From the print
വന്‍ വീഴ്ചയില്‍ മമതയും സ്റ്റാലിനും
തൃണമൂല്‍ കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച്, ബി ജെ പിയുടെ സുവേന്ദു അധികാരിയോടാണ് മമത പരാജയപ്പെട്ടത്. ഒരുകാലത്ത് സ്റ്റാലിന്റെ അടുത്തയാളായിരുന്ന, ടി വി കെ സ്ഥാനാര്‍ഥി വി എസ് ബാബുവാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.
കൊല്‍ക്കത്ത/ചെന്നൈ | മുഖ്യമന്ത്രിമാരായ പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജിക്കും തമിഴ്‌നാട്ടിലെ എം കെ സ്റ്റാലിനും പരാജയം. തൃണമൂല്‍ കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച്, ബി ജെ പിയുടെ സുവേന്ദു അധികാരിയോടാണ് മമത പരാജയപ്പെട്ടത്. അഞ്ച് വര്‍ഷം മുമ്പ് നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയ സുവേന്ദു, ആ ചരിത്രം ഭവാനിപൂരിലും ആവര്‍ത്തിച്ചു. തന്റെ മുന്‍ നേതാവായ മമതയെ അവരുടെ സുരക്ഷിത താവളത്തില്‍ ചെന്നാണ് സുവേന്ദു കീഴടക്കിയത്. മമതയുടെ പരാജയം തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഇരട്ടി പ്രഹരമായി.
മമതാ ബാനര്‍ജി താമസിക്കുന്ന കാളിഘട്ട് ഉള്‍പ്പെടുന്ന ഭവാനിപൂര്‍, അവരുടെ രാഷ്ട്രീയ ജീവിതം പടുത്തുയര്‍ത്തിയ മണ്ണാണ്. ഭവാനിപൂരിന് പുറമേ നന്ദിഗ്രാമിലും സുവേന്ദു അധികാരി വിജയിച്ചു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന തമിഴ്‌നാട്ടിലെ നാലാമത്തെ സിറ്റിംഗ് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ മാറി. കൊളത്തൂര്‍ മണ്ഡലത്തിലാണ് സ്റ്റാലിന്‍ പരാജയം രുചിച്ചത്. 2011 മുതല്‍ അദ്ദേഹം മൂന്ന് തവണ പ്രതിനിധാനം ചെയ്ത മണ്ഡലമാണിത്. ഒരുകാലത്ത് സ്റ്റാലിന്റെ അടുത്തയാളായിരുന്ന, ടി വി കെ സ്ഥാനാര്‍ഥി വി എസ് ബാബുവാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. ഡി എം കെയുടെ നോര്‍ത്ത് ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്നു ബാബു. 2006ല്‍ പുരസവാക്കം മണ്ഡലത്തില്‍ നിന്ന് ബാബു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എ ഐ എ ഡി എം കെ നേതാവായിരുന്ന പി കെ ശേഖര്‍ ബാബു ഡി എം കെയിലെത്തിയതോടെയാണ് ബാബുവിന്റെ സ്ഥാനം നഷ്ടപ്പെട്ടുതുടങ്ങിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട ശേഷം ബാബു അണ്ണാ ഡി എം കെയില്‍ ചേര്‍ന്നു. ഈ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം ടി വി കെയില്‍ ചേരുകയും കൊളത്തൂര്‍ ടിക്കറ്റ് നേടുകയുമായിരുന്നു.
പി എസ് കുമാരസ്വാമി രാജ, എം ഭക്തവത്സലം, ജയലളിത എന്നിവരാണ് തമിഴ്നാട്ടില്‍ പരാജയം ഏറ്റുവാങ്ങിയ മറ്റ് സിറ്റിംഗ് മുഖ്യമന്ത്രിമാര്‍. കെ കാമരാജും പരാജയപ്പെട്ടിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അദ്ദേഹം പദവിയിലുണ്ടായിരുന്നില്ല.
ബംഗാളില്‍ കോണ്‍ഗ്രസ്സിന് രണ്ട്, സി പി എമ്മിന് ഒന്ന്
ന്യൂഡല്‍ഹി | പശ്ചിമ ബംഗാളില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തിനിടയിലും കോണ്‍ഗ്രസ്സിന് രണ്ടും സി പി എമ്മിന് ഒന്നും സീറ്റ് നേടാനായി.
കോണ്‍ഗ്രസ്സിന്റെ മുതാബ് ശേഖ് ഫറഖ മണ്ഡലത്തില്‍ 8,193 വോട്ടിനും സുല്‍ഫിക്കര്‍ അലി 2,701 വോട്ടിന് റാണിനഗറില്‍ നിന്നുമാണ് ജയിച്ചത്. ഡോംകല്‍ മണ്ഡലത്തിലാണ് സി പി എമ്മിന്റെ ജയം. മുസ്തഫിസുര്‍റഹ്മാന്‍ 16,204 വോട്ടിനാണ് വിജയിച്ചത്.
സി പി എം സഖ്യ കക്ഷിയായ ആള്‍ ഇന്ത്യ സെക്കുലര്‍ ഫ്രണ്ട് ഭംഗര്‍ മണ്ഡലത്തിലും വിജയിച്ചു.
കഴിഞ്ഞ തവണ സഖ്യമായി മത്സരിച്ചപ്പോള്‍ സി പി എമ്മിന് ഒരു സീറ്റും ലഭിച്ചിരുന്നില്ല. സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ്സിന് ഒരു സീറ്റ് ലഭിക്കുകയും ചെയ്തിരുന്നു.



