From the print
ഹാട്രിക് അസം; മൂന്നാം തവണയും ബി ജെ പി സര്‍ക്കാര്‍
അസമില്‍ വികസന അജന്‍ഡയും അസ്തിത്വ രാഷ്ട്രീയവും മുന്‍നിര്‍ത്തിയായിരുന്നു ബി ജെ പിയുടെ പ്രചാരണം. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ എന്‍ ഡി എക്ക് ഭരണത്തുടര്‍ച്ച.
ഗുവാഹത്തി | അസമില്‍ നിലനില്‍ക്കുന്നുവെന്ന് പറയപ്പെട്ടിരുന്ന ഭരണവിരുദ്ധ വികാരം വെറും മിഥ്യയാണെന്ന് തെളിയിച്ച്, ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം നിലനിര്‍ത്തി. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചണിനിരന്ന് ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ ശ്രമിച്ചെങ്കിലും, എന്‍ ഡി എയുടെ മുന്നേറ്റത്തിന് മുന്നില്‍ നിഷ്പ്രഭരായി.
അഞ്ച് വര്‍ഷമായി കൃത്യമായ ആസൂത്രണത്തോടെയാണ് ബി ജെ പി തിരഞ്ഞെടുപ്പ് നേരിട്ടത്. നേതാക്കളുടെ കൂടുമാറ്റം കാരണം ദുര്‍ബലമായ കോണ്‍ഗ്രസ്സിനാകട്ടെ, തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മുമ്പ് മാത്രമാണ് ഒരു പ്രതിപക്ഷ സഖ്യത്തിന് അന്തിമരൂപം നല്‍കാന്‍ സാധിച്ചത്. വികസന അജന്‍ഡയും അസ്തിത്വ രാഷ്ട്രീയവും മുന്‍നിര്‍ത്തിയായിരുന്നു ബി ജെ പിയുടെ പ്രചാരണം. ബി ജെ പി പരാജയപ്പെട്ടാല്‍, രാഷ്ട്രീയമായും ഭൂമി കൈയേറ്റത്തിലൂടെയും ‘മിയകള്‍’ (ബംഗാളി സംസാരിക്കുന്ന മുസ്ലിംകള്‍) വീണ്ടും ആധിപത്യം സ്ഥാപിക്കുമെന്നായിരുന്നു വോട്ടര്‍മാര്‍ക്ക് അവരുടെ മുന്നറിയിപ്പ്. ഇതുവഴി ഭൂരിപക്ഷ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ ബി ജെ പി വിജയിച്ചു.
മിയാ വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് ആളുകളെയാണ് ബി ജെ പി സര്‍ക്കാര്‍ ഒഴിപ്പിച്ചത്. ഇവരില്‍ നിന്ന് ഏകദേശം 93,620 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും സത്രങ്ങളുടെ ഭൂമിയും തിരിച്ചുപിടിച്ചു. സംസ്ഥാന ജനസംഖ്യയുടെ 33 ശതമാനം വരുന്ന മുസ്ലിംകളുടെ വോട്ടിനെ കുറിച്ച് ആശങ്കപ്പെടാതെ, മിയാ വിഭാഗത്തെ കേന്ദ്രീകരിച്ചായിരുന്നു അഞ്ച് വര്‍ഷത്തെ ഹിമന്ത ബിശ്വ ശര്‍മയുടെ രാഷ്ട്രീയം. ‘ഞാന്‍ മുഖ്യമന്ത്രിയായിരിക്കുന്‌പോള്‍ മിയകള്‍ക്ക് സമാധാനമായി കഴിയാനാകില്ല. മിയാ കുടിയേറ്റക്കാരെ വേട്ടയാടുകയെന്നതാണ് എന്റെ ജോലി’ എന്ന പ്രകോപനപരമായ പ്രസ്താവന പോലും ഹിമന്ത ഒരുഘട്ടത്തില്‍ നടത്തിയിരുന്നു. ധുബ്രി, ബാര്‍പേട്ട, ദരാംഗ്, മോറിഗാവ്, ബോംഗായ്ഗാവ്, നാഗാവ്, ഗോള്‍പാറ എന്നീ ജില്ലകള്‍ കുടിയേറ്റക്കാരുടെ ഭൂരിപക്ഷ പ്രദേശങ്ങളായി മാറിയെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന. ബി ജെ പി അധികാരം നിലനിര്‍ത്തിയാല്‍, മുന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ സാധാരണവത്കരിച്ച കുടിയേറ്റക്കാരെ പുറത്താക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇത്തരം തീവ്രനിലപാടുകള്‍ ഹൈന്ദവ വോട്ടുകള്‍ പാര്‍ട്ടിക്ക് അനുകൂലമായി ഏകീകരിക്കുന്നതിന് സഹായിച്ചു.
