണത്
മൂത്തോൾ പഠിക്കാൻ പോയാൽ പേരക്കുട്ടി ഒറ്റക്കാവുംന്നോ ചെറിയോൾക്ക്
പത്തും തികഞ്ഞു നിക്കേണ്ന്നോ
മാപ്ലക്ക് ഷുഗറിന്റെ മരുന്ന് മുടങ്ങുമെന്നോ ഓരങ്ങനെ
നിക്കാൻ കയ്യാത്ത കാരണങ്ങൾ നിരത്തുമ്പോ
ഇമ്മ പറയും ‘ന്റെ കുട്ട്യോള് ഇരുട്ടും മുൻപ് അങ്ങെത്താൻ നോക്കി
ഇക്കിപ്പോ അത്രക്ക് കൊയ്ക്കൊന്നും ആയിട്ടില്യാന്ന്’
ഇമ്മാന്റെ ഉള്ള് നീറിയാലും
കജ്ജ് നെഞ്ച്മ്മല് വെക്കൂല
മലക്കേള് ആമീൻ പറഞ്ഞാലോ
മോന്തിക്ക് വാപ്പ വരുമ്പോ ചോയ്ക്കും ചെറിയോളും നിന്നില്ലേടീ
വാപ്പാന്റെ മടീല് കെട്ടിമറഞ്ഞു നടന്ന കുട്ട്യേനി
‘ഓള് ഈടെ നിന്നാൽ ഓന്റട്ത്ത് ആരാ,
ഞാനുന്തിതള്ളി വിട്ടതാണെന്ന് ‘ഇമ്മ കള്ളം പറയും
തട്ടത്തിന്റെ അറ്റം കൊണ്ട് വാപ്പ കാണാതെ കണ്ണ് തുടച്ചാലും
ആ ഒച്ച കലമ്പണത് വാപ്പാക്ക് തിരിയും
കൊല്ലം അയ്മ്പത് ആയില്ലേ നെഞ്ചില് ചായ്ച്ച് ‘ഞമ്മളെന്നെ എമ്പാടുംന്ന്’
പുറത്തൊന്ന് തടവും
ഇമ്മാക്ക് കൊരേണ്
പള്ളേന്ന് പോക്കാണ്
ഛർദിയാണ്‌ന്നൊന്നും പറഞ്ഞ് ഞ്ഞി ഇങ്ങളെ ബിൾചൂലാട്ടോ
ഓള് പോയീണ്
എപ്പളും ബിൾച്ച് എടങ്ങാറാക്ക്ണ്ന്ന് പരാതി പറയല്ലി
കാണാനുള്ള പൂതിക്ക് വരാൻ പറയണതാ
അല്ലാണ്ട് ഓളെ നോക്കാൻ ആളില്ലാഞ്ഞിട്ടല്ല
വല്യോൾക്ക് പേരക്കുട്ടികൾ മൂന്നായെന്നൊന്നും ഓർമ്മ ണ്ടാവൂല
ഞങ്ങളെ മൻസിൽ ഇങ്ങളൊക്കെ ഇപ്പളും കുട്ട്യേളാ
അല്ലേലും പള്ളേല് പൈക്കുമ്പോ മൂന്ന് നേരോം വെച്ച് വിളമ്പി തരുന്ന
ഓളെ തീട്ടവും മൂത്രവും കോരുണെന് ഇന്കെന്താ
ഇമ്മ പോയീണ്
ഇങ്ങള് പോയിട്ട് ഞാൻ പോയാ മതീന്ന് ഓളെപ്പളും പടച്ചോനോട് ഇരക്കും
രണ്ടാം കെട്ടിന് ഒരുങ്ങാനാല്ലേ
ന്നെ വേഗം പറഞ്ഞയക്ക്ണതെന്നു ഞാൻ കളി പറഞ്ഞാലും
മക്കളെ പഠിപ്പും
പെരേലെ പണീം കയിഞ്ഞു ഓർക്കൊന്നും വരാൻ കൂടൂലാന്നും
ഓളില്ലാതെ ഞാനൊറ്റക്കായി പോണ സങ്കടം കൊണ്ടാണെന്നും
ഇൻകല്ലേ തിരിയൂ
പക്ഷെ ന്റ ദുആ പടച്ചോൻ കേട്ട്
ഓള് ഒറ്റക്കായില്ലല്ലോ
ഓളെ കുളിപ്പിക്കാനും കഫൻ ചെയ്യാനും നിസ്കാരത്തിനു
ഇമാമു നിക്കാനും കയ്ഞ്ഞല്ലോ
കുട്ട്യോള് വരുമ്പോ ഇങ്ങളാരേലും
ഈടെ ണ്ട്ച്ചാൽ ഓരോടൊന്ന്
പറയണ്ടീ
ഓരെ ഇമ്മ പോയീന്ന്
തൊയ്ര്യം കെട്ത്താൻ
ഇടക്കും തലക്കും ഞ്ഞി ബിൾചൂലാന്ന്.