Connect with us

Kerala

മതേതര മൂല്യങ്ങളും ഇടതു രാഷ്ട്രീയവും കൈവിട്ടു; സി പി എം നേരിട്ടതു കനത്ത തിരിച്ചടി

ഇടതുപക്ഷം ഒരോ വിഷയത്തിലും സ്വീകരിക്കുമെന്നു പൊതു സമൂഹം കരുതിയ നിലപാടുകളല്ല സി പി എം വിവിധ വിഷയങ്ങളില്‍ സ്വീകരിച്ചത്.

Published

|

Last Updated

കോഴിക്കോട്| നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഇടതുപക്ഷത്തിനു കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. കേരളീയ സമൂഹം അങ്ങേയറ്റം വിലമതിക്കുന്ന മതേതരത്വം, ഇടതുപക്ഷം എന്നീ ആശയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സി പി എമ്മിനു സംഭവിച്ച വീഴ്ചകളാണ് പതനത്തിലേക്കു വഴിയൊരുക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

വെള്ളാപ്പള്ളി നടേശനെ പോലൊരാള്‍ കേരളത്തിന്റെ മതേതര ഘടനക്ക് ആഘാതമേല്‍പ്പിക്കുന്ന പ്രസ്താവന നിരന്തരം നടത്തിയപ്പോള്‍ അതിനെതിരെ സി പി എം സ്വീകരിക്കുമെന്നു പൊതു സമൂഹം കരുതിയ പ്രതികരണമല്ല പാര്‍ട്ടിയില്‍ നിന്നുണ്ടായത്. അത് മതേതര സമൂഹത്തെ സി പി എമ്മില്‍ നിന്ന് അകറ്റുന്നതില്‍ വലിയ പങ്കുവഹിച്ചു. ഇടതുപക്ഷം ഒരോ വിഷയത്തിലും സ്വീകരിക്കുമെന്നു പൊതു സമൂഹം കരുതിയ നിലപാടുകളല്ല സി പി എം വിവിധ വിഷയങ്ങളില്‍ സ്വീകരിച്ചത്. പി എം ശ്രീ പദ്ധതിയില്‍ മുന്നണിയെ പോലും അറിയിക്കാതെ ഒപ്പു വച്ചത് അടക്കം ഇടതുപക്ഷ മൂല്യങ്ങള്‍ കൈമോശം വന്ന നിരവധി സംഭവങ്ങളുണ്ടായി.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉത്തരവാദികളായ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ടി നോമിനികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതിരുന്നത് കേരളീയ സമൂഹത്തെ വെല്ലുവിളിക്കുന്ന നടപടിയായിരുന്നു.

ഭരണ നേട്ടങ്ങള്‍ മാത്രം പരിഗണിച്ചു ജനങ്ങള്‍ വോട്ടു ചെയ്യുമെന്ന ബോധമാണ് പാര്‍ട്ടിനേതൃത്വത്തെ നയിച്ചത്. ജനങ്ങള്‍ കൃത്യമായ രാഷ്ട്രീയ നിലപാടുകളെ വിലയിരുത്തിയാണ് വോട്ടുചെയ്യുന്നതെന്ന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പു ഫലത്തില്‍ വ്യക്തമായെങ്കിലും പാര്‍ട്ടി തിരുത്താന്‍ തയ്യാറായില്ല. പാര്‍ട്ടി നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ടു കണ്ണൂര്‍ ജില്ലയിലെ പ്രമുഖ നേതാക്കളും ആലപ്പുഴയില്‍ മുതിര്‍ന്ന നേതാവ് ജി സുധാകരനും അയിഷ പോറ്റിയുമെല്ലാം പുറത്തുപോയി സ്ഥാനാര്‍ഥികളായി മത്സരിച്ചത് സി പി എമ്മിന്റെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ ചോര്‍ച്ച പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കി.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ട്ടി വിട്ട് മത്സരിച്ച അഞ്ച് പേരും സി പി എമ്മിന് ഇരട്ട വെല്ലുവിളി ഉയര്‍ത്തി. അവരില്‍ മൂന്ന് പേരും ജയിച്ചു. പയ്യന്നൂരിലെ വിമതന്‍ വി കുഞ്ഞികൃഷ്ണനും തളിപ്പറമ്പിലെ വിമതന്‍ ടി കെ ഗോവിന്ദനും അമ്പലപ്പുഴയിലെ വിമതന്‍ ജി സുധാകരനും വന്‍ വിജയമാണ് നേടിയത്. കൊട്ടാരക്കരയില്‍ ഐഷ പോറ്റി അതിശക്തമായ മത്സരം കാഴ്ചവെച്ചപ്പോള്‍ ഒറ്റപ്പാലത്ത് പി കെ ശശിയും പാര്‍ട്ടിക്ക് ആഘാതമുണ്ടാക്കി.

