National
എസ് ഐ ആർ വെട്ടിനിരത്തൽ വിജയത്തെ ബാധിച്ചുവെന്ന് ഹരജി; പുതിയ ഹരജി നൽകാൻ മമതയോട് സുപ്രീം കോടതി
വോട്ടർ പട്ടികയിലെ വെട്ടിനിരത്തലിൽ 31 സീറ്റുകളിലെങ്കിലും വോട്ടുകൾ ഒഴിവാക്കപ്പെട്ടതിനേക്കാൾ കുറഞ്ഞ മാർജിനിലാണ് വിജയം നിർണ്ണയിക്കപ്പെട്ടതെന്ന് ടി എം സി എം പിയും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജി കോടതിയിൽ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി | പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലുമായി (എസ് ഐ ആർ) ബന്ധപ്പെട്ട് പുതിയ ഹരജി സമർപ്പിക്കാൻ മുൻ മുഖ്യമന്ത്രി മമത ബാനർജിയോട് സുപ്രീം കോടതി നിർദേശിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടുകളുടെ എണ്ണത്തേക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ വിജയിച്ചതെന്ന മമതയുടെ വാദം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
തിരഞ്ഞെടുപ്പ് കാലത്ത് തൃണമൂൽ കോൺഗ്രസ് പ്രധാന ആയുധമാക്കിയ വോട്ടർ പട്ടികയിലെ വെട്ടിനിരത്തലിൽ 31 സീറ്റുകളിലെങ്കിലും വോട്ടുകൾ ഒഴിവാക്കപ്പെട്ടതിനേക്കാൾ കുറഞ്ഞ മാർജിനിലാണ് വിജയം നിർണ്ണയിക്കപ്പെട്ടതെന്ന് ടി എം സി എം പിയും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജി കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, തിരഞ്ഞെടുപ്പ് ഹരജിയാണ് ഇതിന് ശരിയായ പരിഹാരമെന്നും വോട്ടുകൾ ചേർക്കുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വഴിയാണ് പരിഹരിക്കേണ്ടതെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.

2026 ലെ ബംഗാൾ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ വിവാദമായിരുന്നു വോട്ടർ പട്ടിക പുതുക്കൽ. ആകെ വോട്ടർമാരുടെ 12 ശതമാനത്തോളം വരുന്ന 91 ലക്ഷം പേരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഇതിൽ 60 ലക്ഷം പേർ മരിച്ചവരാണെന്ന് രേഖപ്പെടുത്തിയപ്പോൾ 27 ലക്ഷം പേരുടെ കാര്യത്തിൽ അവ്യക്തത തുടർന്നു. സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച ട്രൈബ്യൂണലുകൾക്ക് ഇതിൽ ചെറിയൊരു വിഭാഗത്തെ മാത്രമേ തിരികെ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിച്ചുള്ളൂ.
എസ് ഐ ആർ നടപടി വലിയൊരു വിഭാഗം മുസ്ലിംകളെയും മതുവ വിഭാഗത്തെയും ബാധിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. അനധികൃത വോട്ടർമാരെ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ബി ജെ പി വാദിച്ചപ്പോൾ, ഇത് ആസൂത്രിതമായ വോട്ടവകാശ നിഷേധമാണെന്ന് മമത ബാനർജി ആരോപിച്ചു. വോട്ടർമാരുടെ എണ്ണം 7.66 കോടിയിൽ നിന്ന് 7.04 കോടിയായി കുറഞ്ഞത് തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിച്ചു.
25,000-ൽ അധികം വോട്ടുകൾ നീക്കം ചെയ്യപ്പെട്ട 169 മണ്ഡലങ്ങളിൽ 2021-ൽ ടി എം സി 128 സീറ്റുകൾ നേടിയിരുന്നിടത്ത് ഇത്തവണ ബി ജെ പി 104 സീറ്റുകളിലേക്ക് മുന്നേറി. ടി എം സി 63 സീറ്റുകളിലേക്ക് ഒതുങ്ങി. വോട്ടർ പട്ടികയിലെ വൈകല്യങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട 38 മണ്ഡലങ്ങളിൽ മുൻപ് 34 സീറ്റുകൾ നേടിയിരുന്ന ടി എം സിക്ക് ഇത്തവണ 22 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടി ബി ജെ പി അധികാരം പിടിച്ചപ്പോൾ ടി എം സിക്ക് 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഹരജികൾ കോടതിയുടെ പരിഗണനയിൽ തുടരുകയാണ്.
Summary
The Supreme Court has directed former West Bengal CM Mamata Banerjee to file a fresh petition regarding the controversial deletion of over 91 lakh voters during the Special Intensive Revision (SIR). The TMC alleged that massive voter deletions in 31 seats were higher than the victory margins, potentially altering the 2026 election outcome where BJP won 207 seats. The court was hearing a batch of petitions challenging the mass removal of names from the electoral rolls.







