Connect with us

Kerala

സെഞ്ച്വറി കടന്ന് യു ഡി എഫ്; 35ലേക്ക് വീണ് എല്‍ ഡി എഫ്

വിജയിച്ച ഏഴ് മന്ത്രിമാരില്‍ പലരും ചെറിയ ഭൂരിപക്ഷത്തിലാണ് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തിയത്. തങ്ങളുടെ എക്കാലത്തെയും മികച്ച വിജയം നേടി ബി ജെ പി.

Published

|

Last Updated

തിരുവനന്തപുരം | കേരള നിയമസഭാ തിരഞ്ഞെടുപ്പ്-2026ല്‍ ഉജ്ജ്വല വിജയത്തോടെ ഭരണം തിരിച്ചുപിടിച്ച് യു ഡി എഫ്. 140 സീറ്റുകളില്‍ യു ഡി എഫ് 102 സീറ്റ് നേടിയപ്പോള്‍ എല്‍ ഡി എഫിന് 35 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്‍ ഡി എ മൂന്ന് സീറ്റ് നേടി. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആഞ്ഞുവീശിയ ഭരണ വിരുദ്ധ വികാരത്തില്‍ പല പരമ്പരാഗത സി പി എം കോട്ടകളും തകര്‍ന്നടിഞ്ഞപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാറിലെ 12 മന്ത്രിമാരാണ് പരാജയം രുചിച്ചത്. മുന്നണിയെ നയിച്ച സി പി എമ്മിന്റെ എട്ട് മന്ത്രിമാര്‍ തോല്‍വിയറിഞ്ഞു. സി പി ഐ, എന്‍ സി പി, കേരള കോണ്‍ഗ്രസ്സ് ബി, കേരള കോണ്‍ഗ്രസ്സ് എം, കേരള കോണ്‍ഗ്രസ്സ് എസ് എന്നീ ഘടകകക്ഷികളുടെ ഓരോ മന്ത്രിമാരും പരാജയപ്പെട്ടു. വിജയിച്ച ഏഴ് മന്ത്രിമാരില്‍ പലരും ചെറിയ ഭൂരിപക്ഷത്തിലാണ് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തിയത്. വോട്ടെണ്ണലിനിടെ ആദ്യ ഏഴ് റൗണ്ടുകളിലും പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എട്ടാം റൗണ്ടിലാണ് ലീഡ് തിരിച്ചുപിടിച്ചത്.

യു ഡി എഫില്‍ 97 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സ് 61ല്‍ വിജയിച്ചപ്പോള്‍ 27 സീറ്റില്‍ മത്സരിച്ച മുസ്‌ലിം ലീഗ് 25ലും ജയിച്ചു. കേരള കോണ്‍ഗ്രസ്സ് ജോസഫ് എട്ടില്‍ ഏഴ് സീറ്റിലും ആര്‍ എസ് പി നാലില്‍ മൂന്നിലും മാണി സി കാപ്പന്‍ ഒരു സീറ്റിലും വിജയിച്ചു. ഇതോടൊപ്പം യു ഡി എഫ് പിന്തുണ നല്‍കിയ നാല് സി പി എം വിമതരില്‍ മൂന്നുപേരെയും യു ഡി എഫിന് വിജയിപ്പിക്കാനായി. എന്നാല്‍ 75 സീറ്റില്‍ മത്സരിച്ച സി പി എമ്മിന് 26ല്‍ മാത്രമാണ് വിജയിക്കാനായത്. 25 സീറ്റില്‍ ജനവിധി തേടിയ സി പി ഐ എട്ടിടത്തും മൂന്ന് സീറ്റില്‍ മത്സരിച്ച ആര്‍ ജെ ഡി ഒരിടത്തും വിജയിച്ചു. 12 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിന് ഒന്നില്‍ പോലും വിജയിക്കാനായില്ല. എല്‍ ഡി എഫിലെ ഘടക കക്ഷികകളില്‍ സി പി ഐയും ആര്‍ ജെ ഡിയും ഒഴികെ മറ്റു ഘടകകക്ഷികളെല്ലാം പൂര്‍ണമായും പരാജയപ്പെട്ടു. എന്‍ സി പി, സോഷ്യലിസ്റ്റ് ജനതാദള്‍, കേരള കോണ്‍ഗ്രസ്സ് മാണി, ഐ എന്‍ എല്‍, ആര്‍ എസ് പി-ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള ഒരു അംഗം പോലും സഭയിലേക്കെത്തിയില്ല.

അതേസമയം, ഏറെക്കാലമായി നിയമസഭയില്‍ പ്രാതിനിധ്യമില്ലാതിരുന്ന യു ഡി എഫിലെ ആര്‍ എസ് പിയും സി എം പിയും സഭയില്‍ സാന്നിധ്യമുറപ്പിച്ചു. നേരത്തെ യു ഡി എഫ് മുന്നണി സംവിധാനം നിലവില്‍ വരുന്നതിന് മുമ്പ് 1977ല്‍ കോണ്‍ഗ്രസ്സ് 110 സീറ്റില്‍ വിജയിച്ചിരുന്നുവെങ്കിലും 1980ല്‍ ഐക്യജനാധിപത്യ മുന്നണി രൂപവത്കരിച്ച ശേഷം ഇത്രയും കൂടുതല്‍ സീറ്റുകള്‍ നേടി മുന്നണി വിജയിക്കുന്നത് ഇതാദ്യമാണ്. മിക്കവരുടെയും വിജയം മികച്ച ഭൂരിപക്ഷത്തിലാണെന്നതും സമീപകാല തിരഞ്ഞെടുപ്പ് ചരിത്രത്തിലൊന്നും തന്നെ കോണ്‍ഗ്രസ്സ് ഇത്രയേറെ സീറ്റില്‍ മത്സരിക്കുകയോ വിജയിക്കുകയോ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ ഇടതുപക്ഷത്തെ പൂര്‍ണമായും കൈവിട്ടപ്പോള്‍ മികച്ച ഭൂരിപക്ഷം നല്‍കിയിരുന്ന കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളും യു ഡി എഫിനൊപ്പം നിന്നു. എന്നാല്‍ തൃശൂര്‍, പാലക്കാട് ജില്ലകളാണ് ഇടതുപക്ഷത്തിന് ആശ്വാസ വിജയം നല്‍കിയത്. ഇതിനിടെ ബി ജെ പി തങ്ങളുടെ എക്കാലത്തെയും മികച്ച വിജയമാണ് ഇത്തവണ നേടിയത്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, തിരുവനന്തപുരം ജില്ലയില്‍ നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലൂടെ മൂന്ന് പ്രതിനിധികളെ നിയമസഭയിലെത്തിച്ചു.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest