Connect with us

Siraj Article

വഖ്ഫ് ബോര്‍ഡ് നിയമനം: വിറളി പിടിക്കുന്നത് എന്തിന് ?

വഖ്ഫ് ബോര്‍ഡ് ഉദ്യോഗസ്ഥന്മാരില്‍ ചീഫ് എക്സിക്യൂട്ടീവ് ഉള്‍പ്പെടെയുള്ളവര്‍ ദൈവത്തിന്റെ സ്വത്ത് സംരക്ഷിക്കുന്നതില്‍ എന്ത് ചെയ്തു? കഴിഞ്ഞ അറുപത് വര്‍ഷമായി വഖ്ഫുമായി ബന്ധപ്പെട്ട് പതിനൊന്നായിരം ഏക്കര്‍ നഷ്ടമായിട്ടുണ്ട്. ഈ ഭൂമി തിരിച്ചു പിടിക്കണമെന്ന് കോടതി വിധി വന്നു, വഖ്ഫ് ബോര്‍ഡിന്റെ തീരുമാനമുണ്ടായി, എന്തെങ്കിലും നടപ്പിലാക്കിയോ ഈ ഉദ്യോഗസ്ഥര്‍ ? മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ട് ലക്ഷം കോടിയുടെ വഖ്ഫ് സ്വത്ത് അന്യാധീനപ്പെട്ടു പോയിട്ടുണ്ട്

Published

|

Last Updated

ഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിട്ട സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തും എതിര്‍ത്തും മുസ്‌ലിം ലീഗ് രംഗത്ത് വന്നിരിക്കുകയാണല്ലോ. കഴിഞ്ഞ ദിവസം ലീഗ് നേതാക്കളും മറ്റും മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ എന്ന പേരില്‍ കൂടിയിരിക്കുകയും ചില പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്തു.

സര്‍ക്കാര്‍ തീരുമാനം കേന്ദ്ര വഖ്ഫ് നിയമത്തിന് എതിരാണെന്നും മുസ്‌ലിം സമുദായത്തോടുള്ള സര്‍ക്കാറിന്റെ വിവേചനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഈ കൂട്ടായ്മ പ്രഖ്യാപിച്ചതായി കണ്ടു. വഖ്ഫ് എന്നാല്‍ ദൈവത്തിന്റെ സ്വത്താണെന്നും മതവിശ്വാസമില്ലാത്തവര്‍ വഖ്ഫ് ബോര്‍ഡില്‍ വരുന്നത് ശരിയല്ലെന്നും മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ യോഗം വലിയൊരു തമാശയായിട്ടേ കാണാന്‍ സാധിക്കൂ. ആദ്യമേ തന്നെ പറയട്ടെ, അതൊരു തരത്തിലും കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ യോഗമായിരുന്നില്ല. കാരണം മുസ്‌ലിം സംഘടനകളെല്ലാം അതില്‍ പങ്കെടുത്തിട്ടില്ല. കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം മത വിഭാഗം സുന്നി വിഭാഗമാണ്. സുന്നി വിഭാഗത്തിലെ വലിയ ഭൂരിപക്ഷം ആദരണീയനായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സമസ്തയോടൊപ്പം നില്‍ക്കുന്നവരാണ്. അവര്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. മലബാറില്‍ അതിശക്തമായും രാജ്യവ്യാപകവുമായും പ്രവര്‍ത്തിച്ചു വരുന്ന പ്രസ്ഥാനമാണ് ഈ വിഭാഗം സുന്നി സംഘടനകള്‍. തെക്കന്‍ കേരളത്തില്‍ നല്ല വേരോട്ടമുള്ള മുസ്‌ലിം മത വിഭാഗം എന്ന് പറയുന്നത് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വം അംഗീകരിക്കുന്നവരാണ്. അവരുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. കേരളത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുസ്‌ലിം എജ്യുക്കേഷനല്‍ സൊസൈറ്റി (എം ഇ എസ്) പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിട്ടില്ല. മുസ്‌ലിം സമുദായത്തെ പ്രതിനിധാനം ചെയ്ത്, മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ഐ എന്‍ എല്‍. അവരും യോഗത്തില്‍ പങ്കെടുത്തിട്ടില്ല. മാത്രമല്ല, മുസ്‌ലിം സമുദായത്തിലെ ബുദ്ധിജീവികളെ ആരെയും തന്നെ ഈ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചിട്ടില്ല. എന്നിട്ടാണ് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിന് എന്ന് കാച്ചി വിടുന്നത്!

വഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ കേന്ദ്ര വഖ്ഫ് നിയമത്തിന് എതിരാണെന്നും, അതുകൊണ്ട് തന്നെ സര്‍ക്കാര്‍ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് അവകാശവാദം. ഇത് വസ്തുതകളെ വളച്ചൊടിക്കുകയാണ്. കേന്ദ്ര വഖ്ഫ് നിയമത്തില്‍ പി എസ് സിക്ക് വിടാന്‍ പാടില്ലെന്ന് എവിടെയും പറയുന്നില്ല. വഖ്ഫ് ബോര്‍ഡിന് നേരിട്ട് നിയമിക്കാം എന്ന് പറയുന്നത് ശരി, പക്ഷേ, പി എസ് സിക്ക് വിടാന്‍ പാടില്ലെന്ന് എവിടെയാണ് പറയുന്നത്. അങ്ങനെ പറയുന്നുണ്ടെങ്കിലല്ലേ, കേന്ദ്ര വഖ്ഫ് നിയമത്തിന് എതിരെന്ന് പറയാന്‍ സാധിക്കൂ.

മുസ്‌ലിം സമുദായത്തോട് പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന വലിയ വിവേചനം എന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. വിഷയം ഒന്നാളിക്കത്തിക്കാന്‍ വലിയ ശ്രമം തന്നെ കൊണ്ടു പിടിച്ച് നടക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡുകളിലേക്കുള്ള നിയമനം എന്തുകൊണ്ട് പി എസ് സിക്ക് വിടുന്നില്ല എന്നതാണ് പ്രധാന പ്രചാരണായുധം. ദേവസ്വം ബോര്‍ഡുകളില്‍ ആരെയാണ് ബോര്‍ഡ് നിയമിക്കുന്നത് എന്ന് പരിശോധിക്കണം. ക്ഷേത്ര പൂജാരിമാര്‍, തന്ത്രികള്‍, ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട വിശ്വാസികള്‍, പണ്ഡിതര്‍, ആ രംഗത്ത് പരമ്പരാഗതമായി നിലകൊള്ളുന്നവരെയൊക്കെയാണ് ബോര്‍ഡ് നിയമിക്കുന്നത്. ആചാരവുമായി ബന്ധപ്പെട്ടതിനാല്‍ അത് പി എസ് സിക്ക് നിര്‍വഹിക്കാന്‍ സാധിക്കില്ല.

എന്നാല്‍, വഖ്ഫ് ബോര്‍ഡില്‍ നിയമനം നടത്തുന്നത് പള്ളിയുടെ ആചാരവുമായി ബന്ധപ്പെട്ടവരെയല്ല. ആറോളം ഓഫീസുകളിലെ നൂറിലേറെ വരുന്ന ഓഫീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കേണ്ടത്. ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന ആളാണെങ്കിലും സെക്രട്ടറി മലപ്പുറം ജില്ലാ കലക്ടറായിരിക്കും. മലപ്പുറം ജില്ലാ കലക്ടര്‍ കാലങ്ങളായി മുസ്‌ലിം സമുദായത്തില്‍പ്പെട്ട ആളല്ല എന്നോര്‍ക്കണം. ഇങ്ങനെ ഹജ്ജ് കമ്മിറ്റി സെക്രട്ടറി മുസ്‌ലിം സമുദായക്കാരനല്ലാത്ത കലക്ടര്‍ ആയതുകൊണ്ട് എന്തെങ്കിലും മോശമായി ഭവിച്ചോ? മുസ്‌ലിമല്ലാത്ത കലക്ടര്‍മാര്‍ വല്ല മതവിരുദ്ധ പ്രവര്‍ത്തനവും ഇക്കാലയളവില്‍ നടത്തിയോ? ഒന്നും നടന്നിട്ടില്ല. പിന്നെയെന്തിനാണ് ഇപ്പോള്‍, വഖ്ഫ് നിയമനത്തില്‍ ഒരു മതവിവാദം ഇവിടെ ചിലർ ലക്ഷ്യമിടുന്നത് ?
വഖ്ഫ് നിയമനം പി എസ് സിക്ക് വിട്ടാല്‍ സംവരണ തസ്തികകളിലേക്കും മതനിരപേക്ഷമായിട്ടേ നിയമനം നടക്കുകയുള്ളൂ എന്ന വാദവും ഇവിടെ ചിലർ ഉയര്‍ത്തുന്നു. അത് ഒരു നിമിഷം പോലും നിലനില്‍ക്കില്ല. ഒരു ചരിത്രം പറഞ്ഞു തരാം. ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് എന്ന സ്ഥാപനത്തിലേക്ക് നിയമനം നടത്തേണ്ടത് പി എസ് സിയാണ്. ഈ സ്ഥാപനത്തിലേക്കുള്ള സംവരണ തസ്തികയിലേക്ക് യു പി മജീദ് എന്ന ഒരു മുസ്‌ലിം ഉദ്യോഗാര്‍ഥി പങ്കെടുക്കുകയും മുന്‍നിര റാങ്കിലെത്തുകയും ചെയ്തു. പക്ഷേ, അദ്ദേഹത്തിന് നിയമനം കിട്ടിയില്ല. കാരണം അദ്ദേഹം ഹിന്ദു സമുദായത്തില്‍പ്പെട്ട ആളല്ലായിരുന്നു. ഹൈന്ദവര്‍ക്കായി സംവരണം ചെയ്യപ്പെട്ട തസ്തികയാണല്ലോ അത്. ഇതേ സാഹചര്യമാണ് വഖ്ഫ് ബോര്‍ഡിലേക്കുള്ള നിയമനം പി എസ് സിക്ക് വിട്ടാലും ഉണ്ടാകാന്‍ പോകുന്നത്. സംവരണ തസ്തികകള്‍ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും.

