National
ബംഗാളിളിലും അസമിലും പുതുച്ചേരിയിലും ബി ജെ പിക്ക് മുന്നേറ്റം; തമിഴ്നാട്ടിൽ വിജയിയുടെ ടി വി കെ അധികാരത്തിലേക്ക്
89 ലക്ഷം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയും ആർ ജി കർ മെഡിക്കൽ കോളേജ് സംഭവവുമെല്ലാം പശ്ചിമ ബംഗാളിൽ തൃണമൂലിന് തിരിച്ചടിയായതായാണ് വിലയിരുത്തൽ
ന്യൂഡൽഹി | രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ രാഷ്ട്രീയ ഭൂപടത്തിൽ വൻ അഴിച്ചുപണികൾ. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് കോട്ടകൾ തകർത്ത് ബി ജെ പി കേവല ഭൂരിപക്ഷം മറികടന്നു. തമിഴ്നാട്ടിലാകട്ടെ സിനിമാ താരം വിജയിന്റെ തമിഴക വെട്രി കഴകം (ടി വി കെ) ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്. അസമിൽ ബി ജെ പി 99 സീറ്റുകളിൽ മുന്നേറി ഹാട്രിക് വിജയത്തിലേക്ക് അടുക്കുകയാണ്. പുതുച്ചേരിയിൽ എൻ ഡി എ 15 സീറ്റുകളിലും മുന്നേറുന്നു.
പശ്ചിമ ബംഗാളിലെ 294 സീറ്റുകളിൽ ബി ജെ പി 199 സീറ്റുകളിൽ മുന്നിലാണ്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 88 സീറ്റുകളിലേക്ക് ചുരുങ്ങി. 89 ലക്ഷം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയും ആർ ജി കർ മെഡിക്കൽ കോളേജ് സംഭവവുമെല്ലാം തൃണമൂലിന് തിരിച്ചടിയായതായാണ് വിലയിരുത്തൽ. ബി ജെ പി നേതാവ് സുവേന്ദു അധികാരി ഭബാനിപൂർ മണ്ഡലത്തിൽ മമത ബാനർജിയുമായി കടുത്ത പോരാട്ടത്തിലാണ്. ബംഗാളിൽ ബി ജെ പി സർക്കാർ രൂപീകരിക്കുമെന്ന് സുവേന്ദു അധികാരി പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, ഇത് ബി ജെ പിയുടെ ആസൂത്രണമാണെന്നും തങ്ങൾ പോരാട്ടം തുടരുമെന്നും മമത ബാനർജി പ്രതികരിച്ചു.

അസമിൽ ബി ജെ പി പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം
തമിഴ്നാട്ടിൽ ഡി എം കെ, എ ഐ എ ഡി എം കെ എന്നീ ദ്രാവിഡ പാർട്ടികളുടെ ആധിപത്യം തകർത്തുകൊണ്ടാണ് വിജയിന്റെ ടി വി കെ മുന്നേറുന്നത്. നൂറിലധികം സീറ്റുകളിൽ ടി വി കെ മുന്നിലാണ്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിലും ഉദയനിധി സ്റ്റാലിൻ ചേപ്പോക്കിലും പിന്നിലായത് ഡി എം കെയെ ഞെട്ടിച്ചിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിൽ 49 വർഷത്തിന് ശേഷം ഒരു നടൻ മുഖ്യമന്ത്രി പദവിയിലെത്തുന്ന ചരിത്രം വിജയ് ആവർത്തിക്കുമെന്നാണ് ആരാധകർ കരുതുന്നത്. എ ഐ എ ഡി എം കെ 71 സീറ്റുകളിൽ മുന്നിലുണ്ട്.
അസമിൽ ബി ജെ പി 99 സീറ്റുകളിൽ മുന്നേറി ഹാട്രിക് വിജയത്തിലേക്ക് അടുക്കുകയാണ്. കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ജോർഹട്ടിൽ പിന്നിലായത് പാർട്ടിക്ക് ക്ഷീണമായി. പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസ് നേതൃത്വത്തിലുള്ള എൻ ഡി എ സഖ്യം അധികാരം നിലനിർത്തുന്ന സൂചനകളാണ് നൽകുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നതോടെ വൈകുന്നേരം 6:30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യും.
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ എൻ ഡി എ 15 സീറ്റുകളിലും എസ് പി എ 11 സീറ്റുകളിലും മറ്റുള്ളവർ മൂന്ന് സീറ്റുകളിലും മുന്നേറുന്നു.
Summary
The 2026 Assembly election results show a massive shift in Indian politics, with the BJP crossing the majority mark in West Bengal and actor Vijay’s TVK making a stunning debut by leading in over 100 seats in Tamil Nadu. In Kerala, the Congress-led UDF has overtaken the ruling LDF, signaling a clear comeback for the opposition. Meanwhile, the BJP is nearing a hat-trick win in Assam, and the NDA remains strong in Puducherry.


