Connect with us

Kerala

പാര്‍ട്ടിയില്‍ നിന്ന് വോട്ട് ചോര്‍ച്ച; ക്യാപ്റ്റന്‍ ജയിച്ചിട്ടും ആഹ്ലാദിക്കാനാവാതെ സി പി എം

മൂന്നാമൂഴം ഭരണത്തിന് നായകനാകാന്‍ ധര്‍മ്മടത്ത് മത്സരിച്ച പിണറായി വിജയന്‍ ഇത്തവണ രക്ഷപ്പെട്ടത് കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേടിയതിനെക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിനാണ്.

Published

|

Last Updated

കണ്ണൂര്‍ | ചെങ്കോട്ടയില്‍ ആടിയുലഞ്ഞ് ക്യാപ്റ്റന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിറവി നല്‍കിയ പിണറായി ഉള്‍പ്പെടുന്ന ധര്‍മ്മടം മണ്ഡലം സി പി എമ്മിന്റെ ചെങ്കോട്ടയാണ്. സംസ്ഥാനത്ത് തന്നെ പാര്‍ട്ടിയുടെ ഇളകാത്ത കോട്ട കൂടിയാണ് ഇവിടം. സി പി എമ്മിന്റെയും പിണറായി വിജയന്റെയും ചങ്കിടിപ്പേറ്റുന്ന തരത്തിലായിരുന്നു മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ ആദ്യ നാലു മണിക്കൂറുകള്‍. പിണറായിയെ വിറപ്പിച്ചായിരുന്നു തുടക്കം മുതല്‍ കോണ്‍ഗ്രസ്സിലെ അബ്ദുല്‍ റഷീദിന്റെ മുന്നേറ്റം. മൂന്നാമൂഴം ഭരണത്തിന് നായകനാകാന്‍ ധര്‍മ്മടത്ത് മത്സരിച്ച പിണറായി വിജയന്‍ ഇത്തവണ രക്ഷപ്പെട്ടത് കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേടിയതിനെക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിനാണ്. 2021 ല്‍ 50,123 വോട്ട് ഭൂരിപക്ഷം നേടിയായിരുന്നു പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്ന് ജയിച്ചത്. ഇതാണ് ഇത്തവണ 19,241 ആയി കുറഞ്ഞത്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ പിറകിലായത് പാര്‍ട്ടി അണികളില്‍ ഞെട്ടലുണ്ടാക്കി. ഒന്നാം റൗണ്ടില്‍ 733 വോട്ടിനാണ് യു ഡി എഫ് സ്ഥാനാര്‍ഥി അബ്ദുല്‍ റഷീദ് മുന്നിട്ട് നിന്നത്. പിന്നീട് ആറ് റൗണ്ടുകളിലും റഷീദ് മതന്നെയായിരുന്നു മുന്നില്‍. ഏഴാം റൗണ്ടായതോടെയാണ് പിണറായി വിജയന് ലീഡ് നേടാനായത്. ഏഴാം റൗണ്ടില്‍ 1536 വോട്ടിന് മുന്നിട്ട് നിന്ന പിണറായി വിജയന്‍ പിന്നീട് എല്ലാ റൗണ്ടിലും ലീഡ് തുടര്‍ന്നു. ഇത്തവണ ധര്‍മ്മടത്ത് പിണറായിയുടെ ഭൂരിപക്ഷം കുറയുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടിയിരുന്നുവെങ്കിലും ഏതെങ്കിലും ഘടത്തില്‍ വോട്ടെണ്ണലില്‍ പിറകിലാകുമെന്ന് കരുതിയിരുന്നില്ല. ഇത്ര തിരിച്ചടി പ്രതീക്ഷിച്ചിരുന്നുമില്ല. 17,000 മുതല്‍ 25,000 വരെ വോട്ടിന് പിണറായി വിജയന്‍ ജയിക്കുമെന്നായിരുന്നു സി പി എമ്മിന്റെ കണക്ക്.

എട്ട് പഞ്ചായത്തുകളാണ് ധര്‍മ്മടം മണ്ഡലത്തിലുള്ളത്. എല്ലാ പഞ്ചായത്തുകളിലും ഭരണം എല്‍ ഡി എഫിനാണ്. ഇതില്‍ തന്നെ അഞ്ച് പഞ്ചായത്തുകള്‍ പാര്‍ട്ടി കോട്ടകള്‍. എന്നാല്‍, പാര്‍ട്ടി കോട്ടകളില്‍ നിന്നാണ് ഇടത് വോട്ടുകള്‍ ചോര്‍ന്നത്. പിണറായി, പെരളശ്ശേരി, വേങ്ങാട്, അഞ്ചരക്കണ്ടി, ധര്‍മ്മടം പഞ്ചായത്തുകള്‍ സി പി എമ്മിന്റെ ഉരുക്കു കോട്ടകളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊക്കെ എല്‍ ഡി എഫിന് മികച്ച ലീഡ് നല്‍കിയ പഞ്ചായത്തുകളാണിതൊക്കെ. 2021 ല്‍ പിണറായിക്ക് റെക്കോഡ് ഭൂരിപക്ഷം നേടാന്‍ ബലമേകിയതും ഈ പഞ്ചായത്തുകള്‍ തന്നെ. എന്നാല്‍, ഇത്തവണ പാര്‍ട്ടിയുടെ കണക്കു കൂട്ടലൊക്കെ തെറ്റിച്ചാണ് ഈ പഞ്ചായത്തുകളില്‍ യു ഡി എഫ് സ്ഥാനാര്‍ഥി മുന്നേറ്റമുണ്ടാക്കിയത്. ഇടത് വോട്ടില്‍ വലിയ ഇടിവാണ് ഈ പാര്‍ട്ടി ഗ്രാമങ്ങളിലുണ്ടായത്. ഇത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. എവിടെയാണ് പിഴച്ചതെന്ന് ഇനി വിലയിരുത്തലുണ്ടാകുമെങ്കിലും ഒറ്റനോട്ടത്തില്‍ സി പി എമ്മിന്റെ ഉറച്ച വോട്ടുകളാണ് ചോര്‍ന്നതെന്ന് വ്യക്തമാണ്. തിരിച്ചടിയെ കുറിച്ചുള്ള വിലയിത്തലില്‍ മറ്റ് കാരണങ്ങള്‍ എന്തൊക്കെ പറഞ്ഞാലും പിണറായി വിജയനോടുള്ള വ്യക്തിപരമായ വിയോജിപ്പ് വോട്ടില്‍ പ്രകടമാണ്. പത്ത് വര്‍ഷം കേരളം ഭരിച്ച മുഖ്യമന്ത്രി ധര്‍മ്മടത്ത് ആറ് റൗണ്ട് വോട്ടുകള്‍ എണ്ണിയപ്പോഴും പിന്നിലാ എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. മുഖ്യമന്ത്രി മത്സരിച്ച മണ്ഡലം എന്നതിനപ്പുറം സി പി എമ്മിന്റെ ഇളകാത്ത കോട്ട കൂടിയാണ് ധര്‍മ്മടം. ഇങ്ങനെയൊരു സീറ്റിലാണ് നാല് മണിക്കൂര്‍ സമയം യു ഡി എഫ് സ്ഥാനാര്‍ഥി ക്യാപ്റ്റനെയും ഇടതുപക്ഷത്തെയും മുള്‍മുനയില്‍ നിര്‍ത്തിയത്. ജയത്തിലും ആഹ്ലാദിക്കാനാകാത്ത അവസ്ഥയിലാണ് ധര്‍മ്മടത്ത് ഇടത് മുന്നണി.

 

Latest