പ്രതിപക്ഷം സഖ്യം രൂപവത്കരിച്ചെങ്കിലും ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നേടിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഹിമന്ത ബിശ്വ ശര്‍മക്കെതിരെയുള്ള അഴിമതി ആരോപണങ്ങളും കഴിഞ്ഞ വര്‍ഷം സിംഗപ്പൂരില്‍ വെച്ചുണ്ടായ പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ ദുരൂഹ മരണവും ഉയര്‍ത്തിക്കാട്ടി ഭരണവിരുദ്ധ വികാരമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിച്ചു. അധികാരത്തില്‍ വന്നാല്‍ നൂറ് ദിവസത്തിനുള്ളില്‍ ഗാര്‍ഗിന്റെ മരണത്തില്‍ നീതി ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ്സ് വാഗ്ദാനം ചെയ്‌തെങ്കിലും വോട്ടര്‍മാരെ സ്വാധീനിച്ചില്ല. നേതാക്കളുടെ തുടര്‍ച്ചയായ കൂടുമാറ്റം കോണ്‍ഗ്രസ്സിനെ നിര്‍ജീവമാക്കിയിരുന്നു. ജോര്‍ഹട്ട് എം പി ഗൗരവ് ഗൊഗോയിക്ക് മാത്രമാണ് സംസ്ഥാനത്തുടനീളം സ്വാധീനമുള്ളത്. 2016 മുതല്‍ അസമില്‍ ഒരു തിരഞ്ഞെടുപ്പ് പോലും വിജയിക്കാന്‍ കോണ്‍ഗ്രസ്സിനായിട്ടില്ല.
പുതുച്ചേരിയില്‍ ഭരണത്തുടര്‍ച്ച
പുതുച്ചേരി | കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ എന്‍ ഡി എക്ക് ഭരണത്തുടര്‍ച്ച. 30 അംഗ നിയമസഭയിലെ കേവല ഭൂരിപക്ഷമായ 18 സീറ്റുകളില്‍ വിജയമുറപ്പിച്ചാണ് എന്‍ ഡി എ ഭരണത്തുടര്‍ച്ച നേടുന്നത്. എന്‍ ഡി എയിലെ മുഖ്യകക്ഷിയായ ആള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ്സ് 12 സീറ്റുകളില്‍ വിജയിച്ചു. ബി ജെ പിക്ക് നാല് സീറ്റുണ്ട്. എ ഐ എ ഡി എം കെ ഒരു സീറ്റ് നേടി. എന്‍ ഡി എയിലെ പുതിയ കക്ഷിയായ ലച്ചിയ ജനനായക കക്ഷി (എല്‍ ജെ കെ) ഒരു സീറ്റില്‍ വിജയിച്ചിട്ടുണ്ട്. ‘ലോട്ടറി രാജാവ്’ സാന്റിയാഗോ മാര്‍ട്ടിന്റെ മകന്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ രൂപവത്കരിച്ച പാര്‍ട്ടിയാണ് എല്‍ ജെ കെ. എ ഐ എന്‍ ആര്‍ സി സ്ഥാപകനും മുഖ്യമന്ത്രിയുമായ എന്‍ രംഗസ്വാമി, തട്ടാഞ്ചാവടി മണ്ഡലത്തില്‍ വിജയിച്ചു.
നടന്‍ വിജയ്യുടെ ടി വി കെ പുതുച്ചേരിയില്‍ അക്കൗണ്ട് തുറന്നു. രണ്ട് സീറ്റിലാണ് അവര്‍ വിജയിച്ചത്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. കതിര്‍കാമം, നെടുങ്കാട്, മാഹി എന്നിവിടങ്ങളിലാണ് സ്വതന്ത്രര്‍ ജയിച്ചത്. ഇതില്‍ മാഹിയിലെ സ്ഥാനാര്‍ഥിയായ അഡ്വ. ടി അശോക് കുമാര്‍ എല്‍ ഡി എഫ് സ്വതന്ത്രനാണ്. കോണ്‍ഗ്രസ്സ്- ഡി എം കെ സഖ്യം ആറ് സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണ ഒമ്പത് സീറ്റുണ്ടായിരുന്നു.



