Connect with us

Kerala

ജോജു ജോസഫിനെതിരായ അക്രമം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ് റദ്ദാക്കാനാകില്ല: ഹൈക്കോടതി

പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനില്‍ക്കും.. അതേസമയം, ദേഹോപദ്രവം ഏല്‍പ്പിച്ചു, അസഭ്യവര്‍ഷം നടത്തി എന്നീ കുറ്റങ്ങള്‍ കോടതി റദ്ദാക്കി.

Published

|

Last Updated

കൊച്ചി | കോണ്‍ഗ്രസ് റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് നടന്‍ ജോജു ജോസഫ് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്‍ വ്യക്തമാക്കി. അതേസമയം, ദേഹോപദ്രവം ഏല്‍പ്പിച്ചു, അസഭ്യവര്‍ഷം നടത്തി എന്നീ കുറ്റങ്ങള്‍ കോടതി റദ്ദാക്കി. കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നും കേസ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വ്യക്തമാക്കി ജോജു സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഹരജിക്കാരന്‍ വ്യക്തിപരമായ പരാതി പിന്‍വലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മേയര്‍ ടോണി ചമ്മണിയടക്കമുള്ള പ്രതികളായ എട്ട് കോണ്‍ഗ്രസ് നേതാക്കളാണ് കോടതിയെ സമീപിച്ചത്.

2021 നവംബര്‍ ഒന്നിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധ സമരവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുണ്ടായത്. വൈറ്റില ഫ്‌ളൈഓവറിന് സമീപം വഴിയില്‍ കുടുങ്ങിയ ജോജു പൊതു ജനങ്ങളുടെ വഴി തടസ്സപ്പെടുത്തിയുള്ള സമരത്തിനെതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ജോജുവിനെ ആക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.