Connect with us

Kerala

മാലിന്യങ്ങള്‍ ഇനി നാലായി തരം തിരിച്ചു സംസ്‌കരിക്കണം; പ്രത്യേക മാനദണ്ഡങ്ങള്‍

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിര്‍ദ്ദേശം പ്രാബല്യത്തിലാക്കും

Published

|

Last Updated

തിരുവനന്തപുരം| വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങള്‍ ഇനി നാലായി തരംതിരിച്ചു സംസ്‌കരിക്കണമെന്ന് നിര്‍ദേശം. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തിലാക്കും.
ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യം, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക പരിചരണം ആവശ്യമുള്ള തടി, ചിരട്ട, ഇ വെയ്സ്റ്റ്, ബയോ മെഡിക്കല്‍, രാസവസ്തുക്കള്‍ പോലുള്ള മാലിന്യങ്ങള്‍ എന്നിങ്ങനെയാണ് തരം തിരിക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളും ഫെബ്രുവരി 19ലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളും അടിസ്ഥാനമാക്കിയാണിത്. ഇത് നടപ്പാക്കാന്‍ ശുചിത്വമിഷന്‍ നിര്‍ദേശിച്ചു.

ഹോട്ടലുകള്‍, വന്‍കിട സമുച്ചയങ്ങള്‍, മാര്‍ക്കറ്റുകള്‍, ബിസിനസ്- വ്യവസായ സ്ഥാപനങ്ങള്‍ എന്നിങ്ങനെ വലിയ തോതില്‍ മാലിന്യം പുറന്തള്ളുന്ന സ്ഥാപനങ്ങളെ നിശ്ചയിക്കാന്‍ മൂന്ന് മാനദണ്ഡങ്ങളും പരിഷ്‌കരിച്ച ചട്ടത്തിലുണ്ട്. 20,000 ചതുരശ്ര മീറ്ററോ കൂടുതലോ തറ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍, പ്രതിദിനം 40,000 ലിറ്ററോ കൂടുതലോ വെള്ളം ഉപയോഗിക്കുന്നവര്‍, പ്രതിദിനം 100 കിലോഗ്രാമില്‍ അധികം ഖരമാലിന്യം തള്ളുന്നവര്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നു ബാധകമാകുന്നവരാണ് ഈ വിഭാഗത്തില്‍. അവര്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

മാലിന്യങ്ങള്‍ അംഗീകൃത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സംസ്‌കരിക്കണം. പുതുതായി തുടങ്ങുന്ന വന്‍കിട സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, കപ്പുകള്‍, കാനുകള്‍, കവറുകള്‍, ചിരട്ടകള്‍, പച്ചക്കറി പഴ അവശിഷ്ടങ്ങള്‍ എന്നിവ ശേഖരിക്കാനായി ഉചിതമായ കണ്ടെയ്‌നറുകള്‍ തെരുവു കച്ചവടക്കാര്‍ കരുതണം. പുനരുപയോഗിക്കാനോ ഊര്‍ജാവശ്യങ്ങള്‍ക്കോ കഴിയാത്ത മാലിന്യം മാത്രമേ കുഴിച്ചു മൂടാന്‍ അനുവാദമുള്ളൂ. നൂറിലധികം ആളുകളുള്ള പരിപാടികള്‍ നടത്തുമ്പോള്‍ മൂന്ന് പ്രവൃത്തി ദിവസം മുന്‍പ് തദ്ദേശ സ്ഥാപനത്തെ അറിയിക്കണം.

 

 

Latest