Editors Pick
'ആഫ്റ്റർ റീഡിംഗ്' ഫീച്ചറുമായി വാട്സ്ആപ്പ്; സന്ദേശം വായിച്ചു 15 മിനുട്ട് കഴിഞ്ഞാൽ തനിയെ അപ്രത്യക്ഷമാകും
സന്ദേശം അയച്ച് 24 മണിക്കൂറിനുള്ളിൽ സ്വീകർത്താവ് അത് തുറന്നു നോക്കിയില്ലെങ്കിൽ തനിയെ എക്സ്പയർ ആകുന്ന സുരക്ഷയും ഇതിലുണ്ട്.
ന്യൂഡൽഹി | പ്രമുഖ ഇൻസ്റ്റന്റ് മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ വാട്സാപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ കരുത്തേകുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. അയക്കുന്ന സന്ദേശങ്ങൾ സ്വീകർത്താവ് വായിച്ചു കഴിഞ്ഞാലുടൻ നിശ്ചിത സമയത്തിനുള്ളിൽ തനിയെ അപ്രത്യക്ഷമാകുന്ന ‘ആഫ്റ്റർ റീഡിംഗ്’ (After reading) എന്ന ഫീച്ചറാണ് വരുന്നത്. ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.26.12.2-ലാണ് ഈ പുതിയ മാറ്റം കണ്ടെത്തിയിരിക്കുന്നത്.
നിലവിൽ വാട്സാപ്പിൽ സന്ദേശങ്ങൾ അപ്രത്യക്ഷമാകാൻ 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നിങ്ങനെയാണ് സമയപരിധി നിശ്ചയിക്കാനാകുക. എന്നാൽ പുതിയ ഫീച്ചർ പ്രകാരം സന്ദേശം ഓപ്പൺ ചെയ്താൽ 15 മിനിറ്റിനുള്ളിൽ അത് തനിയെ ഡിലീറ്റ് ആകും. ബാങ്ക് ഒ ടി പികൾ, പാസ്‌വേഡുകൾ, മറ്റ് രഹസ്യ വിവരങ്ങൾ എന്നിവ കൈമാറുന്നവർക്ക് ഈ ഫീച്ചർ ഏറെ പ്രയോജനകരമാകും. സന്ദേശം അയച്ച് 24 മണിക്കൂറിനുള്ളിൽ സ്വീകർത്താവ് അത് തുറന്നു നോക്കിയില്ലെങ്കിൽ തനിയെ എക്സ്പയർ ആകുന്ന സുരക്ഷയും ഇതിലുണ്ട്.
വാട്സാപ്പിലെ ബ്ലൂ ടിക്ക് അഥവാ ‘റീഡ് റെസീപ്റ്റ്’ (Read Receipts) ഓഫ് ചെയ്തവർക്കും ഈ ഫീച്ചർ ഒരുപോലെ ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. ബ്ലൂ ടിക്ക് ഓഫ് ആണെങ്കിലും ഉപഭോക്താവ് സന്ദേശം തുറന്നാൽ ഉടൻ തന്നെ 15 മിനിറ്റ് കൗണ്ട്ഡൗൺ ആരംഭിക്കുകയും സമയം പൂർത്തിയാകുമ്പോൾ സന്ദേശം ചാറ്റിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്യും. വാട്സാപ്പ് ഫീച്ചർ ട്രാക്കറായ WABetaInfo ആണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ വൈകാതെ തന്നെ എല്ലാവരിലേക്കും എത്തും.
Summary
WhatsApp is set to launch a new privacy feature called “After Reading” that will automatically delete messages 15 minutes after they are opened. Discovered in the latest Android beta version, this feature provides a secure way to share sensitive information like OTPs and passwords. The 15-minute timer will function even if read receipts are disabled, ensuring consistent privacy for all users.




