Kerala
വിസ തട്ടിപ്പ്; കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമ അറസ്റ്റില്‍
പ്രതിക്കെതിരെ കല്‍പ്പറ്റയിലും കേസ്.
തിരുവല്ല | ഫിന്‍ലാന്റില്‍ തൊഴില്‍വിസ ശരിയാക്കി നല്‍കാമെന്നു പറഞ്ഞ് പണം തട്ടിയെടുത്ത കേസില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഉടമ അറസ്റ്റില്‍. തിരുവല്ലയിലെ ഫൈവ് ലാന്‍ഡ് മെന്‍ പവര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഉടമ കുറ്റൂര്‍ തൈമറവന്‍കര സ്വദേശി പനക്കശ്ശേരില്‍ വീട്ടില്‍ കുര്യന്‍ അലക്സാണ്ടര്‍ (52) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം സ്വദേശിയില്‍ നിന്നും പല തവണകളിലായി തൊഴില്‍വിസ വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. 2025 ഏപ്രിലില്‍ പ്രതിക്കെതിരെ തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതി സമീപ ജില്ലകളിലും എറണാകുളത്തുമായി മാറി മാറി താമസിച്ചുവരികയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ തിരുവല്ല എസ് എച്ച് ഒ. കെ എസ് സുജിത്തിന്റെ നേതൃത്വത്തില്‍ എസ് ഐ. ഷിറാസ്, എസ് സി പി ഒമാരായ നാദിര്‍ഷ, അഖിലേഷ്, സി പി ഒമാരായ അവിനാഷ്, ടോജോ തോമസ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലും വഞ്ചനാക്കേസ് നിലവിലുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.