പയ്യന്നൂരില്‍ കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകന്‍ ധനരാജിന്റെ രക്തസാക്ഷി കുടുംബ സഹായ ഫണ്ട് മുക്കി എന്ന ആരോപണം ഉന്നയിച്ച് രംഗത്തുവന്ന കുഞ്ഞികൃഷ്ണനു പാര്‍ട്ടി കേന്ദ്രത്തില്‍ ജനങ്ങളുടെ പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞു. പയ്യന്നൂരിലെ സിറ്റിങ് എം എല്‍ എ ടി ഐ മധുസൂദനന് എതിരെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. പൊതു സമൂഹത്തെ വെല്ലുവിളിച്ച് അദ്ദേഹത്തെ തന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കി. പിരിച്ച കാശിന്റെ കണക്ക് പറയാന്‍ വിസമ്മതിച്ചതോടെ പാര്‍ട്ടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഫലം വന്നപ്പോള്‍ 7,487 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയുടെ അസ്ഥിത്വത്തെയാണ് ചോദ്യം ചെയ്യുന്നത്. 40,000 വോട്ട് ഭൂരിപക്ഷത്തില്‍ സി പി എം വിജയിക്കുന്ന മണ്ഡലത്തിലാണ് അദ്ദേഹം ആഘാതമേല്‍പ്പിച്ചത്.

തളിപ്പറമ്പില്‍ സി പി എം സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദനെ പ്രകോപിപ്പിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമാണെന്നും സ്വജന പക്ഷപാതമാണെന്നുമുള്ള ടികെ ഗോവിന്ദന്റെ ആരോപണം പാര്‍ട്ടിക്കു പിന്നില്‍ അണിനിരന്ന ജനങ്ങള്‍ അംഗീകരിച്ചു. മണ്ഡലം കമ്മിറ്റി യോഗത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടും സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. അദ്ദേഹം മത്സര രംഗത്തിറങ്ങിയപ്പോള്‍ പാര്‍ട്ടി പാര്‍ലിമെന്ററി വ്യാമോഹമെന്ന ആരോപണം ഉന്നയിച്ച് നേരിടാനാണു ശ്രമിച്ചതെങ്കിലും ഏശിയില്ല. 13,000ത്തിലേറെ ഭൂരിപക്ഷത്തിലാണ് ടി കെ ഗോവിന്ദന്‍ ജയം ഉറപ്പിച്ചത്.

സഹോദരന്റെ രക്തസാക്ഷിത്വത്തിന്റെ പാരമ്പര്യമുള്ള മുതിര്‍ന്ന നേതാവായിരുന്ന ജി സുധാകരന്‍ പാര്‍ട്ടി വിടുന്നതിനു മുമ്പു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി നിലപാടിലെ പിശകുകള്‍ അക്കമിട്ടു നിരത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയ്യാറായപ്പോഴൊന്നും സി പി എം നേതൃത്വം അവഗണിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പാര്‍ട്ടി അംഗത്വം പുതുക്കാതെ അദ്ദേഹം മാറിനിന്നപ്പോഴും പോയാല്‍ പോകട്ടെ എന്ന നിലപാടിലായിരുന്നു പാര്‍ട്ടി. ഒടുവില്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ജി സുധാകരന്‍ പിന്മാറിയില്ല. തന്റെ ജനപിന്തുണ ആലപ്പുഴയിലെ നേതാക്കളെ മനസിലാക്കി കൊടുക്കാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം. ഒടുവില്‍ വര്‍ഗ വഞ്ചകന്‍ എന്ന് ആക്ഷേപിച്ച് അവഗണിക്കാനായിരുന്നു സി പി എം ശ്രമിച്ചത്. എന്നാല്‍ സിറ്റിങ് എം എല്‍ എ എച്ച് സലാമിനെ ജനം കൈവിടുന്നതാണ് ഫലം വന്നപ്പോള്‍ കണ്ടത്. 23,814 വോട്ട് ഭൂരിപക്ഷത്തിലാണ് അമ്പലപ്പുഴയില്‍ സുധാകരന്‍ വിജയിച്ചത്.

