National
ബൈക്ക് ടാക്സികള്‍ക്ക് മുന്നറിയിപ്പ്: നിയമലംഘനം നടത്തുന്നവരില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ്
ഇരു ചക്ര വാഹനങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്.
ന്യൂഡല്‍ഹി| ഡല്‍ഹിയിലെ റോഡുകളിലൂടെ ഓടുന്ന ബൈക്ക് ടാക്‌സികള്‍ക്കെതിരെ ഗതാഗത വകുപ്പ് മുന്നറിയിപ്പ്. ഇരു ചക്ര വാഹനങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്. 1988ലെ മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണ് ബൈക്ക് ടാക്‌സികള്‍ എന്നും നിയമലംഘനം നടത്തുന്നവരില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ആദ്യ കുറ്റത്തിന് 5,000 രൂപ പിഴയും രണ്ടാമത്തെ കുറ്റത്തിന് 10,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കുമെന്ന് ഗതാഗത വകുപ്പ് പൊതു അറിയിപ്പില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഡ്രൈവറുടെ ലൈസന്‍സും മൂന്ന് മാസത്തേക്ക് നഷ്ടമാകും.
ചില ആപ്പ് കമ്പനികള്‍ ബൈക്ക് ടാക്‌സി സര്‍വീസുകള്‍ നടത്തുന്നുവെന്ന് പ്രഖ്യാപിക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമായതിനാല്‍ ഇത്തരക്കാരില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും ഗതാഗത വകുപ്പിന്റെ നോട്ടീസില്‍ പറയുന്നു. ഈ മാസം ആദ്യം ബൈക്ക് ടാക്‌സി അഗ്രഗേറ്റര്‍ റാപ്പിഡോയ്ക്ക് ലൈസന്‍സ് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിസമ്മതിച്ചതിനെതിരെ ബൈക്ക് ടാക്‌സിക്കാര്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതിയും എതിര്‍ നിലപാടായിരുന്നു സ്വീകരിച്ചത്. മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയതായി അത് ചൂണ്ടിക്കാണിച്ചിരുന്നു.




