Connect with us

Kerala

ഇടത് കോട്ടകളില്‍ വോട്ട് ചോര്‍ച്ചയുണ്ടായി; യു ഡി എഫ് നടത്തിയ നട്ടാല്‍ കുരുക്കാത്ത നുണപ്രചാരണവും തിരിച്ചടിയായി: തോമസ് ഐസക്

ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം നടത്തിയ തെറ്റുതിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര വിജയം കണ്ടിട്ടില്ലെന്നതിന്റെ സൂചന. ഏറ്റവും മികച്ച വികസന മുന്നേറ്റത്തിന്റെ ദശകത്തിന്റെ അവസാനമാണ് ഈ തിരിച്ചടി ഉണ്ടായിട്ടുള്ളതെന്നത് വിധിവൈപരീത്യം.

Published

|

Last Updated

കോഴിക്കോട് | ഇടതുപക്ഷ അനുഭാവികളായിട്ടുള്ള ഒരു വിഭാഗം ചില മണ്ഡലങ്ങളില്‍ യു ഡി എഫിന് വോട്ട് ചെയ്തുവെന്നത് വ്യക്തമാണെന്ന് സി പി എം നേതാവും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസക്. എല്‍ ഡി എഫിന്റെ പല കോട്ടകളിലും ഉണ്ടായിട്ടുള്ള വോട്ട് ചോര്‍ച്ച ഇതിന് തെളിവാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം നടത്തിയ തെറ്റുതിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര വിജയം കണ്ടിട്ടില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്‍ ഡി എഫിന്റെ ചരിത്രത്തിലെ കനത്ത പരാജയങ്ങളിലൊന്നാണ് സംഭവിച്ചിരിക്കുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും മികച്ച വികസന മുന്നേറ്റത്തിന്റെ ദശകത്തിന്റെ അവസാനമാണ് ഈ തിരിച്ചടി ഉണ്ടായിട്ടുള്ളതെന്നത് വിധിവൈപരീത്യമാണ്. ഒരുകാലത്തും ഇല്ലാത്തവിധമുള്ള സാമൂഹിക-ക്ഷേമ വികസനം. അതോടൊപ്പം, അന്യാദൃശമായ പശ്ചാത്തല സൗകര്യ നിര്‍മാണവും. ഇത്തരമൊരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല.

ഈ വികസനം തുടരണമോ? അതിന്റെ രാഷ്ട്രീയം എന്ത്? എന്നത് ചര്‍ച്ചയാക്കുന്നതിനാണ് എല്‍ ഡി എഫ് ശ്രമിച്ചത്. എന്നാല്‍ യു ഡി എഫിന്റെ ദുഷ്പ്രചാരണത്തിനാണ് മേല്‍ക്കൈ ഉണ്ടായതെന്ന് വ്യക്തം. ഇതിലൊന്ന് ബി ജെ പി-എല്‍ ഡി എഫ് ഡീലിനെക്കുറിച്ച് യു ഡി എഫ് നടത്തിയ നട്ടാല്‍ കുരുക്കാത്ത നുണ പ്രചാരണമാണ്.

ബി ജെ പിയുടെ മൂന്ന് സീറ്റ് വിജയം ആരുടെ ചെലവില്‍ എന്നുള്ളത് പരിശോധിക്കാനിരിക്കുന്നതേയുള്ളൂ. മൂന്നിടത്തും എല്‍ ഡി എഫ് ആണ് രണ്ടാം സ്ഥാനത്ത്. 2021-നെ അപേക്ഷിച്ച് യു ഡി എഫിന്റെ വോട്ട് നേമത്തും കഴക്കൂട്ടത്തും ഏതാണ്ട് മൂന്നിലൊന്ന് കുറഞ്ഞു.

അതോടൊപ്പം ഇടതുപക്ഷ അനുഭാവികളായിട്ടുള്ള ഒരു വിഭാഗം ചില മണ്ഡലങ്ങളില്‍ യു ഡി എഫിന് വോട്ട് ചെയ്തുവെന്നതും വ്യക്തമാണ്. എല്‍ ഡി എഫിന്റെ പല കോട്ടകളിലും ഉണ്ടായിട്ടുള്ള വോട്ട് ചോര്‍ച്ച ഇതിന് തെളിവാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം നടത്തിയ തെറ്റുതിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര വിജയം കണ്ടിട്ടില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ കൂട്ടായി ഈ കടമ വീണ്ടും ഏറ്റെടുക്കും. ജനങ്ങളുടെയും പാര്‍ട്ടി അനുഭാവികളുടെയും വിമര്‍ശനങ്ങള്‍ തുറന്ന മനസ്സോടെ പരിശോധിച്ച് തിരുത്തലുകള്‍ വരുത്തും.

എന്തോ മഹാതകര്‍ച്ച ഉണ്ടായിരിക്കുന്നുവെന്ന തെറ്റിദ്ധാരണ വേണ്ട. സാധാരണഗതിയില്‍ കേരളത്തില്‍ അഞ്ച് വര്‍ഷംതോറുമുള്ള ഭരണമാറ്റം ഇത്തവണ പത്ത് വര്‍ഷം കഴിഞ്ഞാണ് ഉണ്ടായിരിക്കുന്നത്. അതും ഒരു പ്രകടമായ ഭരണവിരുദ്ധ വികാരമില്ലാതെ തന്നെ. ഈ പശ്ചാത്തലത്തിലാണ് സ്വയം വിമര്‍ശനത്തിന്റെ പ്രാധാന്യം ഏറുന്നത്.

വലിയ ചുമതലകളാണ് പുതിയ പ്രതിപക്ഷത്തിന്റെ ചുമലിലുള്ളത്. ക്ഷേമ കാര്യങ്ങളില്‍ തിരിച്ചുപോക്ക് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പൊതു ആരോഗ്യത്തിന്റെയും പൊതു വിദ്യാഭ്യാസത്തിന്റെയും സംരക്ഷണം ഏറ്റെടുക്കേണ്ടതുണ്ട്. കിഫ്ബി വഴി തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പുവരുത്തണം. ഇതിന് പുറമേയാണ് യു ഡി എഫ് നല്‍കിയിട്ടുള്ള ഗ്യാരണ്ടികള്‍. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ ഉപജാപങ്ങളെ പിന്താങ്ങിയ പാരമ്പര്യമാണ് യു ഡി എഫിനുള്ളത്. ഇതുവരെയുള്ള നിലപാടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കുന്നതിനുള്ള ശേഷി യു ഡി എഫിന് ഉണ്ടോയെന്ന് കണ്ടറിയണം.

അധ്വാനിക്കുന്നവരുടെയും ബഹുജനങ്ങളുടെയും അവകാശങ്ങള്‍ക്കുവേണ്ടി ശക്തമായി പോരാട്ടങ്ങള്‍ ഏറ്റെടുക്കണം. മതനിരപേക്ഷതയില്‍ കേരളത്തെ ഉറപ്പിച്ചു നിര്‍ത്തണം. ബി ജെ പിയെ ഇന്നത്തെ നിലയില്‍ തളച്ചിടുകയല്ല, പുറകോട്ടു തള്ളിനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. ഒരു സംശയവും വേണ്ട, പാര്‍ട്ടിയും മുന്നണിയും കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്നും തോമസ് ഐസക് ഫേസ് ബുക്കില്‍ കുറിച്ചു.

 

---- facebook comment plugin here -----

Latest