ഉമര്‍ അലി ശിഹാബ് തങ്ങളും റശീദ് അലി ശിഹാബ് തങ്ങളും വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന കാലത്ത് മറ്റ് മതവിഭാഗത്തില്‍ നിന്നുള്ളവരെ നിയമിച്ചിരുന്നു എന്നത് വസ്തുതയാണ്. തിരുവനന്തപുരം ഡിവിഷന്‍ ഓഫീസില്‍ നിയമിതയായിട്ടുള്ള വത്സ ആര്‍, കൊച്ചി ഓഫീസില്‍ നിയമിക്കപ്പെട്ടിട്ടുള്ള കാര്‍ത്ത്യായനി രവീന്ദ്രന്‍, വത്സ വര്‍ഗീസ്, സെക്യൂരിറ്റി ജീവനക്കാരന്‍ ആന്റണി, റീന വിന്‍സന്റ് എന്നിവരുടെ നിയമനം തെളിവാണ്. ഇതേ പറ്റി ചോദിച്ചാല്‍, കുടുംബശ്രീ പ്രതിനിധികളെയാണ് ഞങ്ങള്‍ നിയമിച്ചിരിക്കുന്നത് എന്നാണ് മറുപടി നല്‍കുക. ആന്റണി ഏത് കുടുംബശ്രീയിലെ അംഗമാണ്?
മതവിശ്വാസമില്ലാത്തവര്‍ വഖ്ഫ് ബോര്‍ഡില്‍ വരുന്നത് ശരിയല്ലെന്നതാണ് പി എസ് സി നിയമനത്തെ എതിർക്കുന്നവർ പറഞ്ഞിരിക്കുന്നത്. പി എസ് സിയിലൂടെ, അല്ലെങ്കില്‍ വഖ്ഫ് ബോര്‍ഡിലൂടെ മതവിശ്വാസിയായ ആളെ ഓഫീസില്‍ നിയമിച്ചാല്‍ ആ ആള്‍ നാളെ മതവിശ്വാസി അല്ലാതാകില്ലെന്ന് എന്താണ് ഉറപ്പ് ? അങ്ങനെ വന്നാല്‍, അയാളെ പുറത്താക്കാന്‍ വല്ല വകുപ്പുമുണ്ടോ? മതവിശ്വാസിയായ ആളുകള്‍ മാത്രമാണ് വേണ്ടതെങ്കില്‍, ഈ വിശ്വാസം അളന്ന് നോക്കാന്‍ എന്ത് സംവിധാനമാണ് ഇവരുെട കൈയിലുള്ളത്? ഒരു അളവുകോലുമില്ല. ഉദ്യോഗാര്‍ഥികള്‍ നല്‍കുന്ന സത്യവാങ്മൂലവും വാക്കും മാത്രം വിശ്വസിച്ചാണ് ഇതെല്ലാം പരിഗണിക്കപ്പെടുന്നത്. നിയമിക്കപ്പെടുന്ന ആള്‍ വിശ്വാസിയെങ്കില്‍ അവിശ്വാസിയാകാനും അവിശ്വാസിയെങ്കില്‍ വിശ്വാസിയാകാനുമുള്ള സാഹചര്യവും സ്വാതന്ത്ര്യവും നമ്മുടെ നാട്ടില്‍ നിലവിലുണ്ട്.

