Connect with us

Kerala

തുടര്‍ തിരഞ്ഞെടുപ്പുകളില്‍ കരുത്ത് നിലനിര്‍ത്താനായില്ല; തൃശൂരില്‍ കിതച്ച് ബി ജെ പി

കഴിഞ്ഞ വര്‍ഷം അവസാനം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഇപ്പോള്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബി ജെ പിയുടെ നിഴല്‍ മാത്രമാണ് കാണാനാകുന്നത്.

Published

|

Last Updated

തൃശൂര്‍ | 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഞെട്ടിക്കുന്ന വിജയം നേടിയ ബി ജെ പി തുടര്‍ തിരഞ്ഞെടുപ്പുകളില്‍ കരുത്ത് നിലനിര്‍ത്താനാകാതെ പതറുന്നു. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഇപ്പോള്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബി ജെ പിയുടെ നിഴല്‍ മാത്രമാണ് കാണാനാകുന്നത്.

സുരേഷ് ഗോപി വിജയിച്ച ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴ് നിയമസഭാ മണ്ഡലത്തില്‍ ആറിലും സുരേഷ് ഗോപിയാണ് ലീഡ് നേടിയത്. ഇതോടെ ബി ജെ പിയുടെ പാര്‍ലിമെന്ററി പ്രതീക്ഷകളും വാനോളമായിരുന്നു. മണലൂര്‍, നാട്ടിക, ഒല്ലൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട്, തൃശൂര്‍ മണ്ഡലങ്ങളിലാണ് ബി ജെ പി ഒന്നാം സ്ഥാനത്തെത്തിയത്. ഗുരുവായൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. ജില്ലയില്‍ തൃശൂര്‍, നാട്ടിക, മണലൂര്‍ മണ്ഡലങ്ങളെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയില്‍ പാര്‍ട്ടി ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതില്‍ തന്നെ തൃശൂര്‍ മണ്ഡലത്തിലാണ് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചത്. എന്നാല്‍, ബി ജെ പിയുടെ ലോക്സഭാ വിജയത്തെ താത്കാലിക പ്രതിഭാസം എന്നാണ് യു ഡി എഫും എല്‍ ഡി എഫും വിശേഷിപ്പിച്ചിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷനില്‍ കാര്യമായി തിളങ്ങാന്‍ ബി ജെ പിക്കായിരുന്നില്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി ജെ പിയിലെത്തിയ പത്മജയെ നിയമസഭയിലേക്ക് മത്സരിപ്പിച്ചത് കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി ലക്ഷ്യം വെച്ചായിരുന്നു. എന്നാല്‍, രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ലെന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ തുടര്‍ച്ചയായി മൂന്നാം പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെ പത്മജയും നിരാശയിലാണെന്നാണ് സൂചന. പ്രധാനമന്ത്രി തൃശൂരില്‍ റോഡ് ഷോ നടത്തിയതും പാര്‍ട്ടിക്ക് ഗുണകരമായില്ല. ഗുരുവായൂരില്‍ ബി ഗോപാലകൃഷ്ണന്‍ തരക്കേടില്ലാത്ത പ്രകടനം നടത്തി. 28,947 വോട്ടുകളാണ് അദ്ദേഹം നേടിയത്.

 

 

---- facebook comment plugin here -----

Latest