Connect with us

Kerala

പുതിയ കാലത്തെ ഭീഷണികളെ കണ്ട് ഭയപ്പെടുകയല്ല, അതിജീവിക്കുകയാണ് ഇസ്ലാമിന്റെ പാരമ്പര്യം: വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി

ഗുരുമുഖത്തുനിന്നുള്ള അടിസ്ഥാന ജ്ഞാനത്തില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള ആധുനിക സാങ്കേതിക വിദ്യകളെ ജീവിതത്തിന് ആവശ്യമായ വിധത്തില്‍ ഉപയോഗപ്പെടുത്താനും കീഴടക്കാനും പഠിതാക്കള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

|

Last Updated

മഞ്ചേരി |  പുതിയ കാലത്തിന്റെ ഭീഷണികളെയും വെല്ലുവിളികളെയും കണ്ട് ഭയന്നോടുകയല്ല, മറിച്ച് അവയെ സൂക്ഷ്മമായി നിരീക്ഷിച്ച് അതിജീവിക്കാനുള്ള ശേഷി കൈവരിക്കുകയാണ് വേണ്ടതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി. മഞ്ഞപ്പറ്റ ഐ സി എസ് അക്കാദമിയില്‍ വെച്ച് നടന്ന ജാമിഅത്തുല്‍ ഹിന്ദ് മഞ്ചേരി ദാഇറ മഹ്‌റജാന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കാലം നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണ്. മുസ്ലിം ഉമ്മത്തിനും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും നേരെ ഏതെല്ലാം വഴികളിലൂടെയാണ് ഭീഷണികള്‍ ഉയരുന്നത് എന്ന് കൃത്യമായി പഠിക്കുകയും നിരീക്ഷിക്കുകയും വേണം. ആ വെല്ലുവിളികളെ സമര്‍ത്ഥമായി മറികടക്കാനും അതിജീവിക്കാനും ആവശ്യമായ കഴിവുകള്‍ സ്വയം ആര്‍ജ്ജിച്ചെടുത്ത് മുന്നോട്ടുപോകാന്‍ പുതിയ തലമുറയ്ക്ക് സാധിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേവലം വ്യക്തിഗത നേട്ടങ്ങള്‍ക്ക് അപ്പുറം, തങ്ങള്‍ ആര്‍ജ്ജിക്കുന്ന അറിവുകള്‍ ചുറ്റുമുള്ള മുഴുവന്‍ മനുഷ്യരിലേക്കും സമൂഹത്തിലേക്കും പകര്‍ന്നുനല്‍കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. സമന്വയ വിദ്യാഭ്യാസത്തിലൂടെ ഉന്നത ബിരുദങ്ങളും വിജ്ഞാനവും നേടുന്നതോടൊപ്പം ദീനിനും സമൂഹത്തിനും വേണ്ടി അവ ക്രിയാത്മകമായി വിനിയോഗിക്കാന്‍ സാധിക്കണം. ഗുരുമുഖത്തുനിന്നുള്ള അടിസ്ഥാന ജ്ഞാനത്തില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള ആധുനിക സാങ്കേതിക വിദ്യകളെ ജീവിതത്തിന് ആവശ്യമായ വിധത്തില്‍ ഉപയോഗപ്പെടുത്താനും കീഴടക്കാനും പഠിതാക്കള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ വിഷയങ്ങളിലും ഭാഷകളിലുമായി നടക്കുന്ന മത്സരങ്ങളില്‍ പങ്കാളികളാകുന്ന വിദ്യാര്‍ത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു.

സയ്യിദ് ശഫീഖ് ബുഖാരി, അബ്ദുല്‍ ഖാദര്‍ അഹ്‌സനി ചാപ്പനങ്ങാടി, ലത്തീഫ് സഖാഫി പാണ്ടിക്കാട്, മമ്മു ഹാജി, അസൈനാര്‍ സഖാഫി കുട്ടശ്ശേരി, ബഷീര്‍ സഖാഫി കാരക്കുന്ന്, സഹല്‍ സിദ്ദീഖി തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: Kerala Muslim Jamaat state secretary Vandoor Abdurahman Faizy urged youth to observe and overcome modern challenges rather than fear them while inaugurating Jamiathul Hind Manjeri Daira Mahrajan. He emphasized sharing knowledge with society, pursuing integrated education, and mastering technologies like artificial intelligence alongside traditional learning.

---- facebook comment plugin here -----

Latest