ഇനിയതൊക്കെ പോകട്ടെ, നിലവിലുള്ള വഖ്ഫ് ബോര്‍ഡ് ഉദ്യോഗസ്ഥന്മാരില്‍ ചീഫ് എക്സിക്യൂട്ടീവ് ഉള്‍പ്പെടെയുള്ളവര്‍ ദൈവത്തിന്റെ സ്വത്ത് സംരക്ഷിക്കുന്നതില്‍ എന്ത് ചെയ്തു? കഴിഞ്ഞ അറുപത് വര്‍ഷമായി വഖ്ഫുമായി ബന്ധപ്പെട്ട് പതിനൊന്നായിരം ഏക്കര്‍ നഷ്ടമായിട്ടുണ്ട്. ഈ ഭൂമി തിരിച്ചു പിടിക്കണമെന്ന് കോടതി വിധി വന്നു, വഖ്ഫ് ബോര്‍ഡിന്റെ തീരുമാനമുണ്ടായി, എന്തെങ്കിലും നടപ്പിലാക്കിയോ ഈ ഉദ്യോഗസ്ഥര്‍ ? മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ട് ലക്ഷം കോടിയുടെ വഖ്ഫ് സ്വത്ത് അന്യാധീനപ്പെട്ടു പോയിട്ടുണ്ട്. ഒരു വിശ്വാസിക്കും വഖ്ഫ് സ്വത്ത് നഷ്ടമാകുന്നത് നോക്കി നില്‍ക്കാന്‍ സാധിക്കില്ല. അന്യാധീനപ്പെട്ടു പോയ സ്വത്തുക്കള്‍ തിരിച്ചു പിടിക്കാന്‍ താത്പര്യം കാണിക്കാത്ത ഉദ്യോഗസ്ഥരാണോ യഥാര്‍ഥ വിശ്വാസികള്‍ ?

തളിപ്പറമ്പ് വഖ്ഫ് ഭൂമിയിലാണ് മുസ്‌ലിം ലീഗ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ആ ഓഫീസിന്റെ താഴ്ഭാഗത്ത് ബിസിനസ്സ് സ്ഥാപനങ്ങളാണുള്ളത്. ഇതിന്റെ വാടക വാങ്ങുന്നത് പാർട്ടിയാണ്. ഇത് അരുത് എന്ന് പറയേണ്ടത് വഖ്ഫ് ഉദ്യോഗസ്ഥരാണ്. അവര്‍ക്കത് പറയാന്‍ സാധിക്കില്ല. കാരണം പാർട്ടി നേതാക്കൾ ഉള്‍പ്പെടെയുള്ള വഖ്ഫ് ബോര്‍ഡാണ് അവരെ നിയമിച്ചതും നിയന്ത്രിക്കുന്നതും.
പതിനൊന്നായിരത്തോളം ഏക്കര്‍ വഖ്ഫ് ഭൂമി നഷ്ടപ്പെട്ടു പോയ വിഷയം കേരളത്തിലുണ്ട്. ഇത് തിരിച്ചു പിടിക്കാത്തത് അതാത് പ്രദേശത്തെ രാഷ്്ട്രീയ പ്രമാണിമാരാണ് കൈയേറിയിട്ടുള്ളത് എന്നതിനാലാണ്. ഇവരില്‍ നിന്ന് ഭൂമി തിരിച്ചു പിടിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമോ? ഒരിക്കലുമില്ല, ലീഗുകാരാണല്ലോ ഇവരെ നിയമിക്കുന്നത്.

1970ലെ Kerala public service commission (additional functions as respects certain corporations and companies)act ന്റെ പരിധിയിലുള്ള കോര്‍പറേഷന്‍ അല്ലെങ്കില്‍ കമ്പനികളുടെ നിര്‍വചനത്തില്‍ കേരള വഖ്ഫ് ബോര്‍ഡ് ഉള്‍പ്പെട്ടിരുന്നില്ല. ഇതുകൊണ്ടാണ് വഖ്ഫ് ബോര്‍ഡിന്റെ നിയമനം പി എസ് സിക്ക് നടത്താന്‍ കഴിയാതിരുന്നതും മുസ്‌ലിംകളെ മാത്രം നിയമിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നതും. എന്നാല്‍, Kerala public service commission (additional functions with respect to the services under the Kerala waqaf board )act എന്ന പുതിയ നിയമ നിര്‍മാണം സര്‍ക്കാര്‍ നടത്തി. ഇതിലൂടെ നിയമനം പി എസ് സിക്ക് വിടാനും തസ്തികകള്‍ മുസ്‌ലിം സമുദായത്തിന് മാത്രമായി സംവരണം ചെയ്യാനും കഴിയുന്നുണ്ട്. ഇപ്രകാരം പി എസ് സി നിയമനം വരുന്നതോടെ തങ്ങള്‍ക്ക് തോന്നിയത് പോലെ ഇഷ്ടക്കാരെ നിയമിക്കാനും പണം വാങ്ങിക്കൊണ്ട് നിയമനം നടത്താനും ബോര്‍ഡിനും ബോര്‍ഡിലെ തത്പര കക്ഷികള്‍ക്കും കഴിയില്ലെന്നതാണ് ഇവിടെ ചിലരെ വിറളി പിടിപ്പിക്കുന്നത്.

വഖ്ഫ് ബോര്‍ഡ് നിലവില്‍ വന്ന 1960 മുതല്‍ വഖ്ഫ് സ്വത്തുക്കള്‍ സര്‍വേ ചെയ്ത് രേഖകള്‍ സര്‍ക്കാറിലും വഖ്ഫ് ബോര്‍ഡിലും സൂക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അത് പതിറ്റാണ്ടുകളായി നടന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷമാണ് സര്‍വേ നടപടികള്‍ വേഗത്തിലായത്. 75 ശതമാനത്തോളം രേഖകള്‍ ഇങ്ങനെ ശേഖരിച്ചതിന്റെ ഫലമായിട്ടാണ്, സ്വത്തുക്കള്‍ വലിയ തോതില്‍ അന്യാധീനപ്പെട്ടു പോയത് കണ്ടെത്തിയത്. കള്ളി പലതും വെളിച്ചത്താകും എന്ന് വന്നതോടെ, നിയമന വിവാദം ഒന്ന് കത്തിച്ച് സമുദായ സംരക്ഷകരാകാനുള്ള വൃഥാവ്യായാമം നടത്തുകയാണ് ഇപ്പോൾ ചിലർ.

ബോര്‍ഡ് നിലവിലുള്ള കാലത്തൊക്കെ പ്രാദേശികമായ പള്ളി കമ്മിറ്റികളുടെയും മദ്‌റസാ കമ്മിറ്റികളുടെയും പ്രതിനിധികളായി വരുന്നവര്‍ തിരഞ്ഞെടുക്കുന്ന രണ്ട് അംഗങ്ങളാണ് എം സി മായിന്‍ ഹാജിയും പി വി സൈനുദ്ദീനും. ലീഗ് ആയിരുന്നു അത് കൈകാര്യം ചെയ്തിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാരെന്ന നിലയില്‍ ഇവരൊക്കെ നിയമിക്കുന്ന ഉദ്യോഗസ്ഥരാണ് ബോര്‍ഡില്‍ ഉണ്ടാകുന്നത്. ഇവര്‍ കാലാകാലങ്ങളായി അവര്‍ക്കനുസൃതമായി എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കും, മറ്റൊരാള്‍ക്കും അങ്ങോട്ട് പ്രവേശിക്കാന്‍ സാധിക്കില്ല. ഒരു പള്ളിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ലീഗല്ലാത്തവര്‍ ബോര്‍ഡിനെ സമീപിച്ചാല്‍ ഉദ്യോഗസ്ഥന്‍മാര്‍ അത് മാറ്റിവെക്കും. ഇടതുപക്ഷ സര്‍ക്കാറാണെങ്കില്‍ പോലും, ഇടതുപക്ഷ അംഗങ്ങള്‍ ഉള്ള വഖ്ഫ് ബോര്‍ഡാണെങ്കില്‍ പോലും അവരറിയാതെ അത് മാറ്റിവെക്കും. ഉദ്യോഗസ്ഥന്‍മാര്‍ ഒരു കാരണവശാലും സുന്നീ വിഭാഗത്തിന്റെയോ ലീഗ് വിരുദ്ധ വിഭാഗത്തിന്റെയോ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ല. അങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയാണ് അതില്‍ നിന്ന് ഒരു പ്രതിനിധി മുതവല്ലി ക്വാട്ടയില്‍ വോട്ടവകാശമുള്ള പ്രതിനിധിയായി മാറുന്നത്. അവര്‍ വോട്ട് ചെയ്യുമ്പോഴാണ് എം സി മായിന്‍ ഹാജിയും പി വി സൈനുദ്ദീനുമൊക്കെ മുതവല്ലി പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട് വരുന്നത്. ഇവരാണ് ഇതിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാറുള്ളത്.

ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ച്ചയായി അധികാരത്തില്‍ വന്നതിന് ശേഷം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ അദാലത്തിലൂടെ ധാരാളം വഖ്ഫ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. തുടര്‍ന്ന് നടന്ന മുതവല്ലി പ്രതിനിധികളുടെ തിരഞ്ഞെടുപ്പില്‍ പുതിയ ധാരാളം മുതവല്ലി പ്രതിനിധികളായ അംഗങ്ങളുണ്ടായി. ഇങ്ങനെയാണ് ആയിരക്കണക്കിന് വോട്ടുകള്‍ക്ക് ലീഗ് പ്രതിനിധികള്‍ ജയിച്ചിരുന്നിടത്ത് നൂറില്‍പരം വോട്ടുകളിലേക്ക് അവരുടെ ഭൂരിപക്ഷം കുറഞ്ഞത്. സുന്നീ വിഭാഗം സ്ഥാപനങ്ങള്‍ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ശുഷ്‌കാന്തി കാണിച്ചതിന്റെ റിസല്‍ട്ടാണിത്. ഇതേ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ ലീഗ് ഉദ്ദേശിക്കുന്ന ആളുകള്‍ തിരഞ്ഞെടുക്കപ്പെടാനോ അവരുടെ ആളുകള്‍ ബോര്‍ഡില്‍ വരാനോ സാധ്യത ഇല്ല എന്ന സാഹചര്യമുണ്ട്. അവര്‍ അംഗങ്ങളായില്ലെങ്കില്‍ അവര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ ബോര്‍ഡില്‍ എത്തില്ല. വഖ്ഫ് ഭൂമി തട്ടിയെടുക്കാനും തട്ടിയെടുത്തവ സംരക്ഷിക്കാനും സാധിക്കാതെ വരും.

യാഥാര്‍ഥ്യം ഇതെല്ലാമായിരിക്കെ, വഖ്ഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ കേരളത്തിലെ മതനിരപേക്ഷ മനസ്സുകളില്‍ വിഷം കുത്തിവെക്കാനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നത്. സി എ എ, എന്‍ ആര്‍ സി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ആശ്വാസമായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാറിനെതിരെ സാമുദായിക-മത ധ്രുവീകരണത്തിനുള്ള അവസരമായിട്ടാണ് മുസ്‌ലിം ലീഗ് ഇപ്പോള്‍ അതിനെ കാണുന്നത്. ഇതിന്റെ അപകടം, മറുഭാഗത്ത് ഹൈന്ദവ സംഘടനകള്‍ക്ക് മതത്തിന്റെ പേരില്‍ വലിയ പ്രചാരണം നടത്താനുള്ള അവസരമൊരുക്കലാണ്. ലീഗിനത് അറിയാഞ്ഞിട്ടല്ല, ആര്‍ എസ് എസ് ഭരിച്ചാലും വേണ്ടിയില്ല ഇടതുപക്ഷ സര്‍ക്കാര്‍ താഴെ വീഴണം എന്ന ചിന്തയാണ് അവരെ ഇപ്പോള്‍ നയിക്കുന്നത്.

(ലേഖകന്‍ ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്)

ഐ എൻ എൽ സെക്രട്ടറിയേറ്റ് അംഗം

Latest