Connect with us

Kerala

പറവൂരിൽ മീനച്ചൂടൊക്കെ എന്ത് !

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൈപ്പമംഗലം എം എൽ എ. ഇ ടി ടൈസൺ മാസ്റ്ററും നേർക്കുനേർ പോരാടുമ്പോൾ പറവൂരിലെ പോര് പ്രവചനാതീതം.

Published

|

Last Updated

കൊച്ചി| കത്തുന്ന മീനച്ചൂടിനും പറവൂർ പടനിലത്തിലെ തിരഞ്ഞെടുപ്പ് ചൂടിനെ വെല്ലാനാകില്ല. കേരളമാകെ ഉറ്റു നോക്കുന്ന താരപ്പകിട്ടുള്ള മണ്ഡലത്തിൽ ഇത്തവണ തീപ്പിടിക്കുന്ന മത്സരം തന്നെ. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൈപ്പമംഗലം എം എൽ എ. ഇ ടി ടൈസൺ മാസ്റ്ററും നേർക്കുനേർ പോരാടുമ്പോൾ പറവൂരിലെ പോര് പ്രവചനാതീതം.

സതീശന്റെ പടയോട്ടം തടയാൻ എൽ ഡി എഫ് ഇത്തവണ രണ്ടും കൽപ്പിച്ചാണ് അയൽ ജില്ലയിൽ നിന്ന് സി പി ഐയിലെ ജനകീയ മുഖമായ ഇ ടി ടൈസൺ മാസ്റ്ററെ കളത്തിലിറക്കിയത്. പറവൂരുമായി ആത്മബന്ധമുള്ള ടൈസൺ മാസ്റ്റർ കളംനിറഞ്ഞതോടെ ഇടതിന്റെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. മണ്ഡലം നിലനിർത്താനാകുമെന്ന വിശ്വാസത്തിലാണ് യു ഡി എഫ്. കോൺഗ്രസ്സിൽ നിന്ന് കൂടുമാറി ബി ജെ പിയിലെത്തിയ വത്സല പ്രസന്ന കുമാറിലൂടെ മുമ്പെങ്ങുമില്ലാത്ത വിധം ശ്രദ്ധേയമാകുകയാണ് എൻ ഡി എയും.

പറവൂർ നഗരസഭ, വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം, പുത്തൻവേലിക്കര, കോട്ടുവള്ളി, ഏഴിക്കര, വരാപ്പുഴ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പറവൂർ നിയോജക മണ്ഡലം. പറവൂർ നഗരസഭ, ചിറ്റാറ്റുകര, ഏഴിക്കര, വരാപ്പുഴ, പുത്തൻവേലിക്കര എന്നിവിടങ്ങളിൽ യു ഡി എഫാണ് ഭരിക്കുന്നത്. വടക്കേക്കര, കോട്ടുവള്ളി, ചേന്ദമംഗലം എന്നിവടങ്ങളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എന്നാൽ വടക്കേക്കരയിൽ എൽ ഡി എഫും കോട്ടുവള്ളിയിലും ചേന്ദമംഗലത്തും യു ഡി എഫുമാണ് ഭരണം കൈയ്യാളുന്നത്.

അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ടേക്കാവുന്ന വി ഡി സതീശൻ മുന്നണിയെയാകെ നയിച്ച നേതാവെന്ന നിലയിലാണ് പോരിനിറങ്ങിയത്. നിയമസഭയിൽ പ്രതിപക്ഷ നേതാവായുള്ള അഞ്ച് വർഷത്തെ പ്രവർത്തനം സതീശന്റെ ആറാംവിജയത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നു. 1996ൽ പറവൂരിൽ ആദ്യമായി മത്സരിച്ചപ്പോൾ പി രാജുവിനോട് പരാജയപ്പെട്ട വി ഡി സതീശൻ പിന്നീട് പറവൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിപ്പിച്ചു. 2001ൽ സി പി ഐയിലെ പി രാജുവിനെ 7,434 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയ ശേഷം പറവൂർ സതീശൻ വിട്ടുകൊടുത്തിട്ടില്ല. 2021ൽ സംസ്ഥാനത്ത് കോൺഗ്രസ്സ് നേതാക്കളിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷവും സതീശനായിരുന്നു.

പത്ത് വർഷം കൈപ്പമംഗലം എം എൽ എയായിരുന്ന ഇ ടി ടൈസൺ പറവൂരിലെത്തിയത് പുതിയ ചരിത്രം സൃഷ്ടിക്കാനാകുമെന്ന വിശ്വാസത്തോടെയാണ്. സതീശന് ഭീഷണിയുയർത്താൻ കെൽപ്പുള്ള സ്ഥാനാർഥിയില്ലാത്തതിന്റെ പൊല്ലാപ്പ് ഇടതുമുന്നണിയെ അലട്ടിയിരുന്നെങ്കിലും ടൈസൺ മാസ്റ്ററുടെ വരവോടെ ചിത്രം മാറിമറിഞ്ഞെന്നാണ് എൽ ഡി എഫ് കരുതുന്നത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ ദീർഘനാൾ അംഗമായി പ്രവർത്തിച്ചിട്ടുള്ള ഇ ടി ടൈസണിലൂടെ ഇത്തവണ പറവൂർ പിടിച്ചെടുക്കുമെന്നും ഇടത് കേന്ദ്രങ്ങൾ പറയുന്നു. മുന്നണിക്കകത്തെ പടലപ്പിണക്കങ്ങളെല്ലാം മാറ്റിവെച്ച് ഒറ്റക്കെട്ടായുള്ള പ്രവർത്തനവും എൽ ഡി എഫിന് പ്രതീക്ഷയേകുന്നുണ്ട്.

കോൺഗ്രസ്സിൽ നിന്ന് കൂടുമാറി അടുത്തിടെ ബി ജെ പിയിൽ ചേർന്ന വത്സലാ പ്രസന്നകുമാറാണ് എൻ ഡി എ സ്ഥാനാർഥി. രണ്ട് വട്ടം പറവൂർ നഗരസഭാ ചെയർപേഴ്‌സനായി പ്രവർത്തിച്ച അനുഭവസമ്പത്താണ് വത്സലയുടെ മികവ്. പറവൂരിൽ 2016ലും 2021ലും ബി ഡി ജെ എസാണ് മത്സരിച്ചത്. ഇത്തവണ സീറ്റ് ബി ജെ പി ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ ബി ഡി ജെ എസിന്റെ എ ബി ജയപ്രകാശിന് 12,964 വോട്ടാണ് ലഭിച്ചത്.

 

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest