Connect with us

Kerala

യു ഡി എഫ് സുനാമിയില്‍ ഇടത് കോട്ടകള്‍ തകര്‍ന്നു; അടിതെറ്റി വീണത് 12 മന്ത്രിമാര്‍

2016ല്‍ 91 സീറ്റും 2021ല്‍ 99 സീറ്റും നേടി രണ്ട് ഭരണകാലയളവില്‍ അധികാരത്തില്‍ വന്ന് ഇടതിനെ ഇത്തവണ സെഞ്ച്വറിയടിച്ചും 35ലേക്ക് ഒതുക്കിയുമാണ് യു ഡി എഫ് ജയഭേരി മുഴക്കിയത്.

Published

|

Last Updated

തിരുവനനന്തപുരം | ഇടത് കോട്ടകള്‍ തകര്‍ത്ത് തരിപ്പണമാക്കി 10 വര്‍ഷത്തിനു ശേഷം യു ഡി എഫ് അധികാരത്തിലേക്ക്. 102 സീറ്റിന്റെ മിന്നുന്ന വിജയവുമായാണ് മുന്നണി സര്‍ക്കാര്‍ രൂപവത്കരിക്കാനൊരുങ്ങുന്നത്. തളിപ്പറമ്പ്, പയ്യന്നൂര്‍, ഉദുമ, തൃക്കരിപ്പൂര്‍ തുടങ്ങിയ ചെങ്കോട്ടകളെല്ലാം യു ഡി എഫ് സുനാമിയില്‍ നിലംപൊത്തി. 2016ല്‍ 91 സീറ്റും 2021ല്‍ 99 സീറ്റും നേടി രണ്ട് ഭരണകാലയളവില്‍ അധികാരത്തില്‍ വന്ന് ഇടതിനെ ഇത്തവണ സെഞ്ച്വറിയടിച്ചും 35ലേക്ക് ഒതുക്കിയുമാണ് യു ഡി എഫ് ജയഭേരി മുഴക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനെന്ന എല്‍ ഡി എഫ് കപ്പിത്താന്‍ പോലും ആര്‍ത്തലച്ച യു ഡി എഫ് തിരമാലകളില്‍ ആടിയുലഞ്ഞു. 2021-ല്‍ 50,123 വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ പിണറായി വിജയനെ കിടുകിടാ വിറപ്പിച്ച ശേഷമാണ് എതിര്‍ സ്ഥാനാര്‍ഥി അഡ്വ. വി പി അബ്ദുല്‍ റഷീദ് കീഴടങ്ങിയത്. പിണറായിയുടെ ഭൂരിപക്ഷം 19,247 വോട്ടിലൊതുങ്ങി. ആദ്യത്തെ ആറ് റൗണ്ട് വരെ പിന്നിലായിരുന്നു നിലവിലെ മുഖ്യമന്ത്രി എന്നത് യു ഡി എഫ് അനുകൂല തരംഗത്തിന്റെ വ്യാപ്തി എത്രമാത്രമാണെന്നതിന് തെളിവാണ്. പിണറായി 84,504 വോട്ട് നേടിയപ്പോള്‍ റഷീദ് 66,067 വോട്ടുമായി രണ്ടാമതെത്തി. 18,383 വോട്ടാണ് ബി ജെ പി സാരഥി കെ രഞ്ജിത്തിന് നേടാനായത്. 2016ല്‍ 36,905ഉം 2021ല്‍ 50,123ഉം ആയിരുന്നു പിണറായിയുടെ ഭൂരിപക്ഷം.

മത്സരിച്ച 12 മന്ത്രിമാര്‍ തോല്‍വിയുടെ കയ്പ്പറിഞ്ഞുവെന്നതും നിലവിലെ സര്‍ക്കാറിനെതിരെ ഉണ്ടായ ശക്തമായ ജനവികാരം വ്യക്തമാക്കുന്നു. ഇതിനിടയിലും ബി ജെ പി മൂന്ന് സീറ്റില്‍ വിജയിച്ചുവെന്നത് ഇരു മുന്നണികള്‍ക്കും കനത്ത തിരിച്ചടിയാവുകയും ചെയ്തു. നേമത്തും ചാത്തന്നൂരിലും കഴക്കൂട്ടത്തുമാണ് കാവിക്കൊടി പാറിയത്.

മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ്, എം ബി രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, റോഷി അഗസ്റ്റിന്‍, ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, കെ ബി ഗണേഷ് കുമാര്‍ എന്നിവരെല്ലാം അടിതെറ്റി വീണു. പേരാവൂരില്‍ സി പി എം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജയും പരാജയപ്പെട്ടു. കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫാണ് ഇവിടെ വിജയിച്ചത്. മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ പരാജയപ്പെട്ടതും ഇടതിന് വലിയ ക്ഷീണമായി. മുസ്ലിം ലീഗിന്റെ ഫാത്തിമ തഹ്‌ലിയ മണ്ഡലത്തില്‍ വിജയിച്ചതോടെ ചരിത്രത്തിലാദ്യമായി മുസ്‌ലിം ലീഗിന് നിയമസഭയില്‍ വനിതാ പ്രാധിനിധ്യം ലഭിക്കുകയും ചെയ്തു. പിണറായി വിജയന് പുറമെ, കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, പി പ്രസാദ്, ജി ആര്‍ അനില്‍, കെ രാജന്‍ എന്നിവര്‍ മാത്രമാണ് മന്ത്രിമാരില്‍ ജയം നേടാന്‍ കഴിഞ്ഞത്. സി പി ഐക്ക് നേരത്തെ ഉണ്ടായിരുന്ന 17 സീറ്റില്‍ എട്ടെണ്ണം നഷ്ടമായി. ഇത്തവണ പാര്‍ട്ടി ഒമ്പതില്‍ ഒതുങ്ങി. തങ്ങളുടെ ശക്തികേന്ദ്രമായ പാലായില്‍ ഉള്‍പ്പെടെ തോറ്റ കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം ഒരു സീറ്റ് പോലും നേടാനാകാതെ അമ്പേ പരാജയമായി. അതേസമയം, പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ്സ് മത്സരിച്ച എട്ടില്‍ ഏഴിലും ജയിച്ച് തങ്ങളുടെ ജനസ്വാധീനമറിയിച്ചു.

മുന്‍ മന്ത്രി കൂടിയായ ജി സുധാകരന്‍ (അമ്പലപ്പുഴ), വി കുഞ്ഞികൃഷ്ണന്‍ (പയ്യന്നൂര്‍), ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ (തളിപ്പറമ്പ്) തുടങ്ങിയ വിമതര്‍ വിജയം നേടിയത് സി പി എമ്മിന് ഇരട്ടി പ്രഹരമായി. എല്‍ ഡി എഫ് വിട്ട ശേഷം യു ഡി എഫ് സ്വതന്ത്രനായി ബേപ്പൂരില്‍ മത്സരിച്ച മുന്‍ എം എല്‍ എ. പി വി അന്‍വറിന് ജയിക്കാനായില്ലെങ്കിലും മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭൂരിപക്ഷം കുറക്കാനായി എന്നതും ചെറിയ കാര്യമല്ല. സി പി എം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് മത്സരിച്ച പി കെ ശശിയും എ സുരേഷും വന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതും ശ്രദ്ധേയമാണ്. മലമ്പുഴയില്‍ മൂന്നാം സ്ഥാനത്താണ് എ സുരേഷ്. ഒറ്റപ്പാലത്ത് 25,000 ത്തോളം വോട്ടിനാണ് ശശിയുടെ പരാജയം.

ഈ തിരഞ്ഞെടുപ്പില്‍ 64 സീറ്റ് ഒറ്റക്ക് നേടിയ കോണ്‍ഗ്രസ്സ് സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 22 സീറ്റ് സ്വന്തമാക്കി മുസ്‌ലിം ലീഗും പാര്‍ട്ടിയുടെ ചരിത്രത്തിലെ തന്നെ വലിയ നേട്ടം കൊവരിച്ചു.

 

---- facebook comment plugin here -----

Latest