Connect with us

vt balram

എസ് എഫ് ഐ പ്രവർത്തകൻ കൊല്ലപ്പെട്ട ദിവസം ചിരിച്ചുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാൻ പാടില്ലത്രെ; അതിന് സൗകര്യമില്ലെന്ന് വി ടി ബൽറാം

അതിൽ എന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നുവത്രേ. ഇന്നത്തെ ദിവസം അങ്ങനെയൊരു ഫോട്ടോ പാടില്ലത്രേ!

Published

|

Last Updated

ടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ക്യാംപസിൽ വെച്ച കൊല്ലപ്പെട്ട ദിവസം ഫേസ്ബുക്കിൽ ചിരിച്ചുകൊണ്ടുള്ള ഫോട്ടോ അപ്ലോഡ് ചെയ്തതിനെ ചൊല്ലി വിവാദം ശക്തമായിരിക്കെ വിശദീകരണവും സി പി എമ്മിന് മറുപടിയുമായി  കെ പി സി സി വൈസ് പ്രസിഡൻ്റ്  വി ടി ബൽറാം. ചാനൽ ചർച്ചകളിൽ എതിരാളികളുടെ നിക്ഷിപ്ത അജണ്ടകളെ മാന്യമായ ഭാഷയിലും വസ്തുതകൾ നിരത്തിയും പൊളിച്ചടുക്കുന്നതിൽ വിജയിച്ച ഒരു സഹപ്രവർത്തകൻ അതിന്റെ പേരിൽ സിപിഎമ്മുകാരാൽ ബുള്ളിയിങ്ങിന് വിധേയനാവുമ്പോൾ അയാളോട് ഐക്യദാർഢ്യപ്പെട്ടാണ് രാഹുൽ മാങ്കൂട്ടത്തോടൊപ്പം പങ്കെടുത്ത ഒരു പരിപാടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തത്. അതിൽ എന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നുവത്രേ. ഇന്നത്തെ ദിവസം അങ്ങനെയൊരു ഫോട്ടോ പാടില്ലത്രേ! അതിന് ഇന്നാട്ടിൽ ആരുടെയെങ്കിലും സമ്മതപത്രം വേണമോ? വേണമെന്ന് എത്ര സിപിഎമ്മുകാർ ആക്രോശിച്ചാലും അതിന് സൗകര്യമില്ല എന്ന് തന്നെയാണ് ഓരോ കോൺഗ്രസുകാരന്റേയും വിനയപുരസ്സരമുള്ള മറുപടിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.  പോസ്റ്റ് പൂർണരൂപത്തിൽ:

ഇടുക്കിയിലെ ക്യാമ്പസ് അക്രമത്തേക്കുറിച്ചും അതിന്റെ ഭാഗമായി ഉണ്ടായ കൊലപാതകത്തേക്കുറിച്ചും ഞാൻ ഇതേവരെ ഒരു വാക്ക് പോലും മിണ്ടിയിട്ടുണ്ടായിരുന്നില്ല. ചാനലിലോ സാമൂഹ്യമാധ്യമങ്ങളിലോ പ്രതികരിച്ചിട്ടുമില്ല. ക്യാമ്പസിലുണ്ടായ സംഘട്ടനത്തേക്കുറിച്ചും ഒരു വിദ്യാർത്ഥിയുടെ ജീവൻ പൊലിയാനുണ്ടായ സാഹചര്യത്തേക്കുറിച്ചും പോലീസ് കൃത്യമായി അന്വേഷിക്കട്ടെ, കുറ്റക്കാരെ നിയമാനുസൃതം ശിക്ഷിക്കട്ടെ. ഒരു പ്രതിക്കും സംരക്ഷണ കവചമൊരുക്കാൻ ഒരു പാർട്ടി എന്ന നിലയിൽ കോൺഗ്രസ് കടന്നുവരില്ല എന്നുറപ്പ്. തീപ്പന്തമാവാനും കേരളം കത്തിക്കാനും ഞങ്ങളില്ല. കലാലയ അക്രമങ്ങൾക്കും അതിന്റെ അടിസ്ഥാന കാരണമായ രാഷ്ട്രീയ അസഹിഷ്ണുതക്കും നിരവധി തവണ ഇരകളായവരെന്ന നിലയിൽ ആ വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങളുടെ വേദനയിൽ ഞങ്ങളെല്ലാം പങ്കുചേരുന്നു.

എന്നിട്ടും സിപിഎം പ്രൊഫൈലുകളിൽ നിന്ന് വ്യാപകമായ തെറിവിളികളും അധിക്ഷേപങ്ങളുമാണ് രാവിലെത്തൊട്ട്. എന്താണ് കാരണമെന്ന് നോക്കിയപ്പോഴാണ് രാഹുൽ മാങ്കൂട്ടത്തോടൊപ്പം ഇന്നലെ വടകരയിൽ പങ്കെടുത്ത ഒരു പരിപാടിയുടെ ഫോട്ടോ ഞാൻ ഫേസ്ബുക്കിലിട്ടതാണത്രേ കാരണം. അതിൽ എന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നുവത്രേ. ഇന്നത്തെ ദിവസം അങ്ങനെയൊരു ഫോട്ടോ പാടില്ലത്രേ! ചാനൽ ചർച്ചകളിൽ എതിരാളികളുടെ നിക്ഷിപ്ത അജണ്ടകളെ മാന്യമായ ഭാഷയിലും വസ്തുതകൾ നിരത്തിയും പൊളിച്ചടുക്കുന്നതിൽ വിജയിച്ച ഒരു സഹപ്രവർത്തകൻ അതിന്റെ പേരിൽ സിപിഎമ്മുകാരാൽ ബുള്ളിയിങ്ങിന് വിധേയനാവുമ്പോൾ അയാളോട് ഐക്യദാർഢ്യപ്പെടുന്നതിന് ഇന്നാട്ടിൽ ആരുടെയെങ്കിലും സമ്മതപത്രം വേണമോ? വേണമെന്ന് എത്ര സിപിഎമ്മുകാർ ആക്രോശിച്ചാലും അതിന് സൗകര്യമില്ല എന്ന് തന്നെയാണ് ഓരോ കോൺഗ്രസുകാരന്റേയും വിനയപുരസ്സരമുള്ള മറുപടി.
ഇനി, ഇതാ സംഭവം നടന്ന ഇടുക്കിയിലെ സിപിഎമ്മിന്റെ ഏറ്റവും ഉന്നതനായ ഈ നേതാവ് എങ്ങനെയാണ് ഈ വിഷയത്തിലുള്ള തന്റെ ആദ്യ പ്രതികരണം നടത്തിയതെന്ന് നോക്കുക. സ്വന്തം അനുയായിയായ ഒരു വിദ്യാർത്ഥി മരിച്ചുകിടക്കുന്ന മോർച്ചറിയുടെ മുന്നിൽ വച്ചാണ് എംഎം മണി എന്ന സിപിഎം എംഎൽഎ, മുൻ മന്ത്രി, ഇങ്ങനെ പത്രക്കാരോട് ഓഞ്ഞ തമാശകൾ പറയുന്നത്. ചാനലുകളിൽ സംസാരിക്കുന്നതിനിടെ സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയും ഹ ഹ ഹ ഹ എന്ന് ചിരിക്കുന്നത് നമ്മളെല്ലാം കേട്ടതാണ്. സംഭവത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളോട് പറഞ്ഞുകൊണ്ടിരുന്ന എസ്എഫ്ഐക്കാരെപ്പോലും അത് മുഴുമിപ്പിക്കാനനുവദിക്കാതെ വിരട്ടി ഓടിച്ചു വിടുന്നതും ഇതേ ജില്ലാ സെക്രട്ടറി തന്നെയാണ്. ഇവരെയൊക്കെ വിചാരണ ചെയ്ത് കഴിഞ്ഞിട്ട് പോരെ എന്റെ വാളിലെ ഫോട്ടോയെക്കുറിച്ചുള്ള താത്വികാവലോകനവും വൈകാരിക ഗദ്ഗദപ്രകടനങ്ങളും?
ഈ വിഷയത്തിൽ എത്രത്തോളം വൈകാരികമായ ആത്മാർത്ഥത സിപിഎമ്മുകാർക്ക് യഥാർത്ഥത്തിൽ ഉണ്ട് എന്ന് ഇതിനോടകം കേരളീയ പൊതുസമൂഹത്തിന് ബോധ്യമായിക്കഴിഞ്ഞു. കലാലയങ്ങൾ അക്രമരഹിതമാക്കുക എന്നതല്ല ഈ സാഹചര്യത്തിൽപ്പോലും സിപിഎമ്മിന്റേയും എസ്എഫ്ഐയുടേയും ലക്ഷ്യം എന്ന് ഇന്നലെത്തത്തന്നെ എറണാകുളം മഹാരാജാസ് കോളേജിലടക്കം അവർ നടത്തിയ വ്യാപകമായ അക്രമങ്ങൾ തെളിയിക്കുന്നുണ്ട്. ഒരു ജില്ലയിലെ ഒരു ക്യാമ്പസ്സിൽ സംഘർഷമുണ്ടായി എന്നതിന്റെ പ്രതികാരമായി മറ്റൊരു ജില്ലയിൽ തങ്ങളുടെ ശക്തികേന്ദ്രമായ മറ്റൊരു ക്യാമ്പസ്സിൽ അവിടത്തെ നിരപരാധികളായ വിദ്യാർത്ഥികളുടെ തല തല്ലിപ്പൊളിക്കുന്നത് എന്ത് തരം കാട്ടുനീതിയാണ്? ഇത് തന്നെയല്ലേ ഭീകരവാദികളും ചെയ്യാറുള്ളത്?
ഒരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെടുമ്പോഴുള്ള വേദനയിൽ പങ്കുചേരുമ്പോഴും സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി നടിച്ചുകൊണ്ടുള്ള എസ്എഫ്ഐയുടെ കാപട്യം കേരളം എളുപ്പത്തിൽ തിരിച്ചറിയുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണ്. അതുകൊണ്ടുതന്നെ അക്രമ രാഷ്ട്രീയത്തോടുള്ള എസ്എഫ്ഐയുടെ എതിർപ്പിൽ ആത്മാർത്ഥതയുടെ കണികയെങ്കിലുമുണ്ടെങ്കിൽ അവർ ആദ്യം ചെയ്യേണ്ടത് മഹാരാജാസിലെ ക്രിമിനലുകളെ സ്വന്തം സംഘടനയിൽ നിന്ന് പുറത്താക്കുക എന്നതാണ്, ഇതൊരവസരമായിക്കണ്ട് കേരളത്തിൽ കോൺഗ്രസ് പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെ വ്യാപകമായ അക്രമങ്ങൾ നടത്തുന്നവരെ നിലക്കുനിർത്തുക എന്നതാണ്.

ഇതിൽ രണ്ടാമത് പറഞ്ഞ കാര്യം നാട് ഭരിക്കുന്ന സർക്കാരിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് ഓർമ്മപ്പെടുത്തുന്നു.

 

Latest