സി പി എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയ പി കെ ശശിയുടെ കാര്യത്തിലും പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. സി പി എമ്മിന്റെ ശക്തികേന്ദ്രമായ ഒറ്റപ്പാലത്ത് പി കെ ശശിക്കു വിജയിക്കാനായില്ലെങ്കിലും പാര്‍ട്ടിയില്‍ നിന്നു പലരും അകന്നു പോവുകയാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശശിയുടെ പോക്കും വഴിയൊരുക്കി.

കൊട്ടാരക്കരയില്‍ മുന്‍പ് കെ ബാലകൃഷ്ണപിള്ളയെ മലര്‍ത്തിയടിച്ച ചരിത്രമുള്ള ഐഷ പോറ്റിയും ആസൂത്രിതമായി തന്നെ അവഗണിക്കുന്നതായി ആരോപിച്ചാണ് പാര്‍ട്ടി വിട്ടത്. പൊതരംഗത്ത് നിന്ന് മാറിനിന്ന അവര്‍ ഈ പാര്‍ട്ടിക്കെതിരെ മത്സര രംഗത്തിറങ്ങിയപ്പോള്‍ അതും സി പി എമ്മിനു രാഷ്ട്രീയമായ തിരിച്ചടി നല്‍കി. മണ്ഡലത്തില്‍ 1072 വോട്ടിന്റെ നിറംമങ്ങിയ വിജയമാണ് ധനമന്ത്രി കൂടിയായിരുന്ന കെ എന്‍ ബാലഗോപാലിന് നേടാനായത്.

വി എസ് അച്യുതാനന്ദന്റെ സന്തത സഹചാരിയായിരുന്ന സുരേഷിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച പാര്‍ട്ടി പിന്നീട് സുരേഷിനു പാര്‍ട്ടിയില്‍ തിരിച്ചെത്താന്‍ അവസരം കൊടുത്തില്ല. അതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട സുരേഷും മത്സര രംഗത്തുണ്ടായി. ഇതും സി പി എമ്മിനെതിരായ പൊതുവികാരത്തിനു കാരണമായി. നേരത്തെ ഇടതുപക്ഷത്തിന്റെ കടന്നല്‍ രാജാവായി അറിയപ്പെട്ടിരുന്ന പി വി അന്‍വര്‍ ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിക്ക് അനഭിമതനാവുകയും പുറത്തുപോവുകയും ചെയ്തതും പാര്‍ട്ടിക്കു വലിയ തലവേദനയായി. പുറത്തുപോയ അന്നുമുതല്‍ എല്ലാ അര്‍ഥത്തിലും പാര്‍ട്ടിക്കെതിരെ തിരിഞ്ഞ അന്‍വര്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ പരാജയം ഉറപ്പാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. ഭരണത്തുടര്‍ച്ചയില്‍ രാഷ്ട്രീയം കൈവിട്ടതിന്റെ ദുരന്തമാണ് പാര്‍ട്ടിക്കു ലഭിച്ച തിരിച്ചടി എന്നാണു വിലയിരുത്തപ്പെടുന്നത്.

Content Highlights:
The Left Democratic Front faced a severe blow in the Kerala Assembly elections due to internal conflicts and the rise of party rebels. Prominent leaders like G Sudhakaran, V Kunhikrishnan, and TK Govindan secured significant victories after leaving the party, highlighting a shift in public trust. The analysis suggests that the CPM’s departure from traditional leftist values and its handling of communal issues contributed to this electoral downfall.